തൃശൂർ: നാഷണൽ ഹൈവേകളിൽ നിലവിലുള്ള അപകട സാഹചര്യങ്ങൾക്ക് എത്രയുംവേഗം പരിഹാരമുണ്ടാക്കണമെന്നും മഴക്കാല മുന്നൊരുക്കപ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കണമെന്നും മന്ത്രി ഒ.ജെ. ജനീഷ്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്നനിലയിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
റോഡ് നിർമാണത്തിന്റെ ഭാഗമായി താഴ്ന്നുപോയ പ്രദേശങ്ങളിലെ വീടുകളിലേക്കു വെള്ളം കയറുന്നതുമായി ബന്ധപ്പെട്ടു നിരവധി പരാതികളുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. നാഷണൽ ഹൈവേയിലെ തിരക്കുള്ള പ്രദേശങ്ങളിലും സ്കൂൾ പരിസരങ്ങളിലും ട്രാഫിക് വാർഡൻമാരെ നിയോഗിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന മണ്ണും കല്ലും അടിഞ്ഞുകൂടിക്കിടക്കുന്നതിനാൽ പാടശേഖരങ്ങൾ കൃഷിയോഗ്യമല്ലാതായെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ചൂണ്ടിക്കാട്ടി.
മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ വിഭാഗത്തിന്റെ നാലു യോഗങ്ങളും നാലു റിവ്യൂ മീറ്റിംഗുകളും ഇതിനകം ചേർന്നിട്ടുണ്ടെന്നും അടിയന്തര നടപടികൾക്ക് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയതായും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.
പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിൽ പരിശോധന പൂർത്തിയാക്കിയതായും ഷട്ടറുകൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും അധികൃതർ യോഗത്തെ അറിയിച്ചു. ജില്ലയിലെ 94 തദ്ദേശ സ്ഥാപനങ്ങളിലെ 1920 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഏതു സാഹചര്യത്തെയും ഫലപ്രദമായി നേരിടാൻ പോലീസ്, ഫയർഫോഴ്സ്, ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേന എന്നിവ സജ്ജമാണെന്നും ബന്ധപ്പെട്ടവർ യോഗത്തിൽ വ്യക്തമാക്കി.