NRI
ഫിലഡൽഫിയ: വിശാല ഫിലഡൽഫിയ റീജിയണിലെ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരളതനിമയിലുള്ള സ്നേഹകൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (ഐഎസിഎ) ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
മികച്ച ആധ്യാത്മിക, സാമൂഹിക പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളി കത്തോലിക്കർക്കു മാതൃകയായി സേവനത്തിന്റെ 48 സംവത്സരങ്ങൾ പൂർത്തിയാക്കി 2028ൽ സുവർണജൂബിലിയിലേക്ക് കുതിക്കുന്ന ഫിലാഡൽഫിയ കാത്തലിക് അസോസിയേഷൻ ഒക്ടോബർ 10 ശനിയാഴ്ചയാണു "ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ' എന്ന ആപ്തവാക്യത്തിലൂന്നി ഇന്ത്യൻ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 10ന് വൈകുന്നേരം നാലു മുതൽ ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് മാർ ഫീലിപ്പോസ് സ്റ്റെഫാനോസ് ആണ്.
അന്നേദിവസം നാലിന് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിലും സ്നേഹകൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാർമികത്വത്തിലും സീറോമലങ്കര റീത്തിലുള്ള കൃതഞ്ജതാബലിയർപ്പണം നടക്കും.
വിശിഷ്ടാതിഥികൾക്കു സ്വീകരണം, കൃതഞ്ജതാബലിയർപ്പണം, ദമ്പതിമാരെ ആദരിക്കൽ, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയാണു ഇന്ത്യൻ കത്തോലിക്കരുടെ ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്.
ശ്രേഷ്ടമായ പൈതൃകവും പൂർവികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കർ ഒരു കുടക്കീഴിൽ അണിനിരന്ന് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലിയിലേക്കും തുടർന്നു നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.
2026 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പുതുതായി വിവാഹിതരായ ദമ്പതിമാരെയും 2026ൽ ദാമ്പത്യജീവിതത്തിന്റെ രജത ജൂബിലി, സുവർണജൂബിലി (25, 50) എന്നീ വിശേഷാൽ വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ ബിഷപ് ആശീർവദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.
ഫിലഡൽഫിയാ അതിരൂപതയുടെ കീഴിൽ പ്രവാസി-അഭയാർത്ഥി കാര്യാലയത്തിന്റെ (പാസ്റ്ററൽ കെയർ ഫോർ റഫ്യൂജീസ് ആൻഡ് മൈഗ്രന്റ്സ്) ചുമതലവഹിക്കുന്ന ഡയറക്ടർ സിസ്റ്റർ ജെർത്രൂഡ് ബോർസിനെ തദവസരത്തിൽ ഐഎസിഎ ആദരിക്കും.
ഉപരിപഠനത്തിനും, വൈദഗ്ധ്യജോലികൾക്കായും ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമേരിക്കയിൽ വിശാലഫിലാഡൽഫിയാ റീജിയണിൽ കുടിയേറി താമസമുറപ്പിച്ച മലയാളി കത്തോലിക്കർ 1978ൽ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇൻഡ്യൻ കാത്തലിക് അസോസിയേഷൻ (ഐസിഎ) വളർച്ചയുടെ പടവുകൾ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ സ്നേഹകൂട്ടായ്മയായി ഇന്ന് തലയുയർത്തി നിൽക്കുന്നു.
പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയിൽപെട്ട സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കുടുംബങ്ങൾ സമൂഹവളർച്ചക്കു നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്.
പ്രവാസജീവിതത്തിൽ മാതൃഭാഷയിൽ ബലിയർപ്പിക്കാൻ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് അഞ്ച് ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവർക്കു നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയിൽപെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരാണു.
സെക്കന്റ് ജനറേഷനിൽനിന്നും വൈദികരെയും കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നൽകിയിട്ടുള്ള ഇന്ത്യൻ അമേരിക്കൻ കത്തോലിക്കർ ചെറുപ്പക്കാരായ ധാരാളം പ്രഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കൻ സമ്പത് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാക്കിയിട്ടുണ്ട്.
ഫിലാഡൽഫിയ ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ.ഫാ. ലെനിൻ ഫെർണാണ്ടസ് ഡയറക്ടർ ബോർഡ് ചെയർമാനും സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ.ഫാ. ബാബു മഠത്തിൽപറമ്പിൽ, സെന്റ് തോമസ് സീറോമലബാർ പള്ളി വികാരി റവ.ഡോ. ജോർജ് ദാനവേലിൽ, സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ബിപ്പി മാത്യു തറയിൽ എന്നിവർ ഡയറക്ടർമാരുമായി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഭാരവാഹികളായ തോമസ് സൈമൺ (പ്രസിഡന്റ്), ചാർലി ചിറയത്ത് (ജനറൽ സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യൻ (ട്രഷറർ), ജോഷ്വാ ജേക്കബ് (വൈസ് പ്രസിഡന്റ്), മെർലിൻ അഗസ്റ്റിൻ (ജോ. സെക്രട്ടറി), ഫിലിപ് (ബിജു) ജോൺ (ജോ. ട്രഷറർ), അനീഷ് ജയിംസ് (മുൻ പ്രസിഡന്റ്), സബ് കമ്മിറ്റി ചെയർപേഴ്സൺസായ ജോസ് മാളേയ്ക്കൽ, ജോസഫ് മാണി, ജസ്റ്റിൻ തോമസ്, ഫിലിപ് എടത്തിൽ, സേവ്യർ മൂഴിക്കാട്ട്, റോമിയോ ഡാൽഫി, കുരുവിള ജയിംസ്, ജറിക്ക് എബ്രാഹം എന്നിവരും വൈദികർക്കൊപ്പം ഡയറക്ടർ ബോർഡ് അംഗങ്ങളായ അലക്സ് ജോൺ, തോമസ് നെടുമാക്കൽ, ജോസഫ് തോമസ്, ജോൺസൺ ഫെർണാണ്ടസ് എന്നിവരടങ്ങുന്ന (ഐഎസിഎ) എക്സിക്ക്യൂട്ടീവ് കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ഐഎസിഎയുടെ കാരുണ്യപ്രവർത്തികളുടെ ഭാഗമായി സെപ്റ്റംബർ 20 മുതൽ 27 വരെ വസ്ത്രശേഖരണം നടത്തുന്നുണ്ട്. പുതിയതോ, അധികം ഉപയോഗിക്കാത്തതോ, മുഷിയാത്തതോ ആയ അമേരിക്കൻ വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും കമ്പിളി വസ്ത്രങ്ങളും ഈ കാലയളവിൽ അംഗദേവാലയങ്ങളായ സെന്റ് ജൂഡ് സീറോമലങ്കരപള്ളി, സെന്റ് തോമസ് സീറോമലബാർ പള്ളി, സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ എന്നിവയുടെ ലോബിയിലുള്ള ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ചാർലി ചിറയത്ത് - 215 791 0439.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും രേഖ കൈമാറ്റവും ഞായറാഴ്ച നടക്കും.
ന്യൂയോർക്കിൽ റോക്ലാൻഡ് കൗണ്ടിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 4.30നാണു ചടങ്ങുകൾ ആരംഭിക്കുക. ഓഗസ്റ്റിൽ കലഹാരി ഇന്റർനാഷണൽ കൺവൻഷനോട് ചേർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവർ സത്യപ്രതിജ്ഞയെടുത്തു അധികാരമേറ്റിരുന്നു.
ഞായറാഴ്ച രേഖ കൈമാറ്റവും ഔപചാരികമായ ഉദ്ഘാടനവും ആണ് നടക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. ഗിന്നസ് റിക്കാർഡ് നേടിയ ചെണ്ട മേളം, മോഹിനിയാട്ടം ഉൾപ്പടെ വിവിധ കലാപരിപാടികളും സമ്മേളനത്തിൽ അരങ്ങേറും.
പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ടു, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രെഷറർ അപ്പുക്കുട്ടൻ പിള്ള, അഡിഷണൽ അസോസിയേറ്റ് ട്രെഷറർ ഗ്രേസ് മറിയ ജോസഫ്, വിമൻസ് ഫോറം ചെയർ ഷൈനി രാജു, നാഷണൽ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അജു എബ്രഹാം, അനിൽകുമാർ ദാമോദരൻപിള്ള, ആന്റണി മാത്യു, അദാർഷ് രവീന്ദ്രൻ, ബിജോ വിതയത്തിൽ, ചെറിയാൻ പെരുമാൾ, ജോർജ് നടവയൽ ദേവസ്യ, ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, റോണി വർഗീസ്, ഷൈമി ജേക്കബ്, ശിവ തഷ്ണാത്, സുജ ജോസ്, സുഷ്മ പ്രവീൺ, റെജി വർഗീസ്, ബിജു ജോർജ്, ഷിബു ജോൺ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ഫോബി പോൾ ചിറ്റിശേരി, ഉഷ ജോർജ്, അഭിലാഷ് പുലിക്കത്തോടി, എബ്രഹാം പോത്തൻ, അജിത് ചാണ്ടി, സ്റ്റാൻലി എത്തൂനിക്കൽ, ലോണ ബാബു, രാജീവ് വി. കുമാരൻ, ജോൺസൺ കരിക്കൽ, റെജി വി. കുര്യൻ, ഗീത ജോർജ്, ലത മേനോൻ, യൂത്ത് പ്രതിനിധികളായ അഷിത അലക്സ്, എബി അലക്സ്, ബിനിൽ ബെന്നി, സാറ പോത്തൻ, റ്റിയ കെ. ബാബു, അനിത ബിജു ജോർജ്, ജൂലി ജോസി കാരക്കാട്ടു, യൂത്ത് കമ്മിറ്റി അംഗങ്ങളായി നോമിനേറ്റഡ് ചെയ്യപ്പെട്ട ഫെയ്ത് മരിയ എൽദോ, ജോഹാൻ ഷിജോ ജോസഫ്, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജോയി വി. ചാക്കപ്പൻ, മനോജ് ജെ. ഇടമന, കെവിൻ ജോസഫ്, നിലവിലുള്ള അംഗങ്ങളായ സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, സതീശൻ നായർ, മാമ്മൻ സി. ജേക്കബ്, ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ്, ഓഡിറ്റേഴ്സായി തെരഞ്ഞെടുക്കപ്പെട്ട വർഗീസ് ജേക്കബ്, ജോൺ ജോസഫ് എന്നിവരാണ് പുതിയ പ്രവത്തന സമിതിയിലുള്ളത്.
നൂറിലധികം അംഗ സംഘടനകളുള്ള അമേരിക്കയിലും കാനഡയിലുമായി പടർന്നു കിടക്കുന്ന നിരവധി അഭിപ്രായങ്ങളും തലമുറകളും ഒരുമിക്കുന്ന ഫൊക്കാനയെ അടുത്ത രണ്ടു വർഷം നയിക്കുന്നതാണ് ചുമതലക്കാരുടെ പ്രധാന ഉത്തരവാദിത്വം.
ചടങ്ങിൽ പങ്കെടുക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
അരിസോണ: അരിസോണയിൽ നിന്നുള്ള റിപ്പബ്ലിക്കൻ മുൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു. നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
അരിസോണയിലെ ജലനയങ്ങൾ രൂപീകരിക്കുന്നതിലും സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ടോളമാണ് അദ്ദേഹം യുഎസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ചത്.
2018ൽ അന്തരിച്ച സെനറ്റർ ജോൺ മെയ്കെന്റെ ഒഴിവിലേക്ക് കുറഞ്ഞ കാലത്തേക്ക് കൂടി അദ്ദേഹം സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെൻഷ്യ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറോടെ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് പൂർണമായും പിന്മാറിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
NRI
വാഷിംഗ്ടൺ ഡിസി: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം സ്ഥാനത്തേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട യുഎസ് വിദേശനയ പ്രവർത്തനങ്ങളിൽ ലിഞ്ച് പ്രധാന ചുമതല വഹിക്കും.
നാമനിർദേശം വലിയ ബഹുമതിയായി കാണുന്നതായും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മികച്ച രീതിയിൽ സേവിക്കാൻ പ്രാർഥിക്കണമെന്നും ലിഞ്ച് അഭ്യർഥിച്ചു.
2010 മുതൽ ബില്ലി ഗ്രഹാം ഇവാഞ്ചലസ്റ്റിക് അസോസിയേഷൻ, സമരിറ്റൻസ് പേഴ്സ് എന്നിവയുമായി പ്രവർത്തിക്കുന്ന ലിഞ്ച് നിലവിൽ സീനിയർ അഡ്വൈസറും മിനിസ്ട്രി വക്താവുമാണ്.
മകളുടെ നാമനിർദേശത്തെ സ്വാഗതം ചെയ്ത ഫ്രാങ്ക്ലിൻ ഗ്രഹാം, പുതിയ ഉത്തരവാദിത്വത്തിനായി അവൾക്ക് ജ്ഞാനവും ശക്തിയും ലഭിക്കാൻ പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ഓണാഘോഷ പരിപാടികൾ മെഹ്റോളി ബസ് ടെർമിനലിനു സമീപമുള്ള എംസിഡി കമ്യൂണിറ്റി ഹാളിൽ അരങ്ങേറി.
ഏരിയ ചെയർമാൻ കെപിഎച്ച് ആചാരി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം അക്ഷിത കുമാർ, അൽകാ ജേക്കബ്, അരുന്ധതി മണികണ്ഠൻ എന്നിവർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ് മുഖ്യാതിഥിയായിരുന്നു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ ഫാ ഡോ മാത്യു കോയിക്കൽ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ വൈസ് ചെയർമാൻ എസ്. പദ്മകുമാർ, സെക്രട്ടറി സുജാ രാജേന്ദ്രൻ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, പൂക്കളം കൺവീനറും ഇന്റേണൽ ഓഡിറ്ററുമായ എം.ആർ. രജീഷ്, കൾച്ചറൽ കമ്മറ്റി കൺവീനറും യൂത്ത് വിംഗ് കൺവീനറുമായ ആഷിഷ് സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപർണ സത്യനാരായണൻ, ബിന്ദു സരസ്വതി എന്നിവർ അവതാരകരായിരുന്നു.
NRI
സ്ട്രാസ്ബുർഗ്: ആഗോള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കാനഡയെ യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ അസോസിയേറ്റ് അംഗം ആക്കാൻ വാതിൽ തുറന്നിട്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റെ ഉർസുല വോൺ ഡെർ ലെയ്ൻ.
ഫ്രാൻസിലെ സ്ട്രാസ്ബുർഗിലുള്ള യൂറോപ്യൻ പാർലമെന്റിൽ നടത്തിയ വാർഷിക നയപ്രഖ്യാപന പ്രസംഗത്തിലാണ് (State of the Union Address) ഈ വിപ്ലവകരമായ നിർദേശം അവർ മുന്നോട്ടുവച്ചത്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്നിധാനത്തിലായിരുന്നു യൂറോപ്യൻ യൂണിയൻ തലവിയുടെ ഈ നിർണായക പ്രസ്താവന. നിലവിൽ യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് മെമ്പർഷിപ്പ് എന്നൊരു പദവി നിലവിലില്ല.
