മകളുടെ വിവാഹം പൂർണമായും അവരുടെ ഇഷ്ടത്തിനും സ്വാതന്ത്യനുമാണ് നടത്തിയതെന്നും അവർ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് അതിനായി ചിലവഴിച്ചതെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.
അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹറിസപ്ഷനായിരുന്നു ഇന്നലെ നടന്നത്. വിവാഹം ഞായറാഴ്ചയായിരുന്നു.
അനാവശ്യ ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന് ശേഷം മക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ച രീതി വലിയ കൈയടിയാണ് നേടുന്നത്.
‘‘എപ്പോഴും സന്തോഷം തന്നെ. പ്രത്യേകിച്ച് ഇങ്ങനെ കല്യാണം ആയതുകൊണ്ടൊന്നുമല്ല, അല്ലെങ്കിലും എന്നും സന്തോഷമേ ഉള്ളൂ. പത്തു വർഷത്തെ പ്രണയത്തെക്കുറിച്ചൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്, അവര് പറഞ്ഞപ്പോഴാണ് അറിയുന്നത്.
അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ എല്ലാവരും എല്ലാവരോടും പറയണമെന്നില്ലല്ലോ.
അവർ വന്ന് പറഞ്ഞു, ‘ഞങ്ങൾ ഇങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണ്’ എന്ന്. ചെക്കന്റെ അച്ഛൻ രവിയെ എനിക്ക് ഒരു 33 വർഷമായിട്ട് അറിയാം, പഴയ സിനിമ നിർമാതാവാണ്.
പക്ഷേ രവിയുടെ മോനാണ് ഇതെന്ന് എന്ന് പിന്നീടാണ് അറിയുന്നത്. ഇനിയുള്ള പിള്ളേർക്കും അങ്ങനെ തന്നെ, അവർക്ക് ഇഷ്ടമുള്ള തീയതിയിൽ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാം. വിളിച്ചവരെല്ലാം വന്നു, വലിയ സന്തോഷം. രാഷ്ട്രീയത്തിനപ്പുറം ഒരുപാട് കാലത്തെ സൗഹൃദമുള്ള ആളുകളാണ് വന്നത്.
പിള്ളേർ ഉണ്ടാക്കിയ പൈസ, അവരത് ചിലവാക്കുന്നു, അത്രയേ ഉള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ.
നിങ്ങളെപ്പോലെ തന്നെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര് തന്നെ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു... അത്രയേ ഉള്ളൂ.
നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.
കല്യാണങ്ങളൊക്കെ വളരെ ചെറിയ രീതിയിൽ നടത്തുന്നതാണ് നല്ലത്, പരമാവധി ചെലവ് ചുരുക്കണം. പാടുപെട്ട് ജോലി ചെയ്തല്ലേ നിങ്ങളൊക്കെ പൈസ ഉണ്ടാക്കുന്നത്? അതുകൊണ്ട് കല്യാണം കഴിക്കുമ്പോൾ മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ചെറിയ രീതിയിൽ നടത്തുക.
ആ പൈസ സ്വരൂപിച്ചുവെച്ച് തുടർന്നുള്ള ജീവിതത്തിൽ ഉപയോഗിക്കുക. പോകുന്ന വഴിക്ക് അർഹതപ്പെട്ട ആർക്കെങ്കിലും കുറച്ച് കൊടുക്കുകയും ചെയ്തേക്കണം.’’കൃഷ്ണകുമാർ പറയുന്നു.