അയർലന്ഡിൽ താമസിക്കുന്ന ഫോട്ടോ ജേർണലിസ്റ്റായ കോട്ടയം സ്വദേശി അനിൽകുമാർ പകർത്തിയ ഫോട്ടോ
ഫോബെർലിൻ: യൂറോപ്പ് ഒന്നടങ്കം വാന നിരീക്ഷണത്തിന്റെ ആവേശത്തിലാണ്ട അപൂർവ സൂര്യഗ്രഹണ കാഴ്ചയ്ക്കാണ് ബുധനാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇത്രയും മനോഹരമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.
ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് പൂർണ സൂര്യഗ്രഹണം അനുഭവപ്പെട്ടത്. ഐസ്ലൻഡിലും വടക്കൻ സ്പെയിനിലും ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുകയും തൊട്ടടുത്ത നിമിഷങ്ങളിൽ പകൽ സമയം പെട്ടെന്ന് ഇരുണ്ട് രാത്രിക്ക് തുല്യമായ സന്ധ്യാ വെളിച്ചത്തിലേക്ക് മാറുകയും ചെയ്തു.
യൂറോപ്പിലെ ആവേശം: ജനങ്ങൾ തെരുവുകളിലേക്ക്
യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂർവ പ്രകൃതി പ്രതിഭാസം നേരിട്ട് കാണാൻ സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.
സ്പെയിനിലെ കൗതുക കാഴ്ചകൾ: ഒരു നൂറ്റാണ്ടിനു ശേഷമാണ് സ്പെയിനിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. വലൻസിയ, സാരഗോസ തുടങ്ങിയ നഗരങ്ങളിലും ബാലിയാറിക് ദ്വീപുകളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ശാസ്ത്രപ്രേമികളുമാണ് ഗ്രഹണം കാണാൻ തടിച്ചുകൂടിയത്.
സൂര്യൻ പൂർണമായി മറഞ്ഞ നിമിഷങ്ങളിൽ ആളുകൾ ആർപ്പുവിളിച്ചും കയ്യടിച്ചും ഈ മനോഹര നിമിഷത്തെ വരവേറ്റു. ഐസ്ലൻഡിന്റെ വിസ്മയം: ഐസ്ലൻഡിന്റെ തലസ്ഥാനമായ റെയ്ക്യവികിലും പശ്ചിമ മേഖലകളിലും മിനിറ്റുകളോളം പകൽ വെളിച്ചം പൂർണ്ണമായും അപ്രത്യക്ഷമായി.
ജർമനിയിലെ അവസ്ഥ
ജർമനി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണമാണ് അനുഭവപ്പെട്ടത്. സന്ധ്യാ സമയത്ത് സൂര്യൻ അസ്തമിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ചന്ദ്രൻ സൂര്യന്റെ 85 മുതൽ 90 ശതമാനം വരെ വിസ്തൃതി മറച്ച കാഴ്ച ജർമൻകാർക്ക് പുത്തൻ അനുഭവമായി.
ഫ്രൈബുർഗ്, കോൺസ്റ്റാന്റ്സ്, മ്യൂണിക് തുടങ്ങിയ തെക്കൻ നഗരങ്ങളിലായിരുന്നു ജർമനിയിൽ ഏറ്റവും മികച്ച ദൃശ്യത ലഭിച്ചത്.
സൂര്യഗ്രഹണത്തിന്റെ സമയക്രമം:
തുടക്കം: വൈകുന്നേരം 7.10 നും 7.25 നും ഇടയിൽ (നഗരങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങളോടെ).
പാരമ്യം/ഉച്ചസ്ഥായി: രാത്രി 8.05 നും 8.20 നും ഇടയിൽ. ഈ സമയത്ത് സൂര്യന്റെ 84 ശതമാനം മുതൽ 90 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെട്ടു.
അവസാനം: രാത്രി 8:30 നും 9:00 നും ഇടയിൽ സൂര്യൻ അസ്തമിച്ചതോടെയാണ് ജർമനിയിൽ ദൃശ്യമായിരുന്ന ഗ്രഹണവും അവസാനിച്ചത്.
മ്യൂണിക്കിൽ വൈകുന്നേരം 7.23-ന് തുടങ്ങി, 8.15-ന് ഉച്ചസ്ഥായിയിലെത്തി, 8.32-ഓടെ സൂര്യൻ അസ്തമിച്ചു. ബെർലിനിൽ 7.15-ന് തുടങ്ങി 8.08-ന് ഉച്ചസ്ഥായിയിലെത്തി.
കാമറയിൽ പതിഞ്ഞ മനോഹര നിമിഷങ്ങൾ
പ്രത്യേക തരം സോളാർ കണ്ണടകളും ടെലിസ്കോപ്പുകളും കാമറകളുമായി മണിക്കൂറുകൾക്ക് മുൻപേ ജനങ്ങൾ മലനിരകളിലും പാർക്കുകളിലും നിലയുറപ്പിച്ചിരുന്നു. ഗ്രഹണ സമയത്ത് സൂര്യന് ചുറ്റും കാണപ്പെട്ട തിളക്കമാർന്ന കൊറോണയും (Solar Corona) ഡയമണ്ട് റിംഗ് പ്രഭയും ഫോട്ടോഗ്രാഫർമാർ കാമറകളിൽ പകർത്തി.
ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി വിവിധ യൂറോപ്യൻ ബഹിരാകാശ ഏജൻസികളും (ഇഎസ്എ) മാധ്യമങ്ങളും 90 സെക്കൻഡിൽ അവസാനിക്കുന്ന ഹൈ-സ്പീഡ് ടൈംലാപ്സ് വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
വാന നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ മറക്കാനാവാത്ത കാഴ്ചാനുഭവമാണ് ഈ സൂര്യഗ്രഹണം സമ്മാനിച്ചത്. ജീവിതത്തിൽ വല്ലപ്പോഴും എത്തുന്ന മനോഹര കാഴ്ചയിൽ ഹൃദ്യത പകർന്നാണ് ആളുകൾ സൂര്യഗ്രഹണം ആഘോഷമാക്കിയത്.
ഫോ
Tags : TotalSolarEclipse Europe NRINEWS