കാനഡയ്ക്കായി അത്തരമൊരു പുതിയ പദവി യൂറോപ്യൻ യൂണിയൻ പുതുതായി രൂപകൽപ്പന ചെയ്യേണ്ടി വരുമെങ്കിലും മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള തന്ത്രപരമായ സഹകരണം അനിവാര്യമാണെന്ന് വോൺ ഡെർ ലെയ്ൻ ചൂണ്ടിക്കാട്ടി.
"ലോകത്തെ ഒരേ കണ്ണുകളോടെ കാണുന്നവർ'
"ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ കാലാവസ്ഥാ വ്യതിയാനം വരെയും ആർട്ടിക് മേഖല മുതൽ ആഗോള ഭൗമരാഷ്ട്രീയം വരെയും നമ്മൾ ലോകത്തെ നോക്കിക്കാണുന്നത് ഒരേ കണ്ണുകളോടെയാണ്.
യുക്രൈയിൻ പ്രതിസന്ധി, പ്രതിരോധം, വിതരണ ശൃംഖലകൾ എന്നിവയിലെല്ലാം നമ്മൾ ഒരുമിച്ച് നിന്നു. ജനാധിപത്യ മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസമാണ് നമ്മെ ബന്ധിപ്പിക്കുന്നതെന്ന് വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
ചൈനയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുമുള്ള അമിത സാമ്പത്തിക-വ്യാപാര ആശ്രിതത്വം കുറയ്ക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്ന സമയത്താണ് ഈ നിർദേശം വരുന്നത്.
അതേസമയം, യൂറോപ്യൻ യൂണിയനിൽ ഔദ്യോഗിക അംഗത്വമല്ല, മറിച്ച് സമാനതകളില്ലാത്ത ഒരു പ്രത്യേക സഖ്യമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു.
"ലോകം തുറന്ന ശത്രുതയിൽ'; കടുത്ത മുന്നറിയിപ്പ്
ലോകം ഇപ്പോൾ അതീവ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വോൺ ഡെർ ലെയ്ൻ മുന്നറിയിപ്പ് നൽകി. ചാൾസ് ഡിക്കൻസിന്റെ "എ ടെയിൽ ഓഫ് ടു സിറ്റീസ്' എന്ന വിഖ്യാത നോവലിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്: "ഇത് ഏറ്റവും നല്ല കാലമായിരുന്നു, ഇത് ഏറ്റവും മോശം കാലവുമായിരുന്നു'.
റഷ്യയുടെ യുക്രൈയിൻ അധിനിവേശവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പരോക്ഷമായി പരാമർശിച്ച അവർ, അന്താരാഷ്ട്ര നിയമങ്ങളെ തകർക്കുന്ന ഒരു "തുറന്ന ശത്രുതാപരമായ ലോകത്തെയാണ്' യൂറോപ്പ് ഇപ്പോൾ നേരിടുന്നതെന്ന് ഓർമിപ്പിച്ചു.
വ്യവസായ ശേഷികൾക്കായുള്ള ആഗോള മത്സരവും യൂറോപ്പിന്റെ ആത്മവിശ്വാസം തകർക്കാനുള്ള പ്രചാരണങ്ങളും ശക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
നിർണായക അസംസ്കൃത വസ്തുക്കൾക്കായി പുതിയ കോർപ്പറേഷൻ
ചൈനയെ അമിതമായി ആശ്രയിക്കുന്ന സ്ഥിതി യൂറോപ്പിന് വലിയ ഭീഷണിയാണെന്ന് കമ്മീഷൻ പ്രസിഡന്റ് വ്യക്തമാക്കി. പല നിർണായക അസംസ്കൃത വസ്തുക്കൾക്കും യൂറോപ്പ് ഇപ്പോഴും 80 ശതമാനത്തോളം ചൈനയെയാണ് ആശ്രയിക്കുന്നത്.
ചൈനയുമായുള്ള വ്യാപാരക്കമ്മി പ്രതിദിനം 100 കോടി യൂറോ എന്ന ഭീമമായ നിലയിലെത്തിയിരിക്കുകയാണ്. ഈ അപകടകരമായ ആശ്രിതത്വം അവസാനിപ്പിക്കാൻ "യൂറോപ്യൻ കോർപ്പറേഷൻ ഓൺ ക്രിട്ടിക്കൽ റോ മെറ്റീരിയൽസ്' എന്ന പുതിയ സംരംഭത്തിന് രൂപം നൽകുമെന്ന് അവർ പ്രഖ്യാപിച്ചു.
കാനഡ പോലുള്ള സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് അസംസ്കൃത വസ്തുക്കളുടെ ശേഖരണം ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചായിരിക്കും 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യൻ യൂണിയന്റെ ഭാവിയെന്നും അവർ കൂട്ടിച്ചേർത്തു.
NRI
ആൽബനി: ആൽബനി മലയാളി അസോസിയേഷന്റെ (AMA Inc.) ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലോവർ കൽഗാൻ ഹാളിൽ നടന്ന ആഘോഷങ്ങളിൽ ആൽബനിയിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
നാട്ടിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ തുറകളിലുള്ള വിശിഷ്ട വ്യക്തികൾ ആൽബനി മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനും മുൻകൂട്ടി തന്നെ വീഡിയോ സന്ദേശങ്ങളിലൂടെ ഓണാശംസകളും പരിപാടിയുടെ വിജയാശംസകളും അറിയിച്ചിരുന്നു.
ഓണത്തിന്റെ പരമ്പരാഗത തനിമ വിളിച്ചോതുന്ന മാവേലി വേഷവും വർണശബളമായ മുത്തുക്കുടകളും പൂക്കളുടെ തോരണങ്ങളും താലപ്പൊലിയേന്തിയ കുഞ്ഞുമക്കളും കുടുംബങ്ങളും ചേർന്നാണ് വിശിഷ്ട അതിഥികളെ എതിരേറ്റത്.
ആകർഷകമായ പുലിവേഷങ്ങളുടെയും മാവേലി തമ്പുരാന്റെയും അകമ്പടിയോടെ സിറ്റി ഓഫ് ആൽബനി മേയർ ഗ്രെഗ് സ്റ്റോക്ക്സ്, മുൻ എംഎൽഎയും ആൽബനി സിറ്റി കൗൺസിൽ മെമ്പറുമായ റെബേക്ക സ്റ്റീഫൻ എന്നിവരെ കൽഗാൻ ഹാളിൽ വച്ച് താലപ്പൊലിയുടെ അകമ്പടിയോടെയും പുഷ്പാർച്ചന നടത്തിയുമാണ് സ്വീകരിച്ചത്.
തുടർന്ന് വിശിഷ്ട അതിഥികളെ വേദിയിലേക്ക് ആനയിക്കുകയും പൂച്ചെണ്ടുകൾ നൽകി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു.
NRI
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. ജനങ്ങളും സംസ്കാരവും സമൂഹവും എന്ന മുഖ്യ ആശയവുമായി ഒത്തൊരുമയുടെയും സമൃദ്ധിയുടെയും സന്ദേശം പകർന്നാണ് ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10ന് കാർടൺ സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി ഹാളിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.
ടൗൺ ഓഫ് സണ്ണിവെയ്ൽ മേയർ സജി ജോർജ്ജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
കാന്റർബറി: കാന്റർബറി മലയാളി സമൂഹത്തിന്റെ സാമൂഹിക - സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ കാന്റർബറി കേരളൈറ്റ്സ് അസോസിയേഷൻ (സികെഎ) 2026 - 27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.
അസോസിയേഷന്റെ ചരിത്രത്തിൽ ശ്രദ്ധേയമായൊരു നാഴികക്കല്ലായി ജെയ്റ്റി റെജി പ്രസിഡന്റായി. 2007-ൽ ആരംഭിച്ച സികെഎയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാകുന്നതിന്റെ പ്രതീകമായാണ് ജെയ്റ്റി റെജിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
പുതിയ കമ്മിറ്റിയിൽ മേഖ ബെന്നി വൈസ് പ്രസിഡന്റായും ലിഷ മാത്യു സെക്രട്ടറിയായും റോബിൻ മാനുവൽ ട്രഷററായും ടീന വി. രാമചന്ദ്രൻ ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കും.
ജി. പ്രേംകുമാർ, ജോൺസൺ ജോർജ്, അജിത ആൻഡ്രൂസ്, ആൽവിൻ റെജി എന്നിവരാണ് പുതിയ ഭരണസമിതിയിലെ കമ്മിറ്റി അംഗങ്ങൾ. പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ പ്രധാനപ്പെട്ട നേതൃത്വസ്ഥാനങ്ങളിൽ വനിതകൾ എത്തുന്നുവെന്നതും പുതിയ കമ്മിറ്റിയുടെ പ്രത്യേകതയാണ്.
പുതുതലമുറയുടെ പ്രാതിനിധ്യവും പരിചയസമ്പന്നരായ അംഗങ്ങളുടെ സാന്നിധ്യവും ഒരുമിക്കുന്ന ഭരണസമിതിയാണ് 2026 - 27 കാലയളവിൽ സികെഎയെ നയിക്കുന്നത്.
കാന്റർബറിയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ കൂടുതൽ അടുത്തുകൊണ്ടുവരുന്നതിനൊപ്പം കേരളത്തിന്റെ ഭാഷയും കലയും സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് പുതിയ നേതൃത്വത്തിൽനിന്നുള്ള പ്രതീക്ഷ.
പ്രത്യേകിച്ച് യുകെയിൽ ജനിച്ചുവളരുന്ന മലയാളി കുട്ടികളെയും യുവാക്കളെയും സംഘടനയുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരിക, അവരുടെ കലാ-കായിക കഴിവുകൾക്ക് അവസരങ്ങൾ ഒരുക്കുക, കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പുതുതായി പ്രദേശത്തെത്തുന്ന മലയാളികൾക്ക് പിന്തുണ നൽകുക തുടങ്ങിയ മേഖലകളിൽ പുതിയ കമ്മിറ്റി കൂടുതൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് സികെഎ കുടുംബം.
ഏകദേശം രണ്ട് പതിറ്റാണ്ടായി കാന്റർബറി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് കരുത്തുപകരുന്ന സികെഎയിൽ ആദ്യ വനിതാ പ്രസിഡന്റ് നേതൃത്വം ഏറ്റെടുക്കുന്നത് സംഘടനയുടെ വളർച്ചയിലെ പുതിയ അധ്യായമായിരിക്കുകയാണ്.
NRI
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഞായറാഴ്ച വൈകുന്നേരം ആറിന് സ്റ്റാഫ്ഫോർഡിലുള്ള മാഗിന്റെ ഹാളിൽ വച്ചായിരുന്നു ഓണാഘോഷം നടത്തപ്പെട്ടത്.
കോട്ടയം ക്ലബ് മങ്കമാർ അണിനിരന്ന താലപ്പൊലികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ എഴുന്നെള്ളിച്ച് സമ്മേളന ഹാളിലേക്ക് കൊണ്ടുവന്നതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.
കോട്ടയം ക്ലബ് പ്രസിഡന്റ് സുഗു ഫിലിപ്പിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ഈശ്വര പ്രാർഥന ആലപിച്ചു.
അതിനുശേഷം മാവേലിയേയും വിശിഷ്ടാഥികളെയും ലതീഷ് കൃഷ്ണൻ വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവരും ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.
സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു. അതിനുശേഷം മാവേലി തമ്പുരാൻ തന്റെ സന്ദേശം ജനങ്ങൾക്ക് നൽകി. ആധുനിക ലോകത്തിന്റെ തിരക്കിലും തന്നെ ഓർമിക്കുന്ന തന്റെ ജനത്തിന്റെ സ്നേഹത്തിന് അതിരുകളില്ലെന്ന് പറഞ്ഞു .
മുഖ്യാതിഥി സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസൺ ഹൂസ്റ്റൺ, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ റീജിയണൽ പ്രസിഡന്റ് എസ്.കെ. ചെറിയാൻ, ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പൊന്നുപിള്ള, കോട്ടയം ക്ലബ് സ്ഥാപക നേതാക്കൾ എന്നിവർ ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ ക്ലബിലെ അംഗങ്ങളായ കലാകാരൻമാരും കലാകാരികളും ചേർന്ന് നടത്തി.
NRI
ന്യൂയോർക്ക്: സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ സ്പോർട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു.
ആദ്യഘട്ടത്തിൽ ബാസ്കറ്റ്ബാൾ, വോളിബാൾ മത്സരങ്ങൾ നവംബർ 28ന് ന്യൂജഴ്സിയിലെ ഹിൽസ്ബോറോയിലുള്ള "അയൺ പീക് സ്പോർട്സ് കോംപ്ലെക്സിൽ' നടക്കും.
ഒന്നാം സമ്മാനം 2001 ഡോളർ കാഷ് അവാർഡും ട്രോഫിയുമാണ്. രണ്ടും, മൂന്നും സ്ഥാനത്തു വരുന്നവർക്ക് യഥാക്രമം 1001 ഡോളറും 501 ഡോളറും ട്രോഫികളും നൽകും. കൂടാതെ വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.
ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. സ്പോർട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുവാൻ മുൻകൈയെടുത്ത എസ്എംസിസി നാഷണൽ കമ്മിറ്റിയെ ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് അനുമോദിച്ചു.
പുതിയ കാലഘട്ടത്തിൽ യുവജങ്ങളെ സഭയുടെ മുഖ്യധാരയിലേക്ക് ചേർത്ത് നിർത്തുന്നതിനുംഅതോടൊപ്പം, യുവജനങ്ങളുമായി ക്രിസ്തീയ മൂല്യങ്ങളും സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം പങ്കുവയ്ക്കാനുള്ള മികച്ച വേദികൂടിയാണ് കായികരംഗം.
ഇപ്പോൾ തന്നെ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകളിൽ സ്പോർട്സ് ടീമുകൾ സജീവമാണ്. എല്ലാ ഇടവകളിൽ നിന്നുമുള്ള ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കണമെന്ന് മാർ ജോയ് ആലപ്പാട്ട് ഉദ്ബോധിപ്പിച്ചു.
എല്ലാ ഇടവകളിൽ നിന്നുമുള്ള ടീമുകളേയും പ്രതീക്ഷിക്കുന്നതായി നാഷണൽ ഡയറക്ടർ ഫാ. ജോർജ് എളമ്പാശേരിൽ, എസ്എംസിസി പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി തോമസ്, ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർ അഭ്യർഥിച്ചു.
