കൈപ്പുഴ: യുവാവ് തോട്ടിൽ ചാടി ജീവനൊടുക്കി. കൈപ്പുഴ പള്ളിക്കുന്ന് വീട്ടിൽ രതീഷ് രാധാകൃഷ്ണൻ (44) ആണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആർപ്പൂക്കര കുട്ടോമ്പുറം പാലത്തിൽനിന്ന് ഇയാൾ ആറ്റിൽ ചാടുകയായിരുന്നെന്ന് പറയപ്പെടുന്നു. കുട്ടോമ്പുറം പാലത്തിന് സമീപത്ത് സംശയാസ്പദമായ രീതിയിൽ ബാഗും ചെരിപ്പും കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനയെയും അറിയിക്കുകയായിരുന്നു.
തുടർന്ന് പാമ്പാടി യൂണിറ്റിലെ അഗ്നിരക്ഷാ സേനാ ഓഫിസറും ജില്ലാ സ്കൂബാ ടീം അംഗവുമായ ടി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണ്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് മേൽനടപടി സ്വീകരിച്ചു.