National
ന്യൂഡൽഹി: ആധാർ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഉദയ് എന്നാണു ചിത്രത്തിന്റെ പേര്.
തൃശൂർ സ്വദേശിയായ അരുൺ ഗോകുൽ ആണ് ചിഹ്നം ഡിസൈൻ ചെയ്തത്. 875 മത്സരാർഥികളിൽനിന്നാണ് അരുണിനെ തെരഞ്ഞെടുത്തത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ, ആധാറിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്.
ആധാർ കാർഡിൽ ചിത്രം വരുമെന്നതിനാലാണ് ഇയാൾ ഭാര്യയെ വിലക്കിയത്. ഭാര്യ താഹിറ(32) എപ്പോഴും ഒരു ബുർഖ ധരിക്കണമെന്ന് ഫാറൂഖ് നിർബന്ധം പിടിച്ചിരുന്നു.
ആധാർ, റേഷൻ കാർഡ് പോലുള്ള ഒരു തിരിച്ചറിയൽ രേഖയും ഉണ്ടാക്കാൻ 18 വർഷമായി അയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.
അഫ്രീൻ (14), അസ്മീൻ (10), സെഹ്രീൻ (ഏഴ്), ബിലാൽ (ഒൻപത്), അർഷാദ് (അഞ്ച്) എന്നിവരായിരുന്നു ദമ്പതികളുടെ മക്കൾ. ഭാര്യയെയും അഫ്രീനെയും വെടിവച്ചും സെഹ്രീനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.
വിവാഹ ചടങ്ങുകൾക്ക് പാചകക്കാരനായി ജോലി ചെയ്തിരുന്ന ഫാറൂഖ്, ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയതായി അറിഞ്ഞപ്പോൾ പ്രകോപിതനാവുകയായിരുന്നു.
ഇടയ്ക്ക് വീട്ടിലെത്തുന്ന സ്വന്തം പിതാവിനെ കാണാൻ പോലും ഇയാൾ താഹിറയെ അനുവദിച്ചിരുന്നില്ല. താഹിറയെയും രണ്ട് പെൺമക്കളെയും ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഭാര്യയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചതായി അയാൾ പിതാവിനോട് പറഞ്ഞു.
തന്റെ മകൻ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നതായി ദാവൂദ് ആണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
വീട് നടത്തിക്കൊണ്ടുപോകാൻ ഭാര്യ ആഗ്രഹിച്ചതിനാൽ താനും ഭാര്യയും പലപ്പോഴും വീട്ടുകാര്യങ്ങളിൽ വഴക്കിട്ടിരുന്നതായി ഫാറൂഖ് പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്, താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അത് തന്റെ അന്തസ് നശിപ്പിച്ചതായി അയാൾ പോലീസിനോടു പറഞ്ഞു.
ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഡിസംബർ 10 ന് ഭാര്യയെ വെടിവച്ച് കൊന്നത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അടുക്കളയിലേക്ക് വന്ന അഫ്രീനെയും വെടിവച്ചു കൊന്നു.
ശബ്ദം കേട്ട് രണ്ടാമത്തെ മകൾ സെഹ്റീൻ എത്തിയപ്പോൾ കഴുത്തുഞെരിച്ചും കൊന്നു. പിന്നീട് മുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പത് അടി ആഴമുള്ള കുഴിയിൽ ഫാറൂഖ് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ ഒരു ഇഷ്ടികകൾ നിരത്തുകയുമായിരുന്നു.
National
ന്യൂഡൽഹി: ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാര്‍ലമെന്റിൽ അറിയിച്ചു.
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ന് പാര്‍ലമെന്റിൽ അറിയിക്കുകയായിരുന്നു.
ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദയാണ് സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിച്ചത്. ആധാർ വിവരങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും അത്യാധുനികമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
പരവൂർ: ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പിയോ ഇതര പകർപ്പുകളോ മറ്റൊരാള്‍ എടുക്കുന്നത് വിലക്കാന്‍ ഒരുങ്ങി യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).
ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രേഖകളുടെ വെരിഫിക്കേഷന് ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കാനാണ് യുഐഡിഎഐ തീരുമാനം.
ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരും. ഫോട്ടോകോപ്പികള്‍ സൂക്ഷിക്കുന്ന രീതി നിലവിലുള്ള ആധാര്‍ നിയമത്തിന്റെ ലംഘനമാണെന്നും യുഐഡിഎഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പകരം ക്യൂആര്‍ കോഡ് സ്കാനിംഗ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെരിഫിക്കേഷന് അനുവദിക്കുമെന്ന് യുഐഡിഎഐ അധികൃതർ അറിയിച്ചു. പേപ്പര്‍ അധിഷ്ഠിത ആധാര്‍ വെരിഫിക്കേഷന് നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
രേഖകളുടെ വെരിഫിക്കേഷന് ഡിജിറ്റലായി നടപ്പാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും ഉടന്‍ കൊണ്ടുവരും. ഹോട്ടല്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയെ ആണ് ബാധിക്കുന്നത്.
ഇങ്ങനെ ഫോട്ടോ കോപ്പി നല്കുമ്പോള് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുമോ എന്ന് ആശങ്കപ്പെടുന്നവർ നിരവധിയാണ്. അവരുടെ ഭയം ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ നിയമം നിലവില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോ കോപ്പി എടുക്കുന്ന ആളുകള്‍ക്കും കമ്പനികള്‍ക്കുമെതിരേ കര്‍ശന നടപടിയുമുണ്ടാകും.
ആധാര്‍ വെരിഫിക്കേഷനു വേണ്ടി പുതിയ ആപ്പ് നിര്‍മിക്കുന്നതിനായുള്ള ശ്രമത്തിലാണ് യുഐഡിഎഐ. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്തൃ സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിര്‍മാണം 18 മാസത്തിനുള്ളില്‍ ആപ്പ് പൂര്‍ണമായും ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതമാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് ഏറ്റവും വലിയ സവിശേഷത.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന (എസ്ഐആർ) തുടരാൻ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതിയുടെ അനുമതി. ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചുകൊണ്ടുമാണ് സുപ്രീംകോടതി വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്.
എന്നാൽ, സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.
ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്.
തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പുമാത്രം വോട്ടർപട്ടികയുടെ പുനഃപരിശോധന നടത്തുന്നതിനെ ഹർജികൾ പരിശോധിച്ച ജസ്റ്റീസുമാരായ സുധാൻശു ധൂലിയയും ജോയ്മല്യ ബാഗ്ചിയും ചോദ്യം ചെയ്തു. വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് ആശങ്കയുണർത്തുന്നുവെന്നും, പുനഃപരിശോധനയ്ക്കു കീഴിൽ പൗരത്വം പരിശോധിക്കണമെന്നുണ്ടെങ്കിൽ അതു നേരത്തേയാകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനായി നൽകേണ്ട 11 തിരിച്ചറിയൽ കാർഡുകളിൽ ആധാർ ഉൾപ്പെടുത്താത്തതിനെതിരേയും ശക്തമായ വാദ-പ്രതിവാദങ്ങൾ നടന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് വോട്ടവകാശമുള്ളതെന്നും ആധാർ പൗരത്വത്തിന്റെ സാധുവായ തെളിവല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വാദിച്ചു. എന്നാൽ ജനങ്ങളുടെ പൗരത്വത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന് യാതൊരു പങ്കുമില്ലെന്നും പൗരത്വം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി. ആധാർ ഉൾപ്പെടെയുള്ള രേഖകൾ അംഗീകരിക്കുന്നില്ലെങ്കിൽ മറുപടി ഉൾപ്പെടെ നൽകിയുള്ള എതിർ സത്യവാങ്മൂലം നൽകാൻ 21 വരെ തെരഞ്ഞെടുപ്പു കമ്മീഷന് സമയം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് ബിഹാറിലെ കരട് വോട്ടർപട്ടിക പുറത്തുവരുന്നതിനാൽ ഈ മാസം 28നാണ് വിഷയം വീണ്ടും പരിഗണിക്കുക.