ന്യൂഡൽഹി: ഇന്ത്യയിലെത്തിയ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചായിരുന്നു ചർച്ച.
പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഊർജവിതരണത്തിന് തടസങ്ങൾ നേരിട്ട ഇന്ത്യ തങ്ങളുടെ ഊർജ ആശ്രയത്വം വിപുലീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയുടെ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം.
പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ യുഎസ് സുരക്ഷാസേന കഴിഞ്ഞ ജനുവരിയിൽ തടങ്കലിലാക്കിയതിനു പിന്നാലെയായിരുന്നു ഡെൽസി റൊഡ്രിഗസ് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റത്.
ഇതിനു ശേഷം ഡെൽസി നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഡെൽസി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് ഇന്ത്യക്ക് അനുവദിച്ച ഇളവ് ഈ മാസം 17ന് അവസാനിക്കുമെന്നതിനാൽ വെനസ്വേല ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.
2020 വരെ വലിയ അളവിൽ വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ വെനസ്വേലയ്ക്കുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഇറക്കുമതി കുറയ്ക്കുകയായിരുന്നു.
അമേരിക്കയുമായി മെച്ചപ്പെട്ട നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന ഡെൽസിയുടെ വരവോടെ കൂടുതൽ എണ്ണ വെനസ്വേലയിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാറിൽ എത്തിച്ചേരാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.