ആലുവ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ് (37), കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. അഞ്ചിന് രാത്രിയാണ് സംഭവം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കുത്തി പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ മുറിവേറ്റ ശക്തിവേൽ റോഡിൽ കുഴഞ്ഞ് വീണപ്പോൾ നവരത്ന ബാറിന് പിന്നിലെ പമ്പ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സാബിർ ഹുസൈനെ ആലുവ ഭാഗത്തുനിന്നും മുഖ്യപ്രതിയായ ശ്യാമൾ റോയിയെ ഇയാളുടെ സുഹൃത്തുക്കൾ വഴി പെരുമ്പാവൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ശ്യാമള് റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20 ഓളം മോഷണക്കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല.
വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ ഗോപകുമാർ , എസ്ഐമാരായ ജോസി എം. ജോൺസൺ, വി. അനൂപ്, എഎസ്ഐമാരായ വർഗീസ്, മനാഫ്, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ, ബെന്നി ഐസക്, അഫ്സൽ , റോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് എസ് എച്ച് ഒ അറിയിച്ചു.