Special News
പുൽക്കൂട്-നക്ഷത്രം-കാരൾ രാത്രികളുടെയും വിഭവ സമൃദ്ധമായ പകലിന്റെയും ഓർമകളാണ് ഓരോ ക്രിസ്മസും. മറക്കാനാവാത്ത കുറെ ക്രിസ്മസ് ദിനങ്ങൾ ഉണ്ട്. ആദ്യമായി വൈനും പ്ലം കേക്കും ഒരു ഫുൾ കോഴ്സ് ക്രിസ്മസ് ഡിന്നറും തയാറാക്കിയ വർഷം, ലണ്ടൻ തെരുവുകളിൽ നടന്നുകണ്ട നിറങ്ങളുടെയും വർണങ്ങളുടെയും ആഘോഷം, മകനെ ഗർഭം ധരിച്ചിരിക്കുമ്പോഴുള്ള ഹൗസ് ഡെക്കറേഷനും കേക്ക് കട്ടിംഗും ഡ്രൈവും… അങ്ങനെ പിറകിലേക്കു പോയാൽ ക്രിസ്മസ് ഓർമകൾ തുടങ്ങുന്നത് ഞങ്ങൾ 'അങ്ങത്തെ വീടെ'ന്നു വിളിച്ചിരുന്ന അച്ഛന്റെ കുടുംബ വീട്ടിൽനിന്നാണ്. രണ്ടു വർഷക്കാലമേ അവിടെ താമസിച്ചിട്ടുള്ളൂ എങ്കിലും ഏറ്റവും കൂടുതൽ ബാല്യകാലസ്മരണകൾ ഉറങ്ങുന്നയിടമാണ്. വലിയ പറമ്പുകൾ, കളിക്കാൻ നിറയെ കൂട്ടുകാർ, അടുത്തൊരു റബർ തോട്ടം, പിന്നെയൊരു മൊട്ടക്കുന്ന്. അത് ഞങ്ങളുടെ സ്വർഗരാജ്യമായിരുന്നു!
ആ ക്രിസ്മസ് കാരൾ
അഞ്ചു ക്രിസ്ത്യൻ വീടുകളാൽ ചുറ്റപ്പെട്ട ഒരു ഹിന്ദു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് ക്രിസ്മസിനു പല സൈസ് വട്ടയപ്പവും പാലപ്പവും ഇറച്ചിക്കറികളും പ്ലം കേക്കും രാവിലെതന്നെ വീട്ടിലെത്തുമായിരുന്നു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു ക്രിസ്മസ് കൂടി ആഘോഷിച്ചിട്ടായിരുന്നു ഞങ്ങൾ എല്ലാ വർഷവും എവിടേക്കെങ്കിലും ടൂറു പോവുക. അതിന്റെ സന്തോഷം ഒരു വശത്ത്. എന്നാൽ, അതിലും ‘മെയിൻ’, പരീക്ഷ തീരുന്ന ദിവസം മുതൽ ഞങ്ങൾ കുട്ടികൾ ആരംഭിക്കുന്ന ഒരു കലാപരിപാടിയായിരുന്നു-ക്രിസ്മസ് കാരൾ!
ഏതെങ്കിലും ഒരാന്റിയുടെ ചുവന്ന നൈറ്റി സംഘടിപ്പിക്കുക. കൂട്ടത്തിലൊരുത്തനെ (മിക്കവാറും എന്റെ അനിയൻ) പിടിച്ച് ഈ നൈറ്റി ധരിപ്പിച്ച് വയറ്റിൽ തുണികൾ ഫിറ്റ് ചെയ്തു പത്തുരൂപയുടെ ക്രിസ്മസ് അപ്പൂപ്പൻ മുഖം മൂടി ധരിപ്പിച്ചു റെഡിയാക്കുക. ഒപ്പം നീളൻ കമ്പിൽ ഒരു ചെറിയ സ്റ്റാർ ഘടിപ്പിച്ചു കൈയിൽ കൊടുക്കുക. പിന്നീട് കൊട്ടും വെള്ളി വീണ പാട്ടുകളുമായി ഞങ്ങൾ കുട്ടികൾ വീടുകൾ കയറിയിറങ്ങുകയായി.
പൊട്ടാസ് പൊട്ടിക്കൽ
പാവം നാട്ടുകാർക്കു പ്രോത്സാഹിപ്പിച്ചേ പറ്റൂ. ഓരോ വീട്ടിൽനിന്നും രണ്ടും അഞ്ചും നാണയ തുട്ടുകളൊക്കെ തരും. രൂപ അൻപതിനടുത്തെത്തിയാൽ കാരൾ മഹാമഹം വൻ വിജയമായി പ്രഖ്യാപിച്ച് ഓരോരുത്തരും അവരുടെ പങ്കെടുത്ത് ഗിഫ്റ്റ് വാങ്ങും. എന്റെ അനിയനും കൂട്ടുകാരും സ്ഥിരം വാങ്ങീരുന്നത് പൊട്ടാസ് ആയിരുന്നു. അല്ലെങ്കിൽ മിട്ടായി. കൂട്ടത്തിലെ ഏക പെൺതരിയായ ഞാൻ സിപ്പപ്പിന്റെ ആളായിരുന്നു.