ടൂർണണെന്റിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി പ്രസിഡന്റ് ജോർജ് വി. ജോർജ് അറിയിച്ചു. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 10-ാം തീയതിയാണ്. അതിനുമുമ്പായി താത്പര്യമുള്ള ടീമുകൾ രജിസ്ട്രേഷൻ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ അറിയുവാൻ കോഓർഡിനേറ്റർമാരായ റ്റീനോ തോമസ് (845 538 3203), റോഷൻ പ്ലാമൂട്ടിൽ (484 470 5229) എന്നിവരെ ബന്ധപ്പെടുക.
NRI
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഞായറാഴ്ച "ഓണത്താളം 2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും പരിപാടി ശ്രദ്ധേയമായി.
രാവിലെ കൈരളി വനിതാ വിഭാഗം ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. എണ്ണൂറിലധികം ആളുകൾക്ക് കൈരളി വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.
വൈകിട്ട് കേരളീയ കലാരൂപങ്ങളും താളമേളങ്ങളും വർണ്ണ കുടകളും താലപ്പൊലിയും അണിനിരന്ന ഘോഷയാത്രയോടെ ആർപ്പോ വിളികളും വഞ്ചിപ്പാട്ടുമായി മഹാബലിയെ വേദിയിലേക്ക് വരവേറ്റു.
കൈരളി കലാകാരികളും സരിഗാ കലാ അക്കാദമിയും അരങ്ങിലെത്തിച്ച നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, കെ-ബാൻഡും കൈരളി കലാകാരന്മാരും ഒരുക്കിയ ശിങ്കാരിമേളം, തരംഗം ബാന്റ് അവതരിപ്പിച്ച ഗാനമേള എന്നിവ സദസിനെ ആവേശഭരിതമാക്കി.
ശ്രീവിദ്യ ടീച്ചറിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച കൈരളിയുടെ കലാകാരികൾ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. സമീറ ബാനു പ്രോഗ്രാമിന്റെ അവതാരകയായി.
സ്വാഗത സംഘം ചെയർമാൻ പ്രദീപ് കുമാർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സദസ് ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് മൂസ മുഹമ്മദ് അഹമ്മദ് ബലൂശി, അനൂപ് പനോളിൽ എന്നിവർ അതിഥികളായി പങ്കെടുത്തു.
സ്വാഗതസംഘം ജനറൽ കൺവീനർ ശിവപ്രസാദ് സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഓണസന്ദേശം നൽകി.
ലോക കേരളസഭ അംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നമിത പ്രമോദ്, യൂണിറ്റ് പ്രസിഡന്റ് ജുനൈസ്, യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലകൈരളി വിദ്യാർഥികൾക്കും നൃത്ത അരങ്ങേറ്റം കുറിച്ച കൈരളി കലാകാരികൾക്കും പരിപാടിയുടെ പ്രായോജകർക്കും വേദിയിൽ സ്നേഹോപഹാരങ്ങൾ നൽകി.
കൈരളി ഭാരവാഹികളായ വി.പി. സുജിത്ത്, അഷറഫ് പിലാക്കൽ, സുധീർ തെക്കേക്കര, ഹരിഹരൻ, ടിറ്റോ തോമസ്, സ്വാഗത സംഘം കൺവീനർമാരായ ജിബിൻ, ഡാന്റോ, തസ്ലിം, പ്രിൻഷിത്ത്, അജിത്ത്, രജീഷ്, സതീശൻ പൊട്ടത്ത്,ദേവൻ, ഷൗഫീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
NRI
ടെക്സസ്: സംഗീതാസ്വാദകർക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി "റേഡിയന്റ് സംഗീതരാവ് - എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര' ശനിയാഴ്ച ഡാളസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും.
വൈകുന്നേരം 6.30 മുതൽ എട്ട് വരെ നടക്കുന്ന സംഗീത പരിപാടിയിൽ വിജു ചെറിയാൻ, അക്സ റെൻജി, പ്രിൻസ് മാത്യു എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും.
ഡാളസ് ക്രിസ്ത്യൻ അസംബ്ലി, 505 Mayfield Ave, Garland, TX 75041 എന്ന വിലാസത്തിലാണ് പരിപാടി നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് Pr. Chacko George: 469 858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896.
NRI
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ (ടിഎംഎ) ഓണാഘോഷമായ "പൊന്നോണം 2026' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാഞ്ചസ്റ്റർ ഫോറം സെന്ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
രാവിലെ 10ന് കുട്ടികളുടെ മിഠായി പെറുക്കൽ, മുതിർന്നവരുടെയും കുട്ടികളുടെയും കസേരകളി, വടംവലി തുടങ്ങിയ കായികമത്സരങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന ഓണസദ്യയിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വരവേറ്റ ശേഷമായിരുന്നു സാംസ്കാരിക സമ്മേളനം. കലാപരിപാടികളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് ഡോണി ജോൺ കരോടൻ നിർവഹിച്ചു.
അഡ്വ. റെൻസൺ തുടിയൻപ്ലാക്കൽ സ്വാഗതവും ദീപക് ഡേവിഡ് നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷനിലെ എൺപതോളം കലാകാരന്മാർ അണിനിരന്ന വെൽക്കം ഡാൻസ് അരങ്ങേറി.
ഡിജിറ്റൽ സ്ക്രീൻ, ലൈറ്റ് & സൗണ്ട് സംവിധാനങ്ങളുടെ മികവിൽ പ്രഫഷണൽ സ്റ്റേജ് ഷോകളെ വെല്ലുന്ന രീതിയിലാണ് നൃത്തം അവതരിപ്പിക്കപ്പെട്ടത്.
തിരുവാതിരകളി, ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങൾ, നാടകം, ഒപ്പന, ഓണപ്പാട്ടുകൾ, വള്ളംകളി ദൃശ്യാവിഷ്കാരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി. വിവിധ കായികമത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.
അനീഷ് തോമസ്, സിന്ധു സ്റ്റാൻലി, ജോർജ് തോമസ്, ടിൻസി ഷിജു, ഭാഗ്യലക്ഷ്മി ആദർശ്, മേബിൾ അജിൻ, ഷൈൻ സിജു, ആകാശ് ബിജുമോൻ, അഹീന അനീഷ്, നേഹ ബിജു, ഒലിവിയ സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രാത്രി 10-ഓടെ ആഘോഷങ്ങൾ സമാപിച്ചു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെ ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ (1819 Avenue D, Fresno, TX 77545) നടക്കും.
20ൽ പരം പ്രതിഭകൾ അണിനിരക്കുന്ന എസ്എംടി പഞ്ചാരി ബീറ്റ്സിന്റെ ചെണ്ടമേളം ഫെസ്റ്റിന് ആവേശവും താളവും പകരും. വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
ഫെസ്റ്റിന്റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ ജനപ്രിയ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ' എന്ന ബൈബിൾ ലഘുനാടകം (മലയാളം) അരങ്ങേറും.
ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തിൽ അണിനിരക്കുന്ന 40ൽ പരം കലാപ്രതിഭകൾ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും
പ്രവേശനം സൗജന്യമാണ്. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റൻ മനു പൂപ്പാറയിൽ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുക്കും.
കലാപരിപാടികൾക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിന്റെ ഭാഗമായി എക്യുമെനിക്കൽ അടുക്കളയും തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കപ്പയും മീൻകറിയും മലബാർ പൊറോട്ടയും ബീഫ് കറിയും മസാല ദോശയും ഉൾപ്പെടെയുള്ള വിഭവങ്ങൾ തട്ടുകടയിൽ ലഭ്യമാകും.
കൂടാതെ ചായയും കടിയും ലഭിക്കുന്ന ചായക്കടയും ഫെസ്റ്റിന് നാടൻ രുചിയുടെ വേറിട്ട അനുഭവം നൽകും. ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി $15, $10 $5 നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകൾ ഒരുക്കിയിട്ടുണ്ട്.
രഞ്ജു രാജ് (വിൻഡ്സർ ഹോം ലെൻഡിംഗ്), സുനിൽ കോര & പ്രിയൻ ജേക്കബ് (സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമെത്തേരി), ജെയിംസ് ഊലുട്ട് (ഹൂസ്റ്റൺ മോർട്ടഗേജ് ആൻഡ് നാഷണൽ റീയൽറ്റി), മഗേഷ് മാത്യു & ഫാമിലി (മൗണ്ട് ഒലിവ് റാൻഞ്ച്), ജെയിംസ് ഈപ്പൻ (AB വേൾഡ് ഫുഡ്) ഷിജോ ചാണ്ടപ്പിള്ള (Speranza ക്രിപ്റ്റോ ക്യാപിറ്റൽ) ബിനു അലക്സ് (ഡ്രീം മേക്കേഴ്സ് മോർട്ടഗേജ് ആൻഡ് റീയൽറ്റി ഗ്രൂപ്പ് ) ക്രിസ്റ്റിൻ കല്ലേൽ ഇടക്കുന്നത്ത് (ബ്ലിസ് ട്രാവെൽസ്) അഭിലാഷ് ഡേവിഡ്സൺ & സാജൻ കുളങ്ങര (Steamatic റെസ്റ്റോറേഷൻ, കൺസ്ട്രക്ഷൻ), ജോർജ് കുട്ടി വടക്കേകൂറ്റ് (ആൽഫ ഹോം എക്സ്പെർട്സ് ), ജീമോൻ റാന്നി (TWFG ഇൻഷുറൻസ്), ജോയൽ ജേക്കബ് ( വെഡിങ് ഫോട്ടോ വീഡിയോ), എന്റെ വീട് ടീം, ആശാ റേഡിയോ (റേഡിയോ പാർട്ണർ), മൈസൂർ തമ്പി, രാജൻ അങ്ങാടിയിൽ എന്നിവർ സ്പോൺസർമാരായി ഫെസ്റ്റിന്റെ വിജയത്തിനായി സഹായിക്കുന്നു.
ആത്മീയതയും ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്നേഹപൂർവം സ്വാഗതം ചെയ്തു.
ഫെസ്റ്റിന്റെ വിജയത്തിനായി ഐസിഇസിഎച്ച് കമ്മിറ്റിയും എക്യുമെനിക്കൽ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് ( പ്രസിഡന്റ്): 832 997 9788, റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡന്റ്) - 281 886 2013, ഷാജൻ ജോർജ് (സെക്രട്ടറി): 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ): 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ): 832 873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ): 832 744 9691.
NRI
റാംസ്ഗേറ്റ്: വിൻസെൻഷ്യൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ത്രിദിന മരിയൻ റസിഡൻഷ്യൽ ധ്യാനം ഒക്ടോബർ ഒമ്പത്, 10, 11 തീയതികളിൽ നടത്തപ്പെടുന്നു.
ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ജപമാലയുടെ ഭക്ത്യാദര മാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആത്മീയ ചൈതന്യത്തോട് അനുബന്ധിച്ചാണ് ധ്യാനം സംഘടിപ്പിക്കുന്നത്.
ഒക്ടോബർ ഒമ്പതിന് രാവിലെ ഏഴിന് ധ്യാനം ആരംഭിച്ച് 11ന് വൈകുന്നേരം നാലിന് സമാപിക്കും. രാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ അഭിഷിക്ത ധ്യാനഗുരുക്കളുമായ ഫാ. തോമസ് എട്ടിയിൽ, ഫാ. മാർട്ടിൻ ചിറ്റാടിയിൽ, ഫാ. പോൾ പള്ളിച്ചാംകുടിയിൽ എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകും.
പരിശുദ്ധ കന്യകാമറിയത്തെ ദിവ്യരക്ഷകന്റെ പരിശുദ്ധ അമ്മയും വിശ്വാസത്തിന്റെ മാതാവും ശക്തയായ മാധ്യസ്ഥയുമായി കൂടുതൽ അടുത്തറിയുന്നതിനും അവിടുത്തെ സ്നേഹവും സംരക്ഷണവും ജീവിതത്തിൽ അനുഭവിച്ചറിയുന്നതിനും ഈ ധ്യാനം അവസരമൊരുക്കും.
പരിശുദ്ധ മറിയത്തിന്റെ ജീവിതവും വിശ്വാസവും മാതൃസ്നേഹവും ധ്യാനിക്കുവാനും പ്രാർഥനാജീവിതം ശക്തിപ്പെടുത്തുവാനും രജിസ്ട്രേഷൻ നടപടികൾ നേരത്തെ പൂർത്തിയാക്കി ധ്യാന ശുശ്രൂഷകളിൽ പങ്കാളിത്തം ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
ഭക്ഷണവും താമസവും ഉൾപ്പെടെ ധ്യാനത്തിന്റെ രജിസ്ട്രേഷൻ ഫീസ് £75 മാത്രമാണ്. ധ്യാനത്തിൽ പങ്കുചെയ്യുന്നവർക്കായി ഒക്ടോബർ എട്ടിന് വൈകുന്നേരം മുതൽ താമസസൗകര്യം ക്രമീകരിക്കുന്നതാണ്.
ആത്മീയ നവീകരണത്തിനും പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിനും മാധ്യസ്ഥത്തിനും പ്രാർഥനാനിർഭരമായ ധ്യാനദിനങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07474787870, www.divineuk.org.
NRI
അറ്റ്ലാന്റാ: സംഗീതസംവിധായകനും വചന പ്രഘോഷകനും വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ നയിച്ച ധ്യാനം അറ്റ്ലാന്റയിൽ വിപുലമായ ഒരുക്കത്തോടെ നടന്നു.
യുവതലമുറയ്ക്ക് വിശ്വാസം പകർന്നുകൊടുക്കണമെന്നും കുട്ടികളെ സ്നേഹവും സത്യവും ജീവിതം കൊണ്ട് പഠിപ്പിക്കണമെന്നും ഡോ. സണ്ണി സ്റ്റീഫൻ പറഞ്ഞു.
ഭിന്നതകളിൽ നിന്ന് ഐക്യത്തിലേക്ക്, വാക്കുകളിൽ നിന്ന് പ്രവൃത്തിയിലേക്ക്, ഭയത്തിൽ നിന്ന് ധൈര്യത്തിലേക്ക്, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക്, ക്രിസ്തു സ്നേഹത്തിന്റെ സാക്ഷികളായി നമുക്ക് വളരാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് വേൾഡ് പീസ് മിഷൻ പ്രസിഡന്റ് എബ്രഹാം മാത്യു, യുഎസ് വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ് മെമ്പർ ജെസി മാത്യു എന്നിവർ നന്ദി പറഞ്ഞു.
NRI
മെൽബൺ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്റർ മെൽബണിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ശനിയാഴ്ച മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വച്ചാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനമായി $ 2500 എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി $1000 ട്രോഫിയും നൽകും. $ 350 ആണ് രജിസ്ട്രേഷൻ ഫീസ്.
മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്റ് കോഓർഡിനേറ്റർമാരായ ഇന്നസെന്റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
പരിപാടികൾക്ക് ഐഒസി ഓസ്ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ റോബിൻ ജോസഫ്, ഇന്നസെന്റ ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.
NRI
കുവെെറ്റ് സിറ്റി: കുവൈറ്റില്‍ അന്തരിച്ച ചെങ്ങന്നൂര്‍ കൊച്ചുപുരയ്ക്കല്‍ ഷൈനി തോമസിന്റെ (54) സംസ്കാരം ശനിയാഴ്ച നടക്കും.
ഭർത്താവ്: മനോജ്. മക്കള്‍: ഷൈന്‍, ഷോണ്‍ (ഓസ്ട്രേലിയ). രാവിലെ 11ന് ഇടുക്കി വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയിലാണ് സംസ്കാരം നടക്കുന്നത്.
മൃതദേഹം വെള്ളിയാഴ്ച രാത്രി ഏഴിന് വെള്ളിയാമറ്റത്തുള്ള സഹോദരന് ഇല്ലിമൂട്ടില്‍ മത്തച്ചന്റെ ഭവനത്തില്‍ കൊണ്ടുവരും.
NRI
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവജനങ്ങൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) മാട്രിമോണിയൽ വെബ്സൈറ്റ് "മംഗല്യസൂത്രം' ആരംഭിക്കുന്നു.
ശനിയാഴ്ച രാത്രി ഒമ്പതിന് (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോം വഴിയാണ് വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. സിനിമാ താരം ഷാജു ശ്രീധർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സോപാന സംഗീതജ്ഞ കെ.എം.പി. ഭദ്രയുടെ സംഗീതാലാപനവും ചടങ്ങിന് മാറ്റുകൂട്ടും.
വെബ്സൈറ്റിന്റെ വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ, ട്രസ്റ്റി ചെയർ വനജ നായർ എന്നിവർ പറഞ്ഞു.
വെബ്സൈറ്റിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി സുരേഷ് നായർ ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
ശ്രീജിത്ത് ശ്രീനിവാസൻ, നന്ദകുമാർ ചക്കിങ്ങൽ, ഡോ. സുധീർ പ്രയാഗ, ഡോ. രഞ്ജിനി പിള്ള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
NRI
ബർമിംഗ്ഹാം: യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കായി സ്ഥാപിതമായ 15 ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന നാലാമത് ക്നാനായ കുടുംബസംഗമമായ വാഴ്വ് 2026-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
യുകെയിൽ ക്നാനായക്കാരുടെ നേതൃത്വത്തിൽ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും കോട്ടയം അതിരൂപതയോട് ചേർന്നുനിന്നുകൊണ്ട് ക്നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്വ്.
"കരുണതൻ കരുതലായി വാഴ്വ്' എന്ന ആപ്തവാക്യം മുൻനിർത്തി, അർഹതപ്പെട്ട ഒരു ക്നാനായ കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്നതിനും രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഈ വർഷത്തെ വാഴ്വ് 2026 പ്രത്യേക പ്രാധാന്യം നൽകുന്നത്.
പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകൾ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ഈ വർഷത്തെ വാഴ്വിന്റെ പ്രത്യേകതകളാണ്.
യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളും മാസ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്വിനെ യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾ ഉറ്റുനോക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്വ് 2026-ന്റെ ക്രമീകരണങ്ങൾ പുരോഗമിച്ചത്.
യുകെയിലെ നിരവധി മഹാസംഗമങ്ങൾക്ക് വേദിയായിട്ടുള്ള ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലാണ് വാഴ്വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്.
യുകെയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഈ വേദിയുടെ പ്രധാന പ്രത്യേകത.
ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സീറ്റിംഗ് സൗകര്യങ്ങളും വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളും വേദിയുടെ പ്രത്യേകതകളാണ്.
വാഴ്വ് 2026-ന്റെ ജനറൽ കൺവീനറായി സാജൻ ഈഴാറത്ത്, കൺവീനർമാരായി ഫാ. ജോസ് തേകനിൽക്കുന്നതിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ എന്നിവരും ജോയിന്റ് കൺവീനറായി ജിൽസ് നന്ദികാട്ടും നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ മാസങ്ങൾക്കുമുമ്പുതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
പബ്ലിസിറ്റി കമ്മിറ്റിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ യുകെയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്നാനായ സമൂഹം വാഴ്വ് 2026-നെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അതോടൊപ്പം, മധ്യസ്ഥപ്രാർഥന കമ്മിറ്റി ആറുമാസങ്ങൾക്കുമുമ്പുതന്നെ വാഴ്വ് 2026-ന്റെ വിജയത്തിനായി പ്രത്യേക മധ്യസ്ഥപ്രാർഥനകൾ ആരംഭിച്ചിരുന്നു.
യുവജനങ്ങൾക്കായി "യുവ വാഴ്വ്' എന്ന പേരിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ വാഴ്വിന്റെ പ്രധാന സവിശേഷതയാണ്.
യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകളിലെ ലീജൻ ഓഫ് മേരി അംഗങ്ങളുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് 2026-ന്റെ എൻട്രി പാസ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.
തുടർന്ന് 15 മിഷനുകളിലും വിവിധ മാസ് സെന്ററുകളിലും എൻട്രി പാസ് വിതരണോദ്ഘാടനങ്ങൾ സംഘടിപ്പിച്ചു.
വാഴ്വിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി, മാർച്ച് 13ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പകർന്നുനൽകിയ സ്നേഹദീപം 15 ക്നാനായ മിഷനുകളിലും വിവിധ മാസ് സെന്ററുകളിലും ഇതിനോടകം എത്തിച്ചേർന്നിരുന്നു.
പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേർന്നുനിന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സംഘടിപ്പിച്ച വാഴ്വ് 2023, 2024, 2025 എന്നിവയുടെ മനോഹരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ വാഴ്വിനായി യുകെയിലെ ക്നാനായ ജനത ഏറെ ആവേശത്തോടെയാണ് സെപ്റ്റംബർ 26നായി കാത്തിരിക്കുന്നത്.
യുകെയിലെ മഹാസംഗമങ്ങളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ രീതിയിൽ, ഏറ്റവും കുറഞ്ഞ നിരക്കിൽ എൻട്രി പാസുകൾ ലഭ്യമാക്കുന്നതും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നതും അതോടൊപ്പം നാട്ടിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്നതിനുള്ള കാരുണ്യപ്രവർത്തനവും ഈ വർഷത്തെ ഫിനാൻസ് & രജിസ്ട്രേഷൻ കമ്മിറ്റിയുടെ മികവിന് തെളിവാണ്.
പരിപാടിയുടെ വിജയത്തിനായി റിസപ്ഷൻ, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റർജി, പ്രോഗ്രാം, ക്വയർ, ഫുഡ്, ഹെൽത്ത് & സേഫ്റ്റി, ട്രാഫിക് & ട്രാൻസ്പോർട്ടേഷൻ, ഡെക്കറേഷൻ & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങി നിരവധി കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചുവരുന്നു.
ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, ക്നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേജ് ഷോകൾ, പ്രഗത്ഭരായ യുവജനങ്ങളുടെ സാന്നിധ്യം, പരിചയസമ്പന്നരായ സംഘാടകരുടെ മികവുറ്റ നേതൃത്വവും ഒത്തുചേരുന്ന വാഴ്വ് 2026നെ യുകെയിലെ ക്നാനായ സമൂഹം ഇതിനോടകം ഹൃദയപൂർവം ഏറ്റെടുത്തുകഴിഞ്ഞു.
യുകെയിലെ ക്നാനായ ജനതയ്ക്ക് അവിസ്മരണീയമായ ഒരു ദിനമായി മാറുന്ന വാഴ്വ് 2026-ന്റെ വേദി വിശിഷ്ടാതിഥികളാൽ സമ്പന്നമാണ്. ക്നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ വാഴ്വിൽ പങ്കെടുക്കുന്നത് പരിപാടിക്ക് കൂടുതൽ ആത്മീയ പ്രൗഢി പകരും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം അതിരൂപത കെസിവെെഎൽ പ്രസിഡന്റ് ജാക്സൺ മണപ്പാട്ട് എന്നിവരോടൊപ്പം യുകെയിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയിൽ അതിഥികളായി എത്തിച്ചേരും.
സെപ്റ്റംബർ 26 യുകെയിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്വ് എന്ന പേരിനെ അന്വർഥമാക്കുംവിധം, പരിശുദ്ധ കുർബാനയുടെ ആരാധനയോടും ആശീർവാദത്തോടും കൂടി രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും.
രാവിലെ 10ന് മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാർമികത്വത്തിൽ, യുകെയിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തോടെ പൊന്തിഫിക്കൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
ഉച്ചഭക്ഷണത്തിനുശേഷം പൊതുസമ്മേളനവും തുടർന്ന് യുകെയിലെ വിവിധ മിഷനുകളിൽനിന്നുള്ള കലാപ്രതിഭകളുടെ മികവുറ്റ കലാപരിപാടികളും ക്നാനായ സിംഫണി മേളവും വേദിയിൽ അരങ്ങേറും.
രാത്രി എട്ടോടെ പരിപാടികൾക്ക് തിരശീല വീഴും. വിശ്വാസത്തിന്റെ ആഘോഷമായും ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഉണർത്തുപാട്ടായും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായും മാറുന്ന വാഴ്വ് 2026നായി യുകെയിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് സെപ്റ്റംബർ 26നെ വരവേൽക്കുന്നത്.
NRI
അൽഹസ: സൗദി അറേബ്യയിലെ അൽഹസയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ - 55) ആണ് മരിച്ചത്.
32 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 15 വർഷമായി അൽഹസ മുബാറസിലെ നിസാ പോളിക്ലിനിക്കിൽ ഇൻഷുറൻസ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
ഇതിന് മുമ്പ് മറ്റൊരു ക്ലിനിക്കിൽ ഏകദേശം 16 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ സാമൂഹിക - സാംസ്കാരിക രംഗങ്ങളിലും കുഞ്ഞുമോൻ സജീവ സാന്നിധ്യമായിരുന്നു. നവോദയ സാംസ്കാരിക വേദിയുടെ സജീവ അംഗമായിരുന്നു.
ഭാര്യ പ്രീതി കുഞ്ഞുമോൻ (നിസാ പോളിക്ലിനിക്ക് ലാബ് ടെക്നീഷ്യൻ). മക്കൾ: സക്കറിയ മാർട്ടിൻ, സാന്ദ്ര മരിയ മാർട്ടിൻ, ജോർജ് മാർട്ടിൻ.
മൃതദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
NRI
ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിലേക്ക് എട്ടുനോമ്പിനോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന വേളാങ്കണ്ണിമാതാവിന്റെ പ്രാർഥനാപൂർണമായ മരിയൻ തീർഥാടനവും തിരുനാളും ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
ജർമൻടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ ബസിലിക്ക തീർഥാടനകേന്ദ്രത്തിൽ (The Basilica Shrine of Our Lady of the Miraculous Medal, 500 E. Chelten Avenue, Philadelphia, PA 19144) തുടർച്ചയായി ഇതു പതിനഞ്ചാം വർഷമാണു വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.
വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നൽകുന്നത്.
ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൻ റെക്ടർ ഫാ. ജോൺ കെറ്റൽബർഗർ സിഎം, സീറോമലബാർപള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാർ എന്നിവർ ക്ഷണിക്കുന്നതായി അറിയിച്ചു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012ൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജന്മദിനമായ സെപ്റ്റംബർ എട്ടിനാണു ഫിലഡൽഫിയ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബർ, അന്നത്തെ വികാരിയായിരുന്ന ഫിലഡൽഫിയ സീറോമലബാർ പള്ളി റവ. ജോൺ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും കാർമികത്വത്തിലും ആയിരക്കണക്കിനുപേരെ സാക്ഷിനിർത്തി ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.
മരിയഭക്തരെ അന്നുമുതൽ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വർഷങ്ങളിലും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നു. മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ഇതു നാലാം തവണയാണു വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമൻടൗൺ മിറാക്കുലസ് മെഡൽഷനിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സമയങ്ങളിൽ നടക്കുന്ന കുർബാനയിലും നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, രോഗിസൗഖ്യ പ്രാർഥന, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണു തിരുനാൾ ദിവസത്തെ തിരുക്കർമങ്ങൾ.
സീറോമലബാർ പള്ളി വികാരി റവ.ഡോ. ജോർജ് ദാനവേലിൽ, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൈൻ റെക്ടർ റവ.ഫാ. ജോൺ കെറ്റൽബർഗർ സിഎം എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം വഹിക്കും.
സീറോമലബാർ ഇടവകയും വിവിധ ഇന്ത്യൻ ക്രൈസ്വരും ഒന്നുചേർന്ന് നടത്തുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്കു സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവകവികാരി റവ. ഡോ. ദാനവേലിൽ, കൈക്കാരന്മാരായ സിബിച്ചൻ ചെമ്പ്ലായിൽ, ജോബി കൊച്ചുമുട്ടം, റോഷിൻ പ്ലാമൂട്ടിൽ, ജിതിൻ ജോണി, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ജോസ് തോമസ് ആണു തിരുനാളിന്റെ ജനറൽ കോഓർഡിനേറ്റർ.
NRI
ടെക്സസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച ലൂയിസ്വില്ലിലെ എംഎസി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാളസ് - ഫോർട്ട്വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
16നും 35നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെഇസിഎഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു.
ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കെഇസിഎഫ് അംഗങ്ങൾക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവതുക്കൽ എന്നിവർ വ്യക്തമാക്കി.
റവ. ഫാ. മാർട്ടിൻ ബാബു, ലിൻഡ സൈമൺ മാത്യു എന്നിവരാണ് ടൂർണമെന്റ് കോഓർഡിനേറ്റർമാർ. ജോയൽ സന്തോഷ്, മനോജ് ഡാനിയൽ, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, ഷാജി രാമപുരം, ഷാനു രാജൻ, സോണി ജേക്കബ്, സോനു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഡിഎഫ്ഡബ്ല്യു മേഖലയിലെ മുഴുവൻ കായികപ്രേമികളെയും കെഇസിഎഫ് അംഗങ്ങളെയും ടൂർണമെന്റിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
പരിപാടിയുടെ വിശദാംശങ്ങൾ:
വേദി: MAC Sports, 200 Continental Dr, Lewisville, TX 75067, ഇ-മെയിൽ: [email protected].
കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ റവ.ഫാ. മാർട്ടിൻ ബാബു (713 304 0717), ലിൻഡ സൈമൺ മാത്യു (917 716 4335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ വള്ളികുന്നം സ്വദേശിനിയും കുവൈറ്റിൽ ഗാർഹിക തൊഴിലാളിയുമായിരുന്ന യുവതിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി.
ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തി തുടർചികിത്സ നടത്തേണ്ട സാഹചര്യമുണ്ടായി. ഈ വിവരം കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖേന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കുകയും ആവശ്യമായ സഹായങ്ങൾ നൽകി സുരക്ഷിതമായി നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
പ്രവാസി സമൂഹത്തിന്റെ വേദനകളിൽ ഒപ്പം നിൽക്കുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു.
NRI
പെൻസിൽവാനിയ: ഫൊക്കാന സാഹിത്യ കമ്മറ്റിയുടെ ചെയർമാനായി ബെന്നി നെച്ചൂർ, വൈസ് ചെയർമാനായി മുരളി ജെ. നായർ, കോഓർഡിനേറ്റർമാരായി സോണി അബൂക്കൻ, ഗീത ജോർജ്, ജോർജ് നടവയൽ, ബിജു ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാന രൂപീകരണകാലം മുതൽ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
"ഭാഷയ്ക്കൊരു ഡോളർ' പദ്ധതി, കേരള കൺവൻഷനിൽ മലയാള സാഹിത്യത്തിന് പ്രത്യേക വേദി, കേരളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ ആദരിക്കൽ, സാഹിത്യ അവാർഡുകൾ നൽകൽ, സാഹിത്യ സെമിനാറുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സാഹിത്യ രംഗത്ത് ഫൊക്കാന കാഴ്ചവച്ചിട്ടുള്ളത്.
മലയാളത്തിലെ പ്രമുഖ സാഹിത്യ ഗുരുക്കളായിരുന്ന തകഴി, എംടി, ഒൻവി, സുഗതകുമാരി തുടങ്ങിയവരെ ഫൊക്കാനയിൽ ക്ഷണിച്ചുവരുത്തി ആദരിച്ചിട്ടുണ്ട്. പ്രവാസി സാഹിത്യ പ്രോത്സാഹനവും ഭാഷാ സേവനവും തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി.
പ്രവാസി മലയാളി എഴുത്തുകാരെയും അവരുടെ കൃതികളെയും അർഹമായ രീതിയിൽ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്ക് നിവേദനം നൽകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
പുതിയ നിയമനങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പോസ് ഫിലിപ്പ് - പ്രസിഡന്റ്, സന്തോഷ് നായർ - സെക്രട്ടറി, ആന്റോ വർക്കി - ട്രഷറർ, ലിൻഡോ ജോളി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജോസി ജെ. കാരക്കാട്ട് - വൈസ് പ്രസിഡന്റ് , സോണി തോമസ് അമ്പൂക്കൻ - അസോസിയേറ്റ് സെക്രട്ടറി, അജു ഉമ്മൻ - അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി, അപ്പുക്കുട്ടൻ പിള്ള - അസോസിയേറ്റ് ട്രഷറർ, ഗ്രേസ് മരിയ ജോസഫ് - അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഷൈനി രാജു എന്നിവർ വുമൺസ് ഫോറം ചെയർ സ്വാഗതം ചെയ്തു.
NRI
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.
ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ആറ് വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു.
വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തിരുനാൾ പ്രദക്ഷിണം, വാഴ്വ്, ചെണ്ടമേളം, സ്നേഹവിരുന്ന്, കാർണിവൽ തുടങ്ങിയ വിവിധ പരിപാടികൾ തിരുനാളിന്റെ ഭാഗമായി നടന്നു.
പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.
വേദനയിൽ കൂടെയുണ്ടാകുന്ന അമ്മയാണ് കന്യകാമറിയമെന്നും അതുകൊണ്ടാണ് ദുഃഖിക്കുന്നവർക്കും രോഗികൾക്കും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്കും മറിയം ആശ്വാസത്തിന്റെ അമ്മയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
NRI
ന്യൂയോർക്ക്: കേരള സെന്റർ വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു.
വിശിഷ്ട അതിഥികളും സെന്റർ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.
മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോർജിന്റെയും ഡോ. അന്നാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരയും അർച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാൻസും മനോഹരമായ ദൃശ്യാനുഭവമായി.
കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിർത്തുവാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
മുഖ്യാതിഥി ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ & പസഫിക് ഐലൻഡർ അഫയേഴ്സ് ഡയറക്ടർ സിബു നായർ ഓണസന്ദേശം നൽകി.
ന്യൂയോർക്ക് ഗവർണറുടെ ഓഫീസിനെ ഈ ആഘോഷങ്ങളുടെ ഭാഗമാക്കിയതിൽ അദ്ദേഹം നന്ദി പറഞ്ഞു.
NRI
ഷിക്കാഗോ: കെസിഎസ് സീനിയർ സിറ്റിസൺസ് കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ ഓണം ആഘോഷിച്ചു.
സെപ്റ്റംബർ ഏഴിന് കെസിഎസ് കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ 50ലധികം സീനിയർ സിറ്റിസൺസ് പങ്കെടുത്തു.
സന്തോഷവും സാംസ്കാരിക പാരമ്പര്യവും സൗഹൃദവും നിറഞ്ഞ ഈ സംഗമം എല്ലാവർക്കും മനോഹരമായ ഒരു അനുഭവമായി മാറി.
പരമ്പരാഗത ഓണക്കോടിയണിഞ്ഞ് സീനിയർ അംഗങ്ങൾ ഒത്തുചേർന്നത് ആഘോഷത്തിന് കൂടുതൽ ഉത്സവച്ഛായ പകർന്നു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ എട്ട് നോയമ്പ് തിരുനാളായി ആഘോഷിച്ചു.
സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ ദിവസവും കൊന്ത നമസ്കാരവും ലദീഞ്ഞും വി. കുർബാനയും നേർച്ചയും ഉണ്ടായിരുന്നു. സെപ്റ്റംബർ എട്ടിനു വൈകുന്നേരം ഏഴിന് നടന്ന തിരുനാൾ കുർബാനയ്ക്ക് വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമികനായിരുന്നു.
അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര തിരുനാൾ സന്ദേശം നൽകി.
NRI
റിയാദ്: വിദേശ വിനോദസഞ്ചാരികൾക്കായി ആറ് ഗൾഫ് രാജ്യങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി ഉടൻ യാഥാർഥ്യത്തിലേക്ക്.
യൂറോപ്യൻ രാജ്യങ്ങളിലെ ഷെംഗൻ വീസ മാതൃകയിൽ ഒരു വീസ ഉപയോഗിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണു പുതിയ പദ്ധതി.
റിയാദിൽ നടന്ന "സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026' സമ്മേളനത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസം മേഖലയ്ക്കു വലിയ ഉണർവ് നൽകുന്നതിനും നിർണായക ചുവടുവയ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ വീസയുടെ ഫീസ്, പ്രാബല്യത്തിൽ വരുന്ന തീയതി, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
NRI
ടെക്സസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച ലൂയിസ്വില്ലിലെ എംഎസി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാലസ് - ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
16നും 35നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെഇസിഎഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു.
ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കെഇസിഎഫ് അംഗങ്ങൾക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ.ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവതുക്കൽ എന്നിവർ വ്യക്തമാക്കി.
റവ.ഫാ. മാർട്ടിൻ ബാബു, ലിൻഡ സൈമൺ മാത്യു എന്നിവരാണ് ടൂർണമെന്റ് കോർഡിനേറ്റർമാർ. ജോയൽ സന്തോഷ്, മനോജ് ഡാനിയൽ, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, ഷാജി രാമപുരം, ഷാനു രാജൻ, സോണി ജേക്കബ്, സോനു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഡിഎഫ്ഡബ്ല്യു മേഖലയിലെ മുഴുവൻ കായികപ്രേമികളെയും കെഇസിഎഫ് അംഗങ്ങളെയും ടൂർണമെന്റിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
പരിപാടിയുടെ വിശദാംശങ്ങൾ: സെപ്റ്റംബർ 12 (ശനിയാഴ്ച), സമയം: രാവിലെ എട്ട് മുതൽ. വേദി: MAC Sports, 200 Continental Dr, Lewisville, TX 75067. മത്സരരീതി: 5-on-5 Basketball.
ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ റവ. ഫാ. മാർട്ടിൻ ബാബു (713-304-0717), ലിൻഡ സൈമൺ മാത്യു (917-716-4335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ടൊറന്റോ: കാനഡയിലെ തൃശൂർ സ്വദേശികളുടെയും തൃശൂരിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെയും കൂട്ടായ്മയായ തൃശൂർ ഗഡീസ് ഇൻ കാനഡയുടെ രണ്ടാമത് സംഗമമായ ഗഡീസ് പിക്നിക് 2026 ശനിയാഴ്ച മിൽട്ടൺ സ്പോർട്സ് സെന്റർ കമ്യൂണിറ്റി പാർക്കിൽ നടക്കും.
ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം ആറ് വരെയാണ് പരിപാടികൾ. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി നൂറുകണക്കിന് തൃശൂർ സ്വദേശികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിക്നിക്കിൽ പങ്കെടുക്കും.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തൃശൂരിന്റെ സൗഹൃദവും കൂട്ടായ്മയും ആഘോഷിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയായിരിക്കും പിക്നിക്.
ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ തരംഗം നയാഗ്രയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, ആവേശകരമായ വടംവലി, ഫാമിലി ഗെയിംസ്, വിവിധ വിനോദ പരിപാടികൾ, സമൃദ്ധമായ ഭക്ഷണം എന്നിവയാണ് പിക്നിക്കിന്റെ പ്രധാന ആകർഷണങ്ങൾ.
വിവിധ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാട്ടർലൂവിലെ ഗ്രാൻഡ് മലബാർ റസ്റ്ററന്റ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
തൃശൂരിന്റെ സാംസ്കാരിക പൈതൃകവും സൗഹൃദവും കൂട്ടായ്മയുടെ മനസും കാനഡയിലും നിലനിർത്തുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിനൊപ്പം, സഹജീവികൾക്ക് ആവശ്യമായ ഘട്ടങ്ങളിൽ കൈത്താങ്ങാകുക എന്നതും തൃശൂർ ഗഡീസ് ഇൻ കാനഡയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൗണ്ടർമാരായ രാധിക, നഹ്ല, സോണി, ഷിറാസ്, സാബിർ, ഹാഫിസ് എന്നിവർ അറിയിച്ചു.
എല്ലാ തൃശൂർ ഗഡികളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും.
NRI
ബെർലിൻ: ജർമനിയിലെ സ്കൂൾ വിദ്യാഭ്യാസ രംഗം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി പുതിയ പിസ പഠന റിപ്പോർട്ട് പുറത്ത്.
വായനയിലും ഗണിതശാസ്ത്രത്തിലും ജർമൻ വിദ്യാർഥികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുന്നതായാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യം "പിസ ഷോക്ക് 3.0' എന്ന ഭീതിദമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി വാർത്ത പുറത്തുവിട്ടതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
പഠനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന "റിസ്ക് ഗ്രൂപ്പ്' വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് ഭയാനകമായ രീതിയിൽ വർധിച്ചുവരികയാണ്.
നിത്യജീവിതത്തിന് ആവശ്യമായ അടിസ്ഥാന ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനോ, ലളിതമായ പാഠഭാഗങ്ങൾ വായിച്ചു മനസ്സിലാക്കാനോ പോലും വലിയൊരു വിഭാഗം കുട്ടികൾക്ക് സാധിക്കുന്നില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
പ്രധാന കണ്ടെത്തലുകൾ ഗണിതത്തിലും വായനയിലും വൻ തിരിച്ചടി: ജർമ്മനിയിലെ സ്കൂളുകളിൽ ഭൂരിഭാഗം കുട്ടികൾക്കും നിശ്ചിത സിലബസ് പൂർത്തിയാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല.
റിസ്ക് ഗ്രൂപ്പുകളുടെ വർദ്ധന: അടിസ്ഥാന നിലവാരം പോലുമില്ലാത്ത കുട്ടികളുടെ അനുപാതം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലേക്ക് എത്തി.
അധ്യാപക ക്ഷാമവും സംവിധാനത്തിലെ പോരായ്മകളും: സ്കൂളുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ അധ്യാപക പ്രതിസന്ധിയും ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത സംസ്കാരവും കൊണ്ട് പ്രശസ്തമായ ജർമനിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഇടിവ് ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പ്രശ്നം അതീവ ഗൗരവത്തോടെ കാണണമെന്നും വിദ്യാഭ്യാസ നയങ്ങളിൽ ഉടൻ അഴിച്ചുപണി വേണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. ജർമനിയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങൾക്കിടയിലും പുതിയ റിപ്പോർട്ട് ആശങ്ക പടർത്തുന്നുണ്ട്.
കുട്ടികളുടെ ഭാവിയെയും ഉന്നത വിദ്യാഭ്യാസത്തെയും മുൻനിർത്തി സ്കൂൾ തെരഞ്ഞെടുപ്പിലും പഠനകാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന് പ്രവാസി രക്ഷിതാക്കൾ, മലയാളികൾ വിലയിരുത്തുന്നു.
പ്രശ്നപരിഹാരത്തിനായി സ്കൂളുകളിൽ അധിക പരിശീലന ക്ലാസുകളും ഡിജിറ്റൽ നവീകരണങ്ങളും കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും തകർച്ച മറികടക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണ്.
NRI
ബെർലിൻ: ജർമൻ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവിന് സാധ്യതയൊരുക്കി സാക്സണി - അൻഹാൾട്ട് സംസ്ഥാന തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) അധികാരം പിടിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി.
തെരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് നേടി 39 സീറ്റുകൾ നേടിയ എഎഫ്ഡിക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 42 സീറ്റുകളിലേക്ക് എത്താൻ മൂന്ന് സീറ്റുകളുടെ കുറവുണ്ട്.
ഈ സാഹചര്യത്തിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) എംഎൽഎമാരെ പാർട്ടിയിലേക്ക് ആകർഷിച്ച് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കമാണ് എഎഫ്ഡി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന സിഡിയു നേതാക്കളെയും ഭരണപരമായ പദവികൾ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പാർട്ടി നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്.
