ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെർലിൻ: ജർമനിയിൽ ജെൻ സി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശനിയാഴ്ച രാത്രി രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ അരങ്ങേറിയ സംഘർഷങ്ങളിൽ നൂറിലേറെ പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
പ്രതിഷേധങ്ങളുടെ മറവിൽ അക്രമം അഴിച്ചുവിട്ടത് മുഖംമൂടി ധരിച്ചെത്തിയ സംഘങ്ങളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ബെർലിൻ, ഹാംബർഗ്, കൊളോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്.
റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് തീയിടുകയും കടകളും വ്യാപാര സ്ഥാപനങ്ങളും തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പൊലിസിന് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞതോടെ പല സ്ഥലങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.
ഫ്രാങ്ക്ഫർട്ടിൽ നൂറിലേറെ പൊലിസുകാർക്ക് പരിക്ക്
ഫ്രാങ്ക്ഫർട്ടിലെ പ്രധാന വ്യാപാരകേന്ദ്രമായ സൈൽ തെരുവിൽ കടകളുടെ ചില്ലുകൾ തകർത്തും സ്ഥാപനങ്ങൾ കൊള്ളയടിച്ചും അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവിടെ നൂറിലേറെ പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
കല്ലേറിൽ മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഒരു പൊലിസ് ഉദ്യോഗസ്ഥന് നിരവധി പല്ലുകൾ നഷ്ടപ്പെട്ടതായി ഹെസെ ആഭ്യന്തര മന്ത്രി റോമൻ പോസെക് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അക്രമികൾക്കെതിരേ കടുത്ത നടപടിയെന്ന് ആഭ്യന്തര മന്ത്രി
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് ബെർലിനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള അക്രമിസംഘങ്ങൾ ഹൈജാക്ക് ചെയ്തതായാണ് അദ്ദേഹത്തിന്റെ പ്രതികരണം. അക്രമങ്ങളിൽ പങ്കെടുത്തവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫ്രാങ്ക്ഫർട്ടിൽ മാത്രം 54 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കൊളോണിൽ മാരകായുധങ്ങൾ പിടിച്ചെടുത്തു
അക്രമസംഭവങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് കൊളോണിൽ നിന്നാണ്. ജെൻ സി പ്രതിഷേധത്തിനിടെ അക്രമം നടത്തിയെന്ന് സംശയിക്കുന്നവരിൽ നിന്ന് ചുറ്റികകൾ, കത്രികകൾ, അമ്പുകൾ, പെട്രോൾ ബോംബുകൾ, കുത്തായുധങ്ങൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.
ക്വാർട്സ് സാൻഡ് ഗ്ലൗസുകൾ, മുഖംമൂടികൾ, സ്കീ മാസ്കുകൾ, സംരക്ഷണ കണ്ണടകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 56 വയസുള്ള ഒരാളുടെ ബാക്ക്പാക്കിൽ നിന്ന് ഉൾപ്പെടെ ആയുധങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്.
കൊളോണിൽ നടന്ന സംഘർഷത്തിൽ 23 പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അഞ്ച് പൊലീസ് വാഹനങ്ങൾ തകർക്കപ്പെട്ടു. റോഡുകളിൽ ഇ-സ്കൂട്ടറികൾ കൂട്ടിയിട്ട് ബാരിക്കേഡുകൾ സൃഷ്ടിച്ച് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനയ്ക്കു നേരെയും ആക്രമണമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ആസൂത്രിത ആക്രമണമെന്ന സംശയം
കൊളോണിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും മുഖംമൂടികളും സംരക്ഷണ ഉപകരണങ്ങളും ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന സംശയം ശക്തമാക്കുന്നതായി പൊലീസ് അധികൃതർ വ്യക്തമാക്കി.
കൊളോൺ പൊലിസ് ഓപ്പറേഷൻസ് മാനേജർ മാർട്ടിൻ ലോട്ട്സ് സംഭവത്തിൽ ആസൂത്രണത്തിന്റെ സൂചനകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങളെയും അക്രമങ്ങളിൽ പങ്കെടുത്തവരെയും വേർതിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിഷേധങ്ങളുടെ മറവിൽ അക്രമം നടത്തിയവരെ കണ്ടെത്താനും പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാനും ജർമൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Tags : GenZProtest Germany Police NRINews