കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങളും ആകർഷകമായ ഷോപ്പിംഗ് ഓഫറുകളും പാചക മത്സരങ്ങളും സമ്മാനങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് കുവൈറ്റിൽ തുടക്കം കുറിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ റായ് ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ സിനിമാ താരം നിഖില വിമൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈറ്റിന്റെ മാനേജ്മെന്റ് അംഗങ്ങളും മേള സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഏഴ് ദിവസങ്ങളിലായി കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും നടക്കുന്ന മേള ഭക്ഷണപ്രേമികൾക്കും കുടുംബങ്ങൾക്കും വേറിട്ട അനുഭവം സമ്മാനിക്കും.
പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഫ്രഷ്, ഫ്രോസൺ മാംസവിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങൾ, പാലുത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഭക്ഷ്യോത്പന്നങ്ങൾക്ക് പുറമെ സാങ്കേതികവിദ്യാ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ, വസ്ത്രങ്ങൾക്കായി 10 കുവൈറ്റ് ദിനാറിന് പർച്ചേസ് ചെയ്താൽ 10 ദിനാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഓഫർ, പ്രമുഖ പാദരക്ഷാ ബ്രാൻഡുകളുടെ പ്രത്യേക വിൽപ്പന, കുട്ടികൾക്കായി ടോയ് ഫെസ്റ്റ് എന്നിവയും മേളയുടെ ഭാഗമാണ്.
വൈവിധ്യമാർന്ന പാചക മത്സരങ്ങളാണ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. വീട്ടിൽ തയാറാക്കിയ വിഭവങ്ങൾ വിധികർത്താക്കളുടെ മുന്നിൽ അവതരിപ്പിക്കുന്ന ‘ടേസ്റ്റ് ആൻഡ് വിൻ’, കുട്ടികളിലെ പാചകപ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള ‘മാസ്റ്റർ ജൂനിയർ ഷെഫ്’, ‘പിസ ഡെക്കറേഷൻ’ എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നുണ്ട്.
എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകും. കുട്ടികൾക്കായുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.
വിവിധ രാജ്യങ്ങളിലെ ഭക്ഷണസംസ്കാരങ്ങളും രുചിവൈവിധ്യങ്ങളും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. ‘ഗ്ലോബൽ ഫുഡി’ വിഭാഗത്തിൽ അറബിക്, ഇന്ത്യൻ, കോണ്ടിനെന്റൽ, ഫിലിപ്പിനോ, തായ് തുടങ്ങിയ രാജ്യാന്തര വിഭവങ്ങൾ ലഭ്യമാകും.
ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്ന ‘ഹെൽത്തി ഈറ്റ്സ്’ വിഭാഗത്തിൽ സാലഡുകൾ, ചീസ്, ഒലീവ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.