എഎഫ്ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉൾറിഷ് സീഗ്മുണ്ട് (35), കേന്ദ്ര നേതാക്കളായ ആലീസ് വൈഡലും ടിനോ ക്രുപ്പല്ലയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനായി മറ്റു പാർട്ടികളിലെ അംഗങ്ങളുടെ പരസ്യ പിന്തുണ തേടുമെന്ന് സീഗ്മുണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഡിയുയിൽ നിന്ന് ആരും കൂടെയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
അതേസമയം, എഎഫ്ഡിയുടെ നീക്കങ്ങളെ നിലവിലെ സംസ്ഥാന മുഖ്യമന്ത്രിയും സിഡിയു നേതാവുമായ സ്വെൻ ഷൂൾസ് ശക്തമായി തള്ളിപ്പറഞ്ഞു. സിഡിയുയിൽ നിന്ന് ആരും എഎഫ്ഡിയിലേക്ക് പോകില്ലെന്നും അത്തരമൊരു നീക്കം ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര വലതുപക്ഷ പാർട്ടിക്ക് അധികാരം പിടിക്കാൻ സഹായിക്കുന്ന തരത്തിൽ സിഡിയുവിന്റെ ഒരു ജനപ്രതിനിധിയും നിലപാടെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഎഫ്ഡിയുടെ നീക്കം വിജയിച്ചാൽ ജർമനിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനത്ത് തീവ്ര വലതുപക്ഷ പാർട്ടി സർക്കാർ രൂപീകരിക്കുന്ന സാഹചര്യമുണ്ടാകും.
അതിനാൽ സാക്സണി - അൻഹാൾട്ടിലെ രാഷ്ട്രീയ നീക്കങ്ങൾ ജർമനിയിലെ രാഷ്ട്രീയ വൃത്തങ്ങളും പ്രവാസി മലയാളികളടക്കമുള്ള പൊതുസമൂഹവും ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്.
സംസ്ഥാനതലത്തിൽ ഉണ്ടാകുന്ന ഈ രാഷ്ട്രീയ മാറ്റങ്ങൾ ജർമൻ ഫെഡറൽ രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
NRI
ദോഹ: കാരുണ്യം പണത്തിന്റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്വേ ബിസിനസ് സര്‍വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.
സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാള്‍ക്ക് നല്കുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസിലാക്കി കഴിയുന്ന രീതിയില്‍ പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ കരുതലിന്റെയും സഹാനുഭൂതിയുടെയും സംസ്കാരം വളര്‍ത്താന്‍ സഹായിക്കും.
കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യം പ്രത്യേക അവസരങ്ങളില്‍ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശേരി മുഖ്യപ്രഭാഷണം നടത്തി. കാരുണ്യത്തിന്റെ വിശാലമായ അര്‍ഥവും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു.
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാനുള്ള മനസാണ് യഥാര്‍ഥ കാരുണ്യത്തിന്റെ അടിസ്ഥാനം. നല്‍കുന്നത് ഒരു സഹായം മാത്രമല്ല, മനുഷ്യബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന സാമൂഹിക ഇടപെടല്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, യുണീഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മിനി ബെന്നി, ട്രെയിനറും സംരംഭകനുമായ രാജേഷ് ആലൂര്, ജിആര്‍സിസി പ്രസിഡന്റ് റോഷ്നി കൃഷ്ണന്, മന്‍സൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ ജാഫര്‍ ജാതിയേരി, കോയ കൊണ്ടോട്ടി, കെ.വി. ഹഫീസുള്ള, ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം, സഫ് വാന്‍, ടി.എം. കബീര്‍, റാഫി പറക്കാട്ടില്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. സാമ്പത്തിക സഹായത്തിനപ്പുറം നിരവധി രൂപങ്ങളില്‍ കാരുണ്യം പ്രകടിപ്പിക്കാനാകുമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, ഒരാളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക, പ്രായമായവരെ സഹായിക്കുക, സ്വന്തം തൊഴില്‍പരമായ അറിവും വൈദഗ്ധ്യവും മറ്റുള്ളവരുമായി പങ്കുവെക്കുക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് മാനസിക പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം സമൂഹത്തിന് നല്കാവുന്ന വിലപ്പെട്ട സംഭാവനകളാണ്.
ഒരു ചെറിയ നന്മയ്ക്ക് പോലും പ്രതീക്ഷ നല്‍കാനും ആത്മവിശ്വാസം പകരാനും ഒരാളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവാകാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക് ലഭിക്കുന്ന കരുതല്‍ പിന്നീട് മറ്റൊരാളിലേക്ക് പകരുമ്പോള്‍ അത് സമൂഹത്തില്‍ നന്മയുടെ ഒരു ശൃംഖല സൃഷ്ടിക്കും.
കാരുണ്യം സഹായം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, സഹായിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും സമ്പന്നമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും സൃഷ്ടിക്കുന്നതിലൂടെ കൂടുതല്‍ സംതൃപ്തിയും ജീവിതത്തിന് അര്‍ഥവും കണ്ടെത്താന്‍ കഴിയുമെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
മതര്‍ തെരേസയുടെ ഓര്‍മദിനമായ സപ്റ്റംബര്‍ അഞ്ച് ആണ് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ദിനമായി ആഘോഷിക്കുന്നത്. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
NRI
ടെക്സസ്: ഗ്രാമീണ - ആദിവാസി മേഖലകളിലെ വിദ്യാഭ്യാസവും സമഗ്രവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയ ഫൗണ്ടേഷന്റെ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ സംഘടിപ്പിച്ച ധനസമാഹരണ പരിപാടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ഗാർലൻഡിലെ ഗ്രാൻവിൽ ആർട്സ് സെന്ററിൽ നടന്ന പരിപാടിയിലൂടെയും അനുബന്ധ ഫണ്ട്റൈസിംഗ് ക്യാമ്പയിനിലൂടെയും ഏകദേശം 2.22 ലക്ഷം ഡോളർ സംഭാവനകളും വാഗ്ദാനങ്ങളുമായി സമാഹരിച്ചതായി സംഘടനയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമാഹരിച്ച തുക ഉപയോഗിച്ച് ഇന്ത്യയിലെ ഏകദേശം 342 ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് ഏകൽ വിദ്യാലയയുടെ വിലയിരുത്തൽ. ഇതിൽ 252 ഏകൽ സ്കൂളുകൾക്കുള്ള സഹായവും ഏകദേശം 30 ഗ്രാമങ്ങൾ വീതം ഉൾപ്പെടുന്ന മൂന്ന് പ്രത്യേക വികസന പദ്ധതികളും ഉൾപ്പെടുന്നു.
ഈ മൂന്ന് പദ്ധതികളിലൂടെ 90 ഗ്രാമങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎഫ്ഡബ്ല്യു ചാപ്റ്ററിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ധനസമാഹരണ പ്രവർത്തനങ്ങളിലൊന്നായി ഇത്തവണത്തെ ക്യാമ്പയിൻ മാറിയതായി സംഘാടകർ പറഞ്ഞു.
പങ്കാളിത്തം, സമാഹരിച്ച തുക, ദാതാക്കളുടെയും പിന്തുണക്കുന്നവരുടെയും എണ്ണം എന്നിവയിൽ മുൻകാല നേട്ടങ്ങൾ കൈവരിക്കാനോ മറികടക്കാനോ കഴിഞ്ഞതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരിപാടിക്ക് മുന്നോടിയായി സായ് കറി ഒരുക്കിയ അത്താഴവിരുന്നോടെയാണ് അതിഥികളെ സ്വീകരിച്ചത്. തുടർന്ന് ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളും ഗ്രാമീണ മേഖലകളിൽ സംഘടന സൃഷ്ടിക്കുന്ന മാറ്റങ്ങളും വിശദീകരിക്കുന്ന അവതരണങ്ങൾ നടന്നു.
ഡിഎഫ്ഡബ്ല്യുയിലെ പ്രാദേശിക കലാപ്രതിഭകൾക്ക് വേദി
ഡിഎഫ്ഡബ്ല്യു മേഖലയിലെ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തവും പരിപാടിയുടെ പ്രധാന ആകർഷണമായി. ഗുരു അഖില ജിയുടെയും ഹർഷ ജിയുടെയും നേതൃത്വത്തിലുള്ള ഡിഎഫ്ഡബ്ല്യു ആസ്ഥാനമായ കതക് റിഥംസ് അവതരിപ്പിച്ച "Kathak on the Silver Screen' എന്ന കലാപരിപാടി ശ്രദ്ധേയമായി.
വിദ്യാഭ്യാസത്തിനൊപ്പം സംസ്കാർ, മൂല്യങ്ങൾ, സ്വഭാവരൂപീകരണം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ കലാപാരമ്പര്യം എന്നിവയ്ക്കും ഏകൽ വിദ്യാലയ നൽകുന്ന പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു കലാപരിപാടിയെന്ന് സംഘാടകർ പറഞ്ഞു.
ദാതാക്കൾ, സ്പോൺസർമാർ, സാമൂഹിക സംഘടനാ പ്രതിനിധികൾ, സിവിക് നേതാക്കൾ, സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
ഡിഎഫ്ഡബ്ല്യു സമൂഹത്തോട് ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. ഏകദേശം 2.22 ലക്ഷം ഡോളറിന്റെ പിന്തുണയും 342 ഗ്രാമങ്ങളെ സ്പർശിക്കാനുള്ള സാധ്യതയും വെറും കണക്കുകളല്ല. വിദ്യാഭ്യാസം, അവസരങ്ങൾ, സംസ്കാർ, സുസ്ഥിര വികസനം എന്നിവ ഗ്രാമീണ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പ്രതീകമാണിത് എന്ന് ഏകൽ വിദ്യാലയ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ പ്രസിഡന്റ് മീനു സുഹാൽക്ക പറഞ്ഞു.
ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി
ഏകൽ ഡിഎഫ്ഡബ്ല്യുവിന്റെ ആദ്യ പ്രസിഡന്റായിരുന്ന അന്തരിച്ച ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. ഡാളസ് - ഫോർട്ട്വർത്ത് മേഖലയിൽ ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും ചടങ്ങിൽ അനുസ്മരിച്ചു.
തുടർന്ന് നിലവിളക്ക് തെളിയിക്കൽ, അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ, വിശിഷ്ടാതിഥികളെയും സിവിക് നേതാക്കളെയും ആദരിക്കൽ, ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണം എന്നിവയും നടന്നു.
സന്നദ്ധപ്രവർത്തകർ, സംഘടനാ നേതൃത്വം, ദാതാക്കൾ, സ്പോൺസർമാർ, യുവജന പ്രവർത്തകർ, വിവിധ സാമൂഹിക സംഘടനകൾ, മാധ്യമ - മാർക്കറ്റിംഗ് പങ്കാളികൾ തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ധനസമാഹരണത്തിന്റെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ വ്യക്തമാക്കി.
ഏകൽ വിദ്യാലയ
ഗ്രാമീണ - ആദിവാസി സമൂഹങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമാണ് ഏകൽ വിദ്യാലയ. അടിസ്ഥാന വിദ്യാഭ്യാസത്തിനൊപ്പം സാംസ്കാരിക മൂല്യങ്ങൾ, സൃഷ്ടിപരമായ പാരമ്പര്യം, ആരോഗ്യബോധവത്കരണം, നൈപുണ്യ വികസനം, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര ഗ്രാമവികസനം തുടങ്ങിയ മേഖലകളിലും സംഘടന പ്രവർത്തിക്കുന്നു.
NRI
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം വെള്ളിയാഴ്ച മഹാവീർ എൻക്ലേവ് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹരക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻസിആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.
കൃഷ്ണ - രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 100 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.
ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി. രാമചന്ദ്രൻ നായർ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ.സി. സുശീൽ, ട്രഷറർ പി. വിപിൻദാസ്, ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.
NRI
തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ അഞ്ജനയെ (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളമൂട് ബിഎസ് ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെ നേരമായിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുകെയിൽ ഉപരിപഠനം നടത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു അഞ്ജന. യുകെയിലുള്ള സഹോദരനൊപ്പം പഠനത്തിനായി പോകാൻ ഒരുങ്ങിയിരുന്നെങ്കിലും വീസ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം യാത്ര തടസപ്പെട്ടതിൽ അഞ്ജന മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസിനെ അറിയിച്ചത്.
മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഞ്ജന പഠനവുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ ഉപരിപഠനത്തിന് ശ്രമിച്ചിരുന്നത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൊലീസ് സ്വീകരിച്ചു.
സഹോദരൻ: സഞ്ജു. മരണകാരണം സംബന്ധിച്ച ബന്ധുക്കളുടെ മൊഴിയും പൊലിസിന്റെ പ്രാഥമിക നിഗമനവുമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. പൊലിസ് അന്വേഷണത്തിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.
NRI
മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്ന ജർമനിയുടെ പ്രമുഖ സാംസ്കാരിക - ഭാഷാ സ്ഥാപനമായ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖകൾ അടച്ചുപൂട്ടാൻ റഷ്യ ഉത്തരവിട്ടു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.
ജർമനിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജർമനിയിലെ റഷ്യൻ സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരേ ബെർലിൻ സ്വീകരിച്ച നടപടികൾക്ക് തിരിച്ചടിയായാണ് മോസ്കോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ജർമനി ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിനെതിരേ സ്വീകരിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കെ, റഷ്യയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചില പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്.
1992-ൽ മോസ്കോയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജർമൻ ഭാഷാ പഠനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, ജർമൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിഷേധിച്ചു.
റഷ്യയെ കുറ്റപ്പെടുത്തുന്നതിനായി വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണെന്നാണ് പുടിന്റെ ആരോപണം. ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്നതോടെ റഷ്യയിലെ ജർമൻ ഭാഷാ പഠിതാക്കൾക്കും വിദ്യാർഥികൾക്കും സാംസ്കാരിക രംഗത്തും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
NRI
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിന് ലിവർപൂളിൽ നടക്കും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്.
ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ.
കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താത്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം: BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN, WEST DERBY, LIVERPOOL, L12 9HJ.
NRI
ദോഹ: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നും അവരുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തിരുവല്ല എംഎല്‍എ അഡ്വ. വര്‍ഗീസ് മാമ്മന്‍.
ദോഹയില്‍ സെപ്രോടെക്കും അംവാജും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം, പുനരധിവാസ പദ്ധതികള്‍, പ്രവാസി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇവയില്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎല്‍എ വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എംഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
അംവാജ് വാട്ടര്‍ ഫാക്ടറി സിഎഫ്ഒ ജോര്‍ജ് കോശി അഡ്വ. വര്‍ഗീസ് മാമ്മന്‍ എംഎല്‍എയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെപ്രോടെക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനൂജ് എം. ജോസ് ഗ്രൂപ്പിന്റെ ഉപഹാരം സമര്‍പ്പിച്ചു.
ഗ്രൂപ്പ് ഫെസിലിറ്റി മാനേജര്‍ ജോണ്സണ് രാജു, പര്‍ച്ചേസ് മാനേജര്‍ കിരണ്‍ സേവ്യര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ജേക്കബ് രാജു, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ സുജിത് ഗോപിനാഥ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
സീനിയര്‍ പ്രോജക്ട് സൂപ്പര്‍വൈസര്‍ ബിനു ടി. ഡാനിയല്‍ സ്വാഗതം പറഞ്ഞു. ജെറ്റ്സി അബ്രഹാം പരിപാടിയുടെ അവതാരകയായി.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.
