ഫിഫ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കായികലോകത്തെ സംഗീതസാന്ദ്രമാക്കി പ്രശസ്ത സോഷ്യൽ മീഡിയ താരം ഐഷോസ്പീഡിന്റെ പുതിയ മ്യൂസിക് ആൽബം പുറത്തിറങ്ങി.
ഷക്കീറയും ബേണ ബോയും ചേർന്ന് പാടിയ ഔദ്യോഗിക ലോകകപ്പ് ഗാനമായ 'ദായ് ദായ്' ഉണ്ടാക്കിയ വലിയ തരംഗത്തിന് തൊട്ടുപിന്നാലെയാണ്, 'വേൾഡ് കപ്പ് (ചാമ്പ്യൻസ്)' എന്ന പേരിൽ സ്പീഡ് തന്റെ ഫുട്ബോൾ ട്രാക്ക് റിലീസ് ചെയ്തത്.
ലോകകപ്പുമായി ബന്ധപ്പെടുത്തി താരം പുതിയൊരു പ്രൊജക്റ്റ് ചെയ്യുന്നുണ്ടെന്ന തരത്തിൽ ആഴ്ചകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾക്ക് ഇതോടെ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്.
യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ മ്യൂസിക് വീഡിയോ കണ്ടത്. തന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ പോർച്ചുഗൽ ജേഴ്സി ധരിച്ചാണ് സ്പീഡ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
പുതിയ ആൽബം പുറത്തിറങ്ങിയ വിവരം പങ്കുവെച്ചുകൊണ്ട് താരം തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച ചെറിയ വീഡിയോ ക്ലിപ്പും ഇതിനകം തന്നെ 57 മില്യണിലധികം വ്യൂസ് നേടി സോഷ്യൽ മീഡിയയിൽ കൊടുങ്കറ്റായി മാറിയിട്ടുണ്ട്.
യൂട്യൂബിൽ മാത്രം അഞ്ചരക്കോടിയിലധികം സബ്സ്ക്രൈബേഴ്സുള്ള ഐഷോസ്പീഡിന്റെ ഈ പുതിയ ഗാനം വരുംദിവസങ്ങളിൽ കോടിക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡം ഇത്തവണ വേദിയാകുന്നത്. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന 2026-ലെ ലോകകപ്പ് മത്സരങ്ങൾക്ക് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.
ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ അസ്റ്റേക്ക സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. തുടർന്ന് ഒരു മാസം നീണ്ടുനിൽക്കുന്ന കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ, ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് പുതിയ ലോകരാജാക്കന്മാരെ നിർണയിക്കുന്ന ഫൈനൽ മത്സരം നടക്കും.
വിപുലീകരിച്ച പുതിയ ഫോർമാറ്റ് അനുസരിച്ച് ഗ്രൂപ്പ് ഘട്ടവും നോക്കൗട്ട് റൗണ്ടുകളുമടക്കം ആകെ 104 മത്സരങ്ങളാണ് ഇത്തവണ ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്.