കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ തൃക്കാക്കര, കളമശേരി പൊലിസ് സ്റ്റേഷന് പരിധിയില്‍ രണ്ടിടങ്ങളിൽനിന്നായി ലഹരിമരുന്നുമായി രണ്ടു പേരെ പിടികൂടി. കോഴിക്കോട് നാദാപുരം കരിക്കുന്നില്‍ അബ്ദുള്‍ സയിദിനെ (38) കളമശേരി ഉണിച്ചിറയ്ക്കു സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽനിന്ന് 55.170 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 1,11,000 രൂപയും എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കര മരോട്ടിച്ചുവട് ഭാഗത്തുള്ള കണ്ണമ്പുഴ റോഡിലുള്ള ലോഡ്ജില്‍ നിന്നാണ് പാലക്കാട് ഒറ്റപ്പാലം കൊരട്ടിയില്‍ നൗഷാദിനെ (42) അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 2.06 ഗ്രാം എംഡിഎംഎയും 45.29 ഗ്രാം കഞ്ചാവും 2.90 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
പ്രതി മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 90,000 രൂപയും പൊലിസ് പിടിച്ചെടുത്തു. പ്രതികളെ കളമശേരി, തൃക്കാക്കര പൊലിസ് സ്റ്റേഷനുകളില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.