NRI
മൊണ്ടെറെ (മെക്സിക്കോ): ദൈവാലയ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വിശ്വാസികൾക്ക് ദിവ്യകാരുണ്യ ആരാധനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി മെക്സിക്കോയിലെ മൊണ്ടെറെ അതിരൂപത.
പ്രത്യേകമായി രൂപാന്തരപ്പെടുത്തിയ യാത്രാവാഹനത്തിൽ ഒരുക്കിയ "ചാപ്പൽ ഓൺ വീൽസ്' അഥവാ സഞ്ചരിക്കുന്ന ആരാധനാ ചാപ്പലാണ് അതിരൂപത ആരംഭിച്ചിരിക്കുന്നത്.
ദൈവാലയത്തിലേക്ക് വിശ്വാസികൾ എത്തുന്നതിനായി കാത്തിരിക്കാതെ, ദിവ്യകാരുണ്യ സാന്നിധ്യം ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദേവാലയ സൗകര്യമില്ലാത്ത പ്രദേശങ്ങളിലും ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തിൽ നിന്നാണ് പദ്ധതിക്ക് തുടക്കമായതെന്ന് ഇതിന്റെ ചുമതലയുള്ള ഫാ. അഡ്രിയാൻ വില്ലാഗ്രാൻ ഗ്വെറേറോ വ്യക്തമാക്കി.
18 പേർക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ വാനാണ് ഇതിനായി പ്രത്യേകമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. വാഹനം പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് ദിവ്യകാരുണ്യ സാന്നിധ്യത്തിൽ ഒരേസമയം നാലുപേർക്ക് പ്രാർഥിക്കാൻ കഴിയുന്ന ചെറിയ ആരാധനാമുറിയുണ്ട്.
മധ്യഭാഗത്ത് സ്വകാര്യമായി കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും മുൻഭാഗത്ത് ഡ്രൈവർ സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്. 2026 ഓഗസ്റ്റ് 20-ന് മൊണ്ടെറെ ആർച്ച്ബിഷപ് റോജെലിയോ കബ്രേര ലോപ്പസ് സഞ്ചരിക്കുന്ന ചാപ്പൽ ആശീർവദിച്ചു.
ദൈവാലയങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങൾക്കു പുറമേ ആശുപത്രികൾ, ദുരന്തബാധിത മേഖലകൾ, സുവിശേഷീകരണ പരിപാടികൾ, ധ്യാനങ്ങൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിലും ഈ മൊബൈൽ ചാപ്പലിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് പദ്ധതി.
"ജനങ്ങൾ ദൈവാലയത്തിലേക്ക് എത്തുന്നതു മാത്രം കാത്തിരിക്കാതെ, ദൈവാലയം ജനങ്ങളിലേക്ക് എത്തുന്നു' എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ മൊണ്ടെറെ അതിരൂപത പ്രാവർത്തികമാക്കുന്നത്.
വിശ്വാസികളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വ്യത്യസ്തമായ സുവിശേഷീകരണ സംരംഭത്തിന് ലഭിക്കുന്നത്.
പ്രസാദ് തീയാടിക്കൽ
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടകനായി എത്തിയ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ സോഷ്യൽ ക്ലബ് സന്ദർശിച്ചു.
വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സോഷ്യൽ ക്ലബ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്ത അദ്ദേഹം, സംഘാടകർ ഒരുക്കിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങളെ അഭിനന്ദിച്ചു.
12 വർഷങ്ങളായി ഷിക്കാഗോ സോഷ്യൽ ക്ലബ് വിജയകരമായി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര വടംവലി മാമാങ്കം നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനകരമായ ഒരു കായികോത്സവമായി മാറിയിരിക്കുകയാണെന്ന് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
നോർത്ത് അമേരിക്കയിൽ ഇത്രയും വലിയ രീതിയിൽ സംഘടിപ്പിക്കുന്ന മലയാളികളുടെ കായിക മാമാങ്കത്തിൽ പങ്കെടുക്കാനും ഉദ്ഘാടകനാകാനും സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ വി. കെ. ശ്രീകണ്ഠനെ സ്വാഗതം ചെയ്തു. ക്ലബ് ഭാരവാഹികളും വടംവലി കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിച്ചു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാമിയ ഏരിയ റുവൈദ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. "ഓണം പൊന്നോണം 26' എന്ന പേരിൽ നടത്തിയ ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കേളി ട്രഷറർ മധു ബാലുശേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സുദർശനനൻ അധ്യക്ഷനായ പരിപാടിയിൽ കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, റഫീക്ക് പാലത്ത്, അനീസ് അബൂബക്കർ, മുസാമിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, മുസാമിയ ഏരിയ പ്രസിഡന്റ് ജെറി എന്നിവർ ആശംസകൾ അർപ്പിച്ചു.
മുസാമിയ ഏരിയ പരിധിയിൽ നിന്നുള്ള നിരവധി പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യയും ഓണപ്പാട്ടുകളും ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മലയാളികളുടെ ഓണസ്മരണകൾക്ക് നിറംപകരുന്ന വേറിട്ട അനുഭവമായി പരിപാടി മാറി. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മെഹമൂദ് നന്ദിയും പറഞ്ഞു.
NRI
ഗ്ലാസ്ഗോ: നമ്പ്യാകുളം നെടിയകാലായില്‍ മേരി മാത്യു (81) ഗ്ലാസ്ഗോയിൽ (യുകെ) അന്തരിച്ചു. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയില്‍.
ഭർത്താവ് പരേതനായ എൻ.വി. മാത്യു പരേത വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗം. മക്കള്‍: സജി റെജി (യുഎസ്എ), ജെസി ജോസഫ്, റെജി (ജോസ്), സജോ (ജോര്‍ജ്) (മൂവരും യുകെ).
മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്മോന് ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ, മിനി ജോസഫ് പാണൂര്‍ പാദുവ, പുഷ്പതോമസ് മുരിങ്ങയില്‍ ഇടപ്പാടി (മൂവരും യുകെ).
NRI
ഹൂസ്റ്റൺ: മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും വിസ്മയകരമായ സംഗമവുമായി ഹൂസ്റ്റണിൽ "MCUBE - An Ultimate Extravaganza of Magic, Melody, Mission' കലാവിരുന്ന് അരങ്ങേറും.
ഫൊക്കാന ടെക്സസ് റീജിയണിന്റെ ആഭിമുഖ്യത്തിൽ ഡിഫറന്റ് ആർട്ട് സെന്റർ (ഡിഎസി), ഓർത്തഡോക്സ് ടിവി യുഎസ്എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (2411 5th Street) പരിപാടി നടക്കും.
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ. ആർ, ചിത്ര അരുൺ, വയലിനിസ്റ്റ് വിഷ്ണു അശോക് തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കും.
മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും മനോഹരമായ സമന്വയമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വ്യത്യസ്തമായ കലാനുഭവമായിരിക്കും ‘MCUBE’ എന്ന് സംഘാടകർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. ഹൂസ്റ്റണിലെ കലാസ്നേഹികളെയും മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജോൺസൻ പുഞ്ചക്കോണം: 346 332 9998, റെജി കുര്യൻ: 281 777 1919, ഏബ്രഹാം ഈപ്പൻ: 832 541 2456.
NRI
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന റവ.ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂര്‍ - കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കടമ്പനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും ശാസ്താംകോട്ട സെന്റ് ബേസില്‍ ബൈബിള്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പാളും വചനപ്രഘോഷകനുമാണ് റവ.ഫാ. ജോജി കെ. ജോയി.
മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളിൽ വൈകുന്നേരം 6.45 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ വച്ച് കൺവെൻഷനും ഏഴിന് വൈകുന്നേരം 5.30 മുതൽ എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഈ മാസം ആറിന് രാവിലെ എട്ട് മുതൽ ബെൻസൻവില്ലിലെ വിശാലമായ എനർജി സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി മാമാങ്കം അരങ്ങേറുന്നത്.
ഷിക്കാഗോ സോഷ്യൽ ക്ലബ് ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് മീറ്റിൽ സോഷ്യൽ ക്ലബ് ഭാരവാഹികളും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും മത്സരത്തിന്റെ ഒരുക്കങ്ങളും പ്രത്യേകതകളും മാധ്യമങ്ങളുമായി പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനാറോളം പ്രമുഖ ടീമുകൾ ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കും. വൻ സമ്മാനത്തുകകളും ആവേശകരമായ പോരാട്ടങ്ങളും കൊണ്ട് ഇതിനകം തന്നെ അന്താരാഷ്ട്ര വടംവലി രംഗത്ത് ശ്രദ്ധ നേടിയ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ടൂർണമെന്റിലേക്ക് ഈ വർഷവും ലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ ശ്രദ്ധ തിരിയുകയാണ്.
സിനിമാതാരം അൻസിബ ഹസനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും. കായികമത്സരത്തോടൊപ്പം കലയും വിനോദവും ഭക്ഷണവിരുന്നും ഒരുമിക്കുന്ന വലിയ ആഘോഷമായാണ് സംഘാടകർ ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കുന്നത്.
മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയേക്കാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടംപ്ലാക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ്
മറിയം കഴിക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നാലാം സമ്മാനമായി 1,111 ഡോളറും ഷിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും.
ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
ടൂർണമെന്റ് കമ്മിറ്റിക്ക് സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനായും മാനി കരിക്കുളം വൈസ് ചെയർമാനായും സ്റ്റീഫൻ കഴിക്കേക്കുറ്റ് ജനറൽ കൺവീനറായും ബിനു കൈതക്കത്തോട്ടിൽ ഫിനാൻസ് ചെയർമാനായും നേതൃത്വം നൽകുന്നു.
വിപുലമായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി തുടരുന്ന ഒരുക്കങ്ങളാണ് ഇപ്പോൾ
അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇൻഡോർ വേദിയിൽ
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ആദ്യമായാണ് മത്സരം പൂർണമായും ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നത്. കാലാവസ്ഥയെ ആശ്രയിക്കാതെ കാണികൾക്കും മത്സരാർഥികൾക്കും ഒരുപോലെ മികച്ച അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എനർജി സ്പോർട്സ് കോംപ്ലക്സ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
ആയിരക്കണക്കിന് കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സൗകര്യം, മികച്ച പാർക്കിംഗ് സംവിധാനങ്ങൾ, ഷിക്കാഗോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എളുപ്പത്തിലുള്ള യാത്രാസൗകര്യം എന്നിവ വേദിയുടെ പ്രധാന സവിശേഷതകളാണ്.
വടംവലി മത്സരത്തോടൊപ്പം കുടുംബങ്ങൾക്കും കാണികൾക്കും ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വിവിധ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഇന്ത്യ ഫുഡ് ഫെസ്റ്റും ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
അന്താരാഷ്ട്ര വടംവലി മത്സരത്തിന് എലീറ്റ് ഗെയിമിംഗ്, പേരന്റ് പെട്രോളിയം, ഗോൾഡ് റഷ് ഗെയിമിംഗ്, ലക്കി ലിങ്കൺ ഗെയിമിംഗ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ സ്പോൺസർമാർ പിന്തുണയുമായി എത്തിയിട്ടുണ്ട്.
സ്പോൺസർമാരുടെയും സോഷ്യൽ ക്ലബ് അംഗങ്ങളുടെയും കായികപ്രേമികളുടെയും ശക്തമായ പിന്തുണയാണ് വർഷംതോറും ടൂർണമെന്റിനെ കൂടുതൽ വിപുലമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ കായികോത്സവം
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലെ വാരാന്ത്യം ഷിക്കാഗോയിലെ മലയാളി കായികപ്രേമികൾക്ക് വലിയ കായികോത്സവമായി മാറും. സെപ്റ്റംബർ അഞ്ചിന് ഇതേ എനർജി സ്പോർട്സ് കോംപ്ലക്സിൽ എൻ.കെ. ലൂക്കോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായുള്ള വോളിബോൾ ടൂർണമെന്റും പിറ്റേന്ന് സെപ്റ്റംബർ ആറിന് ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരവും അരങ്ങേറും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ കായികമാമാങ്കങ്ങളുടെയും നടത്തിപ്പിൽ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അംഗങ്ങൾ സജീവമായി നേതൃത്വം നൽകുന്നു എന്നത് ഏറെ ശ്രദ്ധേയമാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ടീമുകളെയും കായികപ്രേമികളെയും സ്വീകരിക്കാൻ ഷിക്കാഗോ ഒരുങ്ങിക്കഴിഞ്ഞതായും ടൂർണമെന്റ് കമ്മിറ്റിക്ക് വേണ്ടി സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു.
വാശിയേറിയ പോരാട്ടങ്ങളും ലോകോത്തര ടീമുകളുടെ സാന്നിധ്യവും വൻ സമ്മാനത്തുകയും സിനിമാ - സംഗീത താരങ്ങളുടെ സാന്നിധ്യവും കലാപരിപാടികളും ഇന്ത്യ ഫുഡ് ഫെസ്റ്റും ഒരുമിക്കുന്ന സെപ്റ്റംബർ ആറിലെ അന്താരാഷ്ട്ര വടംവലി മാമാങ്കത്തിനായി ഇനി ഷിക്കാഗോ കാത്തിരിക്കുകയാണ്.
ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്റ് പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ, സാജു കണ്ണമ്പള്ളി, അലൻ ജോർജ്, ജോസ് ചെന്നിക്കര എന്നിവരടക്കം ഷിക്കാഗോയിലെ വിവിധ മാധ്യമ പ്രവർത്തകർ പ്രസ് മീറ്റിൽ പങ്കെടുത്തു.
NRI
ഹൂസ്റ്റൺ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പസഡീന മലയാളി അസോസിയേഷന്റെ (PMA) ഓണാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ ട്രിനിറ്റി മാർത്തോമ്മ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു. നൃത്തചുവടുകളുമായി മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ഓണക്കാഴ്ചകൾ ആഘോഷത്തിന് വർണപ്പകിട്ടേകി.
തിടമ്പും വെഞ്ചാമരങ്ങളും കുടകളും ചൂടിയ ഗജവീരന്മാരുടെ കട്ട്ഔട്ടുകളും വേദിയുടെയും ആഘോഷപരിസരത്തിന്റെ ആകർഷണമായി. വിവിധ നൃത്തപരിപാടികളും സ്കിറ്റുകളും ഉൾപ്പെടെയുള്ള കലാപരിപാടികൾ സദസിന്റെ കൈയടി നേടി.
പിഎംഎയുടെ ചുണക്കുട്ടികൾ തുഴഞ്ഞ അതിഗംഭീര വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി. ആവേശകരമായ വള്ളംകളി കാണികളെ ഏറെ ആകർഷിച്ചു.
NRI
കൊളോൺ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസും യൂറോപ്പിലെ ആദ്യ മലയാളം ഓൺലൈൻ പോർട്ടലായ പ്രവാസിഓൺലൈനും (2007) സംയുക്തമായി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ മരിയൻ ഭക്തിഗാനം "സ്വർഗീയ നാഥയ്ക്കായ്' റിലീസിനൊരുങ്ങുന്നു.
പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവും മാധ്യമപ്രവർത്തകനും ലോക കേരള സഭാംഗവുമായ ജോസ് കുമ്പിളുവേലിൽ രചന നിർവഹിച്ച ഭക്തിസാന്ദ്രമായ ഗാനമാണിത്. ക്രിസ്തീയ ഭക്തിഗാന ശാഖയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച കുമ്പിൾ ക്രിയേഷൻസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം ഉടൻ ആസ്വാദകരിലേക്ക് എത്തുന്നത്.
"ദിവ്യ കാരുണ്യം ചൊരിയുന്ന അമ്മേ... മാതാവേ...' എന്ന് തുടങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാർഥനാനിർഭരമായ വരികൾക്ക് യുവ സംഗീതജ്ഞൻ പ്രിൻസ് മൈക്കിൾ ജോസഫ് ഈണമിട്ടിരിക്കുന്നു.
ഗാനത്തിന് അതിമനോഹരമായ ഓർക്കസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ബിനു മാതിരംപുഴ ആണ്. ജർമനിയിൽ നിന്നുള്ള പ്രമുഖ ഗായകരായ പിന്റോ ചിറയത്തും സെബിൻ പുലിപ്രയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ജർമനിയിൽ നിന്നുള്ള രണ്ട് ഗായകർ ഒന്നിക്കുന്ന ആദ്യത്തെ യുഗ്മഗാനം എന്ന പ്രത്യേകതയും "സ്വർഗീയ നാഥയ്ക്കായ്' എന്ന ഈ സംഗീത ആൽബത്തിനുണ്ട്.
ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവർ
രചന: ജോസ് കുമ്പിളുവേലിൽ, സംഗീതം: പ്രിൻസ് മൈക്കിൾ ജോസഫ്, ഓർക്കസ്ട്രേഷൻ: ബിനു മാതിരംപുഴ, ആലാപനം: പിന്റോ ചിറയത്ത് (ജർമനി), സെബിൻ പുലിപ്ര (ജർമനി), നിർമാണം: ജെൻസ്, ജോയൽ & ഷീന കുമ്പിളുവേലിൽ, ബാനർ & റിലീസ്: കുമ്പിൾ ക്രിയേഷൻസ് (Kumpil Creations).
സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് നാളുകൾക്ക് കൂടുതൽ ആത്മീയത പകരാൻ, ഭക്തിസാന്ദ്രമായ ആലാപനവും സംഗീതവും കൊണ്ട് കേൾവിക്കാരുടെ ഹൃദയം കവരാനൊരുങ്ങുന്ന സ്വർഗീയ നാഥയ്ക്കായ്' ഉടൻ തന്നെ കുമ്പിൾ ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ സംഗീത പ്രേമികൾക്ക് മുൻപിൽ സമർപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
യൂട്യൂബ് ചാനൽ ലിങ്ക്: https://www.youtube.com/c/KUMPILCREATIONS
NRI
തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടി ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫിനെയും കേരള സർക്കാർ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെയും പ്രവാസി കേരള കോൺഗ്രസ് യുകെ പ്രതിനിധികൾ ആദരിച്ചു.
പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ നടന്ന സൗഹൃദ സന്ദർശനത്തിനിടെയാണ് നേതാക്കളെ പൊന്നാട അണിയിച്ചും ഉപഹാരം സമർപ്പിച്ചും ആദരിച്ചത്.
കേരളത്തിന്റെ വികസനം, പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ, പ്രവാസി സമൂഹവും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
യുകെയിലെ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസി കേരള കോൺഗ്രസ് യുകെയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധം നിലനിർത്തുന്നതിനുമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡന്റ് ബിജു ഇളംതുരുത്തിൽ, പ്രവാസി കേരള കോൺഗ്രസ് യുകെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിംസ് അറയ്ക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
NRI
ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.
റിട്ടേയർമെന്റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.
വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.
ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.
NRI
ലിസ്ബൺ: നോർതേൺ അയർലൻഡിലെ ലിസ്ബൺ ആസ്ഥാനമായി കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയായ ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (ലിമ) ഇരുപതാം വാർഷികവും ഓണാഘോഷവും വിപുലമായും വർണാഭമായും സംഘടിപ്പിച്ചു.
ഏകദേശം 300 ഓളം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ നീണ്ടുനിന്നു. വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, ഡിന്നർ തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പിന്നിൽ സജീവമായി പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
NRI
ന്യൂജഴ്സി: കെപിസിസി വൈസ് പ്രസിഡന്റും വീക്ഷണം പത്രത്തിന്റെ എംഡിയും എഐസിസി അംഗവുമായ അഡ്വ. ജെയ്സൺ ജോസഫിന് ഇന്ത്യൻ ഓവർസീസ് കൊൺഗ്രസ് (ഐഒസി) യുഎസ്എ സ്വീകരണം സംഘടിപ്പിച്ചു.
ന്യൂജഴ്സി ടീനെക്കിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ റസ്റ്ററന്റിൽ നടത്തപ്പെട്ട സ്വീകരണച്ചടങ്ങിൽ ഐഒസി നേതാക്കളും ജെയ്സൺ ജോസഫിന്റെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു.
ഐഒസി യുഎസ്എയുടെ ന്യൂജഴ്സി ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോർജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഐഒസി യുഎസ്എ കേരള ചാപ്റ്റർ നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
NRI
വാത്സിംഗ്ഹാം (നോർഫോക്ക്): യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വാർഷിക വാത്സിംഗ്ഹാം മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.
നോർഫോക്കിലെ വാത്സിംഗ്ഹാം ദേശീയ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
രാവിലെ 10.30ന് ലിറ്റിൽ വാത്സിംഗ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ നടന്ന പ്രാരംഭ പ്രാർഥനകൾക്ക് യൂറോപ്പ് - യുകെ അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
NRI
കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നിലെ കാരണം കണ്ടെത്താനായില്ല.
ഇതേ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ സംഭവവുമായി ബന്ധപ്പെട്ട് മാല്പീറ്റ്സ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം കുറിച്ചി പള്ളത്ര വീട്ടില്‍ ജേക്കബിന്റെ (മിഥുന്) ഭാര്യ ആന്‍ മേരി മാത്യു (35), തൃശൂര്‍ പീച്ചി വിലങ്ങന്നൂര്‍ സ്വദേശി വിജിഷിന്റെ ഭാര്യ അഞ്ജന ഹരി (35) എന്നിവരാണു മരിച്ചത്.
ഡിക്സണ്‍ ലാന്‍ഡിംഗ് റോഡിലെ മില്‍ക്രീക്ക് അപ്പാര്‍ട്ട്മെന്റിലാണ് മൂന്നു യുവതികളും കുടുംബസമേതം താമസിച്ചിരുന്നത്. ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയിലായിരുന്നു ആന്‍.
അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ജനയെ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ അനില കാറിടിപ്പിക്കുന്നത് കണ്ടവരുണ്ടെന്നു പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് പാര്‍ക്കിംഗ് ഏരിയയില്‍ നീല നിറത്തിലുള്ള ഒരു എസ്യുവി യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം പാഞ്ഞുപോകുന്നതു കണ്ടെന്നും വാഹനം ഓടിച്ചിരുന്നത് ഒരു സ്ത്രീയാണെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
പിന്നീട് സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് മുന്‍ ഭാഗം തകര്‍ന്ന നിലയില്‍ വാഹനം കണ്ടെത്തി. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞെത്തിയ ആനിന്റെ ഭര്‍ത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആന്‍ കുത്തേറ്റു മരിച്ചുകിടക്കുന്നത് കണ്ടത്.
യുഎസിലെ സ്കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയായിരുന്ന ആന്‍ ജൂണ്‍ അവസാനം പിതാവ് ജിജിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു. ആന്‍ ട്രീസ (12), അലീസ (5) എന്നിവരാണ് മക്കള്‍.
ഭര്‍ത്താവ് ജേക്കബ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ജിജി മാത്യുവിന്റെയും പരേതയായ ബെസി ജി. മാത്യുവിന്റെയും മകളാണ്. ആനിന്റെ സംസ്കാരം കോട്ടയത്തു നടക്കും.
പോസ്റ്റ്മോര്‍ട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് പള്ളം ബുക്കാന സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
2021ലാണ് അഞ്ജനയും കുടുംബവും യുഎസിലെത്തിയത്. മകള്‍ ആറു വയസുകാരി വാമിക. ഭര്‍ത്താവ് വിജീഷ് കലിഫോര്‍ണിയയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറാണ്. തൃശൂർ പട്ടിക്കാട് മുടിക്കോട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകളാണ്. 2023ലാണ് അഞ്ജനയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്.
NRI
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിലുള്ള മലയാളി ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കുടുംബങ്ങളുടെ കൂട്ടായ്മ ക്വീൻസിലെ ആലിപോണ്ട് പാർക്കിൽ പിക്നിക്ക് നടത്തി.
പ്രസിഡന്റ് പ്രിൻസ് പോൾ, സെക്രട്ടറി റോബി കോശി, ട്രഷറർ അരുൺ അച്ചൻകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ, വിവിധ തരം ഭക്ഷണ പാനീയങ്ങളോടെ സംഘടിപ്പിച്ച പിക്നിക്ക് പങ്കെടുത്തവരെല്ലാം ആസ്വദിച്ചു.
ആരോൺ കോശിയുടെ നേതൃത്വത്തിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സീനിയർ മെമ്പർമാരായ പി.എസ്. വർഗീസും വർഗീസ് ഒലഹന്നാനും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പലരും ഈ പിക്നിക്കിൽ പങ്കെടുത്തുവെന്നത് വളരെ അഭിനന്ദനീയമായി. പുതിയതായി ജോലിയില്‍ പ്രവേശിച്ചവരേയും കുടുംബാംഗങ്ങളെയും പരിചയപ്പെടുവാനുള്ള ഒരവസരമായി പലരും ഈ സംഗമത്തെ ഉപയോഗിച്ചു.
അംഗങ്ങൾ സംഭാവന ചെയ്ത ഉത്പന്നങ്ങൾ റിനോജ് കോരുതിന്റെ നേതൃത്വത്തിൽ ലേലം വിളിച്ചു. പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെയല്ല ലേലം വിളി സംഘടിപ്പിച്ചത്. അതിലൂടെ ആളുകളെ മുഷിപ്പിക്കാതെ പിക്നിക്ക് രസകരമാക്കുക എന്നതായിരുന്നു ലക്ഷ്യം.
അതില്‍ റിനോജ് വിജയിക്കുകയും ചെയ്തു. നവംബറിൽ നടക്കാനിരിക്കുന്ന "ഫാമിലി നൈറ്റ്' വന്‍ വിജയമാക്കി മാറ്റുവാൻ ഏവരുടെയും സഹകരണം രക്ഷാധികാരി കൂടിയായ ജയപ്രകാശ് നായർ അഭ്യർത്ഥിച്ചു.
NRI
കൊളോൺ: സിഎംഐ (Carmelites of Mary Immaculate) സഭയുടെ ജർമൻ ഡെലിഗേഷൻ സുപ്പീരിയറായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പ്രഭാഷകനുമായ റവ.ഡോ. ടിജോ താന്നിക്കൽ സിഎംഐ നിയമിതനായി.
ജർമനിയിലെ കൊളോൺ അതിരൂപത കേന്ദ്രീകരിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന നിസ്തുലമായ ആത്മീയാന്വേഷണങ്ങൾക്കും അജപാലന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ പുതിയ നിയോഗം.
നിലവിലെ ഡെലിഗേഷൻ സുപ്പീരിയറായ ഫാ. ജോർജ് വടക്കിനേഴത്ത് സിഎംഐ ഫാ.ടിജോ താന്നിക്കലിനെ ബൊക്ക നൽകി ആദരിച്ചു.
തൊടുപുഴ കലയന്താനി ഇടവകയിലെ താന്നിക്കൽ വർഗീസ് - മേരി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയവനായി 1972-ലാണ് ഫാ. ടിജോയുടെ ജനനം. കലയന്താനി സെന്റ ജോർജ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1987-ൽ സിഎംഐ സന്യാസ സമൂഹത്തിൽ ചേർന്നു.
തുടർന്ന് ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രം, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, പൂനെ ജ്ഞാനദീപ വിദ്യാപീഠ് എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തിയാക്കി. 2001 ഡിസംബറിൽ ദിവംഗതനായ ജഗദൽപുർ മുൻ ബിഷപ് മാർ സൈമൺ സ്റ്റോക്ക് പാലത്തറയിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
പഞ്ചാബിലെ പട്യാല മിഷനിലൂടെയായിരുന്നു വൈദിക സേവനത്തിന്റെ തുടക്കം.
NRI
ടൊറന്റോ: ടൊറന്റോ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്റെ സ്ഥാപകാംഗമായ ഡോ. ജോസഫ് കുര്യൻ (93) അന്തരിച്ചു. ഇടവക സമൂഹത്തിൽ സ്നേഹപൂർവം "കുര്യൻ അങ്കിൾ' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സഭയുടെ ആരംഭകാലം മുതൽ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു.
വിശ്വാസവും ദീർഘവീക്ഷണവും സമർപ്പണവും ഉദാരമനസ്കതയും കൊണ്ട് ഇടവകയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ഡോ. ജോസഫ് കുര്യൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് അനുസ്മരിച്ചു.
വർഷങ്ങളോളം സഭയ്ക്കായി വിശ്വസ്തതയോടെ സേവനം ചെയ്ത അദ്ദേഹം ഇടവക സമൂഹത്തിന്റെ ഒരു ശക്തമായ തൂണായിരുന്നുവെന്നും സഭയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ പൊതുദർശനം Humphrey Funeral Home, 1403 Bayview Avenue, Torontoയിൽ നടക്കും.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ 7.30 വരെ Humphrey Funeral Home-ൽ വീണ്ടും പൊതുദർശനവും അനുബന്ധ ശുശ്രൂഷകളും നടക്കും.
ശനിയാഴ്ച രാവിലെ 10.15 മുതൽ 11.45 വരെ സംസ്കാര ശുശ്രൂഷ St. Philopateer Mercurius & St. Shenouda the Archimandrite Coptic Orthodox Church, 139 Bond Ave, North Yorkയിൽ നടക്കും.
തുടർന്ന് ഉച്ചയ്ക്ക് 12 45 മുതൽ 1.15 വരെ Mount Pleasant Cemetery, 375 Mount Pleasant Road, Torontoയിൽ സംസ്കാരം നടക്കും.