തീർഥാടനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ
വാത്സിംഗ്ഹാം (നോർഫോക്ക്): യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വാർഷിക വാത്സിംഗ്ഹാം മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.
നോർഫോക്കിലെ വാത്സിംഗ്ഹാം ദേശീയ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
രാവിലെ 10.30ന് ലിറ്റിൽ വാത്സിംഗ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ നടന്ന പ്രാരംഭ പ്രാർഥനകൾക്ക് യൂറോപ്പ് - യുകെ അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
.jpeg1788243188.jpg)
തുടർന്ന് മരിയൻ ഗാനങ്ങളുടെയും ജപമാല പ്രാർഥനയുടെയും അകമ്പടിയോടെ ഔർ ലേഡി ഓഫ് വാത്സിംഗ്ഹാം ബസിലിക്കയിലേക്ക് തീർഥാടന പദയാത്ര നടന്നു.
യുകെ റീജിയണിലെ മലങ്കര സഭയുടെ 25 മിഷനുകളിൽനിന്നുള്ള വിശ്വാസികൾ പദയാത്രയിൽ അണിനിരന്നു.
ഉച്ചയ്ക്ക് രണ്ടിന് ഔർ ലേഡി ഓഫ് വാത്സിംഗ്ഹാം ബസിലിക്കയിൽ നടന്ന കുർബാനയ്ക്ക് ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. യുകെ റീജിയണിലെ വൈദികർ സഹകാർമികരായി.

ചടങ്ങിൽ ബസിലിക്ക റെക്ടർ മോൺസിഞ്ഞോർ റോബർട്ട് ബില്ലിംഗ് വിശ്വാസികളെ സ്വാഗതം ചെയ്തു. പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന മോൺസിഞ്ഞോർ റോബർട്ട് ബില്ലിംഗിനെ പിതാവ് ആദരിക്കുകയും ജൂബിലി ആശംസകൾ അറിയിക്കുകയും ചെയ്തു.
കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട യുകെ റീജിയണൽ കോഓർഡിനേറ്റർ ഡോ. ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പയെ മാർ ഒസ്താത്തിയോസ് കുരിശുമാല അണിയിച്ച് ആദരിച്ചു.
.jpeg1788243188.jpg)
യുകെ റീജിയണൽ കോഓർഡിനേറ്റർ ഡോ. ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പ, നാഷണൽ കൗൺസിൽ സെക്രട്ടറി റോണി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വൈദികരും നാഷണൽ കൗൺസിൽ അംഗങ്ങളും വിവിധ മിഷൻ ഭാരവാഹികളും തീർഥാടന പരിപാടികൾക്ക് നേതൃത്വം നൽകി.