കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങിനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ തടയുകയും ചടങ്ങ് അലങ്കോലമാക്കുകയും ചെയ്ത കേസില്‍ പ്രതികളായ പത്തു വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ പ്രണീല്രാജ്, വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ, എസ്എഫ്ഐ പ്രവര്‍ത്തകരായ പി.ബി. ബിജോയ്, മുഹമ്മദ് അഫ്രീദ്, പി. അധീന, ജോയല്‍ ബാബു, ആശിഷ് എസ്. ആനന്ദ്, എച്ച്. നന്ദകുമാര്‍, പി.എ. അബ്ദുള്‍ നാസിര്‍, കെ. നവീന്‍ എന്നിവര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
കോളജിലെ ബിരുദദാന ചടങ്ങിനെത്തിയ മന്ത്രിയോടു സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണു ചെയ്തതെന്നും സമാധാനപരമായാണു പ്രതിഷേധം സംഘടിപ്പിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മന്ത്രി മടങ്ങിയശേഷം തടസമില്ലാതെ ചടങ്ങ് നടക്കുകയും ചെയ്തു. തുടക്കത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍, പിന്നീട് രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ബോധപൂര്‍വം കൂട്ടിച്ചേര്‍ത്തതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.