ലക്നോ: ഉത്തർപ്രദേശിൽ പുതിയതായി വാങ്ങിയ ഷൂസ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരൻ ഇളയ സഹോദരനെ കൊന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ ഗുഗ്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചൗമുഖ നൗക തോല ഗ്രാമത്തിലാണ് സംഭവം.
ഓൺലൈനായി വാങ്ങിയ ഷൂസ് ആരാണ് ആദ്യം ധരിക്കേണ്ടന്നതിനെ ചൊല്ലി സൂരജ് ശർമയും (16) ഇളയ സഹോദരൻ ലക്ഷ്മൺ ശർമയും (15) തമ്മിൽ തർക്കമുണ്ടായി. വഴക്ക് കൈയാങ്കളിയിൽ എത്തുകയും പ്രകോപിതനായ സൂരജ്, കത്രിക എടുത്ത് ലക്ഷ്മണിനെ ആക്രമിച്ചു. തലയിലും കൈകളിലും ഗുരുതര പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു.
കുടുംബാംഗങ്ങൾ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും മരണംസംഭവിച്ചു.
സംഭവത്തിൽ ഔദ്യോഗിക നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.