പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. ആദ്യ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലിസ് പറഞ്ഞു. സുഫിയ ബാനോ, കാമുകൻ മുച്ചാഡ്, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് പിടിയിലായത്. സുഫിയ ബാനുവിന്റെ ഭർത്താവ് രാംകിഷോർ വാൽമീകിയാണ് കെല്ലപ്പെട്ടത്.
സുഫിയയും രാംകിഷോറും തമ്മിൽ നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇവർ രണ്ടു വർഷം മുമ്പ് വിവാഹിതരാവുകയും ചെയ്തു. എന്നാൽ അതിനുശേഷവും രാംകിഷോർ ആദ്യ ഭാര്യ കവിതാ ദേവിയുമായുള്ള ബന്ധം തുടർന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാംകിഷോർ കവിതാ ദേവിയെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തതിനെ സുഫിയ എതിർത്തിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
സെപ്തംബർ 14ന് രാത്രി സുഫിയയുടെ വീട്ടിലെത്തിയ മുച്ചാഡും മുഹമ്മദ് ഇഖ്ബാലും ചേർന്ന് ഉറങ്ങിക്കിടന്ന രാംകിഷോറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കനാലിന് സമീപമുള്ള പാലത്തിനടിയിൽ ഉപേക്ഷിച്ചു.
മൃതശരീരം കണ്ടെത്തിയതിനെ തുടർന്ന് കവിതയുടെ പരാതിയിൽ സെപ്തംബർ 17ന് പൊലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika BreakingNews Crime Woman Arrest