കോളിയാടി: നെന്മേനി പഞ്ചായത്തിലെ തീനൂര്‍ ഉന്നതിയില്‍ അഞ്ച് വനിതകള്‍ നടത്തുന്ന പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു.ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലഭിച്ച പച്ചക്കറി വിത്തുകള്‍ പ്രയോജനപ്പെടുത്തി അഞ്ച് സെന്റില