ഹൈദരാബാദ്: തെലുങ്കാനയിലെ ജഗ്തിയാലിൽ യൂട്യൂബറെ ഭർത്താവ് കുത്തിക്കൊന്നു. മൂന്ന് മാസം ഗർഭിണിയായ ചിത്താരി വൈഷ്ണവി (20) യെയാണ് ഭർത്താവ് ഗന്ധം ഹരി (24) കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. മാധാപൂരിലെ ചിത്താരിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്.
തലയിലും കഴുത്തിലും മാരകമായ കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ചു കിടന്ന ചിത്താരിയെ മാതാപിതാക്കളാണ് ആദ്യം കണ്ടത്. സ്ത്രീധനത്തിന്റെ പേരിൽ ഗന്ധം ചിത്താരിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
10 മാസം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ഗന്ധത്തിന്റെ മാതാപിതാക്കൾക്ക് വിവാഹത്തിന് താൽപര്യമില്ലാതിരുന്നതിനാൽ കുടുംബങ്ങൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് ചിത്താരി മാധാപൂരിൽ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
വിവരമറിഞ്ഞയുടനെ സ്ഥലത്തെത്തിയ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.