ആക്ടൻ: മസാച്യുസെറ്റ്സിലെ ആക്ടണിൽ അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 17കാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ ചുമത്തി. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. അന്വേഷണത്തിനിടെ, കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കൽപിക ആശയങ്ങളും സിദ്ധാന്തങ്ങളും ഇന്റർനെറ്റിലും ചാറ്റ് ജിപിടിയിലും ഇയാൾ തിരഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
മിഡിൽസെക്സ് ജില്ലാ അറ്റോർണി മാരിയൻ റയാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സുധ വെങ്കടേശനും (45) അവരുടെ 14-കാരനായ മകൻ സിദ്ധാർത്ഥ് അരവിന്ദും മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആക്ടണിലെ മാർത്ത ലെയ്നിലുള്ള വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ ഒന്നാം നിലയിൽ സിദ്ധാർത്ഥിനെയും ബേസ്മെന്റിൽ സുധയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവർക്കും ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് മെഡിക്കൽ എക്സാമിനറുടെ ഓഫിസിൽ നിന്ന് ലഭിക്കാനുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30ഓടെ, പതിവായി വീട്ടിലെത്തുന്ന ഒരു ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വീട്ടുടമ കൂടിയായ അർജുന്റെ പിതാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെൽഫെയർ ചെക്കിങ്ങിനായി എത്തിയ പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ സമയത്ത് അർജുൻ വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണത്തിൽ, മരിച്ച സുധയുടെ 2014 മോഡൽ പച്ച നിറത്തിലുള്ള ഹോണ്ട അക്കോർഡ് കാറും കാണാതായതായി വ്യക്തമായി.രാത്രിയിലുടനീളം നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച പുലർച്ചെ സമീപ നഗരമായ വേലൻഡിലെ ഒരു പാർക്കിങ് സ്ഥലത്തു നിന്ന് കാർ കണ്ടെത്തി.
കാറിനുള്ളിലുണ്ടായിരുന്ന അർജുനെ പോലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ചില നടപടികൾ ജുവനൈൽ കോടതിയിൽ നടന്നുവെങ്കിലും, കൊലക്കുറ്റങ്ങളുമായി ബന്ധപ്പെട്ട വിചാരണ കോൺകോർഡ് ജില്ലാ കോടതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മരണകാരണം, ഉപയോഗിച്ച ആയുധം, മറ്റ് ഫോറൻസിക് തെളിവുകൾ എന്നിവ സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൂടുതൽ തെളിവുകളും ലഭിച്ച ശേഷമേ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.