അവിടം വിട്ടതിനു ശേഷം സ്കൂളിലും കോളജിലും ഹോസ്റ്റലിലും ആഘോഷിച്ച ക്രിസ്മസുകളേ ഉണ്ടായിട്ടുള്ളൂ. കാർഡുകളും സമ്മാനങ്ങളും പരസ്പരം കൈമാറുന്നതിലൊതുങ്ങും അവ. ക്രിസ്മസ് ട്രീയൊക്കെ അലങ്കരിച്ച് സ്വന്തം നിലയിൽ ആഘോഷിക്കാൻ തുടങ്ങിയത് സ്വന്തമായി താമസിക്കാൻ തുടങ്ങിയതിനു ശേഷമാണ്. ഈ വർഷത്തെ ക്രിസ്മസിന്റെ പ്രത്യേകത എന്താണെന്നോ? എന്റെ കുഞ്ഞീശോ പിറന്നതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ്. അതുകൊണ്ട് ഈ വർഷം അവൻ "തൂക്കി'!.
NRI
ഡാളസ്: അമേരിക്കൻ മലയാളി സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനു ലാനയുടെ ആദരം. പതിറ്റാണ്ടുകളായി ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന അമേരിക്കൻ മലയാളി അബ്ദുൾ പുന്നയൂർക്കുളത്തിന്റെ സാഹിത്യസംഭാവനകളെ മാനിച്ച് അമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ആദരിച്ചു.
സഞ്ചരിക്കുന്ന ലൈബ്രറി എന്ന് അറിയപ്പെടുന്ന അബ്ദുൾ പുന്നയൂർക്കുളം, അമേരിക്കയിൽ നടക്കുന്ന ഒട്ടുമിക്ക സാഹിത്യ സമ്മേളനങ്ങളിലും അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തക ശേഖരവുമായി പോകാറുണ്ട്.
ഓരോ സമ്മേളനത്തിനും ഭാരമുള്ള ഈ പുസ്തകപെട്ടിയുമായി ഡിട്രോയ്റ്റിലിൽ നിന്നും യാത്ര ചെയ്യാൻ അദ്ദേഹത്തിന് മടിയില്ല. "എനിക്കു പ്രായമായി, ഇനിയും ആരെങ്കിലും ഏതു ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം" അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്.
സ്വയം ഏറ്റെടുത്ത ഈ അക്ഷരദൗത്യം സാഹിത്യലോകത്തെ ആദരത്തിനു അദ്ദേഹത്തെ അർഹനാക്കി. മറ്റുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാതെ താൻ എഴുതുന്നതുമാത്രം നിരന്തരം മുന്നോട്ടു പ്രതിഷ്ഠിക്കുന്ന എഴുത്തുകാരുടെ ലോകത്തു, സ്വന്തം കൃതികൾക്കൊപ്പം മറ്റുള്ള എല്ലാ എഴുത്തുകാരുടെയും കൃതികൾ താത്പര്യപൂർവം ചേർത്തുവയ്ക്കുകയും അതിനൊപ്പം നിൽക്കുകയും ചെയ്യുക എന്ന വിശാലത പുന്നയൂർക്കുളത്തിനുണ്ട് എന്നു ലാനയുടെ പ്രസിഡന്റ് ശങ്കർ മന പറഞ്ഞു.
ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ ഡാളസിൽ വച്ചു നടന്ന വാർഷിക സമ്മേളനത്തിൽ പുന്നയൂർക്കുളത്തിന്റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന പുതിയ നോവൽ പ്രകാശനം ചെയ്തു.
International
ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്.ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. ഡേവിഡ് സൊല്ലോയുടെ 'ഫ്ളെഷ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.
ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്‍പെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്കാരത്തുക.
കാനഡയില്‍ ജനിച്ച അദ്ദേഹം ലെബനന്, യുകെ, ഹംഗറി എന്നിവിടങ്ങളില്‍ ജീവിച്ച ശേഷം ഇപ്പോള്‍ വിയന്നയിലാണ് ഡേവിഡ് സൊല്ലോ താമസിക്കുന്നത്. 20-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം.
സൊല്ലോയുടെ ആദ്യ നോവലായ 'ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്' 2008-ല്‍ ബെറ്റി ട്രാസ്ക്, ജെഫ്രി ഫേബര്‍ മെമ്മോറിയല്‍ പുരസ്കാരങ്ങള്‍ നേടി. 'ഓള് ദാറ്റ് മാന്‍ ഈസ്' എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചു.
2016-ല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഡേവിഡ് സൊല്ലോ ഇടംനേടി. 2019-ല്‍ 'ടര്‍ബുലന്‍സ്' എന്ന ചെറുകഥാ സമാഹാരത്തിന് എഡ്ജ് ഹില്‍ പ്രൈസ് ലഭിച്ചു. 'ഫ്ലെഷ്' അദ്ദേഹത്തിന്റെ ആറാമത്തെ ഫിക്ഷന്‍ കൃതിയാണ്.