മർദനമേറ്റ കെ.കെ. ലാലു
കൊച്ചി: ആലുവ ജില്ലാശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി എട്ടോടു കൂടിയാണ് ഡോക്ടറെ കാണാനെത്തിയ രണ്ടുപേര്‍ കെ.കെ ലാലു എന്നയാളെ മര്‍ദിച്ചത്. വാഹനം തട്ടി മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് റിസ്വാന് എന്ന യുവാവും മറ്റൊരു യുവാവും ജില്ലാശുപത്രിയില്‍ എത്തിയത്.
ഡോക്ടറെ കണ്ടതിനു ശേഷം വിരലില്‍ മാത്രം ബാന്‍ഡേജ് ചുറ്റിയാല്‍ പോരായെന്നും കൈ പൂര്‍ണമായി ചുറ്റണമെന്നും പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ അത് ചെയ്യാന്‍ കഴിയുള്ളൂ എന്ന് നഴ്സിംഗ് അസിസ്റ്റന്റ് പറഞ്ഞതില്‍ ഇഷ്ടപ്പെടാതെ രോഗി മുഖത്ത് അടിക്കുകയായിരുന്നു.
രോഗിയുടെ കൂടെയുണ്ടായിരുന്ന യുവാവും റൂമിലേക്ക് കയറി വന്ന് ഇദ്ദേഹത്തെ ആക്രമിച്ചു. ഒച്ച കേട്ട് സെക്യൂരിറ്റി ജീവനക്കാരന് ഓടി വന്നതോടെ രണ്ടുപേരും പുറത്തേക്ക് പോവുകയായിരുന്നു. മര്‍ദനമേറ്റ നേഴ്സിംഗ് അസിസ്റ്റന്റ് പൊലിസില്‍ പരാതി നല്കി.
Tags : Nursing assistant beaten up district hospital Complaint Police