ഒരു സ്ട്രോക്ക് (പക്ഷാഘാതം) ഒരാളുടെ ജീവിതത്തെ ഒരു നിമിഷംകൊണ്ടു മാറ്റിമറിച്ചേക്കാം. ഇന്നലെവരെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്തിരുന്ന ഒരാൾക്ക് ഇന്നു നടക്കാനും ഇരിക്കാനും എഴുന്നേൽക്കാനും കൈ ഉപയോഗിക്കാനും സംസാരിക്കാനുംപോലും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നേക്കാം.
ആദ്യഘട്ടത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ, ചികിത്സ മുന്നോട്ടു പോകുമ്പോൾ ചോദ്യം മാറണം: “എങ്ങനെ ഈ വ്യക്തിയെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം?” ഇവിടെയാണ് സ്ട്രോക്ക് റിഹാബിലിറ്റേഷന്റെയും ഫിസിയോതെറാപ്പി ഡോക്ടർമാരുടെയും പ്രാധാന്യം.
2026ലെ ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ പ്രമേയം ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയുടെ തടയൽ, പരിപാലനം, പുനരധിവാസം എന്നിവയിൽ ഫിസിയോതെറാപ്പിയുടെയും കായിക പ്രവർത്തനങ്ങളുടെയും പങ്ക് എന്നതാണ്.
ചികിത്സ അവസാനിക്കുന്നില്ല
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്കുണ്ടാകുന്നത്. തലച്ചോറിന്റെ ഏതു ഭാഗത്താണു തകരാർ സംഭവിക്കുന്നത് എന്നതനുസരിച്ച് ശരീരത്തിന്റെ ഒരു വശത്തു ബലക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട്, ബാലൻസ് നഷ്ടപ്പെടൽ, കൈകളുടെ പ്രവർത്തനക്കുറവ്, സംസാരിക്കാനും ആഹാരം വിഴുങ്ങാനും ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.
അടിയന്തര ചികിത്സയിലൂടെ ജീവൻ രക്ഷിക്കുക എന്നതാണ് ആദ്യപടി. നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ പരമാവധി വീണ്ടെടുക്കുക എന്നതാണ് അടുത്ത പ്രധാനഘട്ടം. അതാണ് സ്ട്രോക്ക് പുനരധിവാസം. കഴിയുന്നത്ര സ്വയം ഇരിക്കാനും നിൽക്കാനും നടക്കാനും വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും കുടുംബത്തോടും സമൂഹത്തോടും വീണ്ടും ഇടപഴകാനും കഴിയുന്ന അവസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയാണു യഥാർഥ ലക്ഷ്യം.
റീഹാബിലിറ്റേഷൻ വ്യായാമം മാത്രമല്ല
സ്ട്രോക്ക് റീഹാബിലിറ്റേഷൻ എന്നത് കുറച്ചു വ്യായാമങ്ങൾ ചെയ്യിക്കുന്നതിൽ ഒതുങ്ങുന്നില്ല. ഫിസിയോതെറപ്പി ഡോക്ടർമാർ ആദ്യം രോഗിയുടെ ശാരീരികവും പ്രവർത്തനപരവുമായ ശേഷി വിശദമായി വിലയിരുത്തുന്നു. ഓരോ രോഗിയുടെയും ലക്ഷ്യം വ്യത്യസ്തമാണ്. അതുകൊണ്ട് വ്യക്തിഗത ലക്ഷ്യങ്ങളോടെയുള്ള റീഹാബിലിറ്റേഷനാണ് ആധുനിക സമീപനം.
ന്യൂറോപ്ലാസ്റ്റിസിറ്റി
സ്ട്രോക്കിനുശേഷം ശേഷിക്കുന്ന ആരോഗ്യമുള്ള ഭാഗങ്ങൾക്കു ചില പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പുതിയ ന്യൂറൽ കണക്ഷൻസ് രൂപപ്പെടുത്താനും തലച്ചോറിനുള്ള കഴിവിനെയാണ് പൊതുവായി ന്യുറോപ്ലാസ്റ്റിസിറ്റി എന്നു വിളിക്കുന്നത്. ഇതു പ്രയോജനപ്പെടുത്തുന്നതിന് ആവർത്തിച്ചുള്ളതും ലക്ഷ്യബോധമുള്ളതും പ്രവർത്തനാധിഷ്ഠിതവുമായ പരിശീലനത്തിനു വലിയ പ്രാധാന്യമുണ്ട്. കൈ ഉപയോഗിച്ച് വസ്തു എടുക്കുക, കപ്പ് പിടിക്കുക, വസ്ത്രം ധരിക്കുക, നടക്കുക, തിരിയുക, പടികൾ കയറുക തുടങ്ങിയ യഥാർഥ ജീവിതപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശീലനത്തിനാണ് ഇന്ന് കൂടുതൽ പ്രാധാന്യം.