ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂറംബർഗ്: ജർമനിയിലെ ന്യൂറംബർഗ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പരിശുദ്ധ കന്യകമറിയത്തിന്റെ ജനന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
വെള്ളി, ശനി (സെപ്റ്റംബർ 18, 19) തീയതികളിലായി വിപുലമായ തിരുക്കർമങ്ങളോടെയാണ് തിരുനാൾ കൊണ്ടാടുന്നത്. റോൾണർസ്ട്രാസെയിലുള്ള (Rollnerstrare 65, 90408 Nurnberg) ദേവാലയമാണ് തിരുനാൾ കർമങ്ങൾക്ക് വേദിയാകുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, കൊടിയേറ്റ്, മധ്യസ്ഥ പ്രാർഥന, തിരുനാൾ പ്രസുദേന്തി വാഴ്ച എന്നിവയോടെ ഈ വർഷത്തെ തിരുനാൾ കർമങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം കുറിച്ചു.
പ്രധാന തിരുനാൾ; കർദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥി
ശനിയാഴ്ചയാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. ഈ വർഷത്തെ തിരുനാളിന് ആത്മീയ ചൈതന്യം പകർന്ന്, വത്തിക്കാൻ നയതന്ത്ര പ്രതിനിധിയും സീറോമലബാർ സഭയുടെ അഭിമാനവുമായ കർദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥിയായി എത്തിച്ചേരും.
ചടങ്ങിൽ കർദിനാളിന് വിശ്വാസി സമൂഹം ഊഷ്മളമായ സ്വീകരണം നൽകും. ശനിയാഴ്ചത്തെ തിരുക്കർമങ്ങളുടെ ക്രമം: വൈകുന്നേരം 3:15ന്. മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന വൈകുന്നേരം 3:45.
കർദിനാൾ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാന. തുടർന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
"മാതാവിന്റെ സ്നേഹത്തിൽ നമുക്ക് ഒരുമിക്കാം' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന തിരുനാൾ കർമങ്ങളിലും സ്നേഹവിരുന്നിലും പങ്കുചേർന്ന് മാതാവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ പ്രാപിക്കാൻ ന്യൂറംബർഗിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Tags : BlessedMary Feast Nuremberg NRINews