പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി സ്ഥാപനമായ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ഹോസ്പിറ്റൽ വളപ്പിൽ രോഗികളുടെ സുരക്ഷയെച്ചൊല്ലി വലിയ ചോദ്യങ്ങൾ ഉയർത്തുന്ന ദാരുണമായ ഒരു സംഭവം അരങ്ങേറി.
ഞായറാഴ്ച ആശുപത്രി വളപ്പിലൂടെ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് സ്ട്രെച്ചറോടെ ഒരു രോഗി പെട്ടെന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. വാഹനം നീങ്ങുന്നതിനിടെ വാതിൽ തനിയെ തുറന്നുപോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശവാസികളും രോഗികളുടെ ബന്ധുക്കളും ചേർന്ന് ആംബുലൻസ് തടഞ്ഞുനിർത്തുകയും ഡ്രൈവർക്കെതിരെയും ആശുപത്രി മാനേജ്മെന്റിനെതിരെയും രോഷാകുലരായി പ്രതിഷേധിക്കുകയും ചെയ്തു.
രോഗിയെ കൊണ്ടുപോകുമ്പോൾ വാതിൽ കൃത്യമായി ലോക്ക് ചെയ്തിരുന്നോ എന്നും ഒപ്പം കരുതലിനായി മെഡിക്കൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലേ എന്നും നാട്ടുകാർ ചോദ്യം ചെയ്തു.
സംഭവം അവിടെയുണ്ടായിരുന്നവർ മൊബൈൽ ക്യാമറകളിൽ പകർത്തിയതോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തിൽപ്പെട്ട രോഗിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ രോഗിയെ തിരികെ ആശുപത്രിയിലേക്ക് മാറ്റി തുടർചികിത്സ നൽകി. എന്നാൽ, രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
സംഭവസ്ഥലത്ത് പൊലിസും ഡ്രൈവറും പിന്നീട് എത്തിയെങ്കിലും, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആശുപത്രികളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
സംഭവത്തിൽ ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെയും നഗരസഭയുടെയും ഔദ്യോഗിക പ്രതികരണം ഇനിയും വരേണ്ടതുണ്ട്.