കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സന്ദർശിച്ച് സലിംകുമാറിന്റെ കുടുംബം. സലിം കുമാറിന്റെ ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരാണ് വീട്ടിലെത്തിയത്. ഫനീഫയുടെ വീട്ടിലെത്തിയ ഇവരെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചേർന്നാണ് സ്വീകരിച്ചത്.
മലയാളികൾക്കിടയിൽ ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും വിലമതിക്കാനാകാത്തതാണ്.
മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിച്ച പുലിവാല് കല്ല്യാണവും ‘മഴത്തുള്ളി കിലുക്ക’വും ‘കുഞ്ഞിക്കൂനനും’ ‘സിഐഡി മൂസ’യുമൊക്കെ ഇന്നും എന്നും നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകളാണ്.
കൊച്ചിന് ഹനീഫ മരിച്ചപ്പോള്‍ കാണാന്‍ പോകാത്തതിനു സലിം കാരണമായി പറഞ്ഞ വാക്കുകള്‍ കേട്ട് വേദനിച്ചവരുണ്ട്.
‘‘'ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആളുകളുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പക്ഷേ കൊച്ചിന് ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോഴുള്ള സുഖം വേറെ ആരുടെ കൂടെ അഭിനയിക്കുമ്പോഴും കിട്ടാറില്ല.
ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഞാനാണ് ഷൈന്‍ ചെയ്യുന്നതെങ്കില്‍ അയാള്‍ക്ക് കുഴപ്പമില്ല. അത് സപ്പോര്‍ട്ട് ചെയ്യുകയേ ഉള്ളൂ. അതിന്റെ അസൂയ ഒന്നുമില്ല. അതേ പോലെ ഒരാളെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളെ കണ്ടിട്ടില്ല.
ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. ഞാന്‍ ഹനീഫ്ക്ക മരിച്ചപ്പോള്‍ കാണാന്‍ പോയില്ല. ടിവിയില്‍ പോലും കണ്ടില്ല. കാരണം ഹനീഫ്ക്ക അങ്ങനെ മരിച്ച് കിടക്കുന്നത് എനിക്ക് കാണാന്‍ പറ്റില്ല.
ഇപ്പോഴും ഹനീഫ്ക്കയുടെ സിനിമ കണ്ടാല്‍ ഞാന്‍ ചിരിക്കും. മരിച്ച് പോയെന്ന് എനിക്ക് അറിയില്ലെന്നതാണ് സത്യം’’. അന്ന് സലിം കുമാര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.