അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് മോസ്കിൽ പ്രാർഥനയ്ക്കെത്തിയ 60ലധികം വിശ്വാസികളെ സായുധസംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ച ബോർഗു പ്രാദേശിക ഗവൺമെന്റ് മേഖലയിലെ ഡെകാര ജില്ലയിലുള്ള ക്പെന്യ മോസ്കിലാണ് ആക്രമണമുണ്ടായത്. ഇതിനുമുമ്പ് സമീപത്തുള്ള ജിദാൻ-സാന, ക്പെന്യ ഗ്രാമങ്ങളിലും സംഘം ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തിൽ ആളപമായമുണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് സംയുക്ത സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ, മധ്യ വടക്കൻ മേഖലകളിൽ മോചനദ്രവ്യത്തിനായി ആളുകളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്.
‘ബൻഡികൾ’എന്നു വിളിക്കപ്പെടുന്ന സായുധസംഘങ്ങളാണ് ഗ്രാമങ്ങളിലും സ്കൂളുകളിലും പാതകളിലും ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്.