കോഴിക്കോട്: ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പില്‍ സര്‍ക്കാര്‍ പ്രത്യേകമായി സംഘടിപ്പിച്ച അദാലത്തില്‍ ഉദ്ദേശ്യലക്ഷ്യം കൈവരിക്കാനായില്ല. 2025 ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ നടത്തിയ അദാലത്തിലൂടെ 60 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്.
സി-ഡിറ്റ് വികസിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വകുപ്പ് മന്ത്രിയും ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി തത്സമയം നിരീക്ഷിച്ചിരുന്നുവെങ്കിലും 53.78 ശതമാനം ഫയലുകള്‍ മാത്രമാണു തീര്‍പ്പാക്കാന്‍ കഴിഞ്ഞത്.
2025 ജൂണ്‍ 30 വരെ തീര്‍പ്പാക്കാന്‍ അവശേഷിച്ചിരുന്നത് 1,33,225 ഫയലുകളാണ്. ഇതില്‍ 71,649 ഫയലുകളില്‍ തീര്‍പ്പു കൽപ്പിക്കാന് കഴിഞ്ഞു. അവശേഷിക്കുന്ന ഫയലുകളുടെ എണ്ണം 61,576. തദ്ദേശസ്വയംഭരണ വകുപ്പില്‍ തീര്‍പ്പാക്കാനുണ്ടായിരുന്ന 42211 ഫയലുകളില്‍ 198,38 ഫയലുകളും (47 ശതമാനം) വകുപ്പ് അധ്യക്ഷന്മാരുടെ ഓഫീസുകളില്‍ അവശേഷിച്ചിരുന്ന 91.014 ഫയലുകളില്‍ 51,811 എണ്ണവുമാണ് (56.93 ശതമാനം) തീര്‍പ്പാക്കാന്‍ കഴിഞ്ഞത്.
ഫയല്‍ അദാലത്ത് കാര്യക്ഷമമാക്കുന്നതിനായി ഓരോ വിഭാഗത്തിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും അവലോകന യോഗങ്ങള്‍ കൃത്യമായി നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ഓരോ സെക്ഷനിലെയും ഫയലുകള്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയായിരിക്കേ എല്ലാ സെക്ഷനുകള്‍ക്കും ഏകീകൃത ടാര്‍ഗറ്റ് നല്‍കിയതാണ് ലക്ഷ്യം കൈവരിക്കുന്നതിന് തടസമായതെന്നാണ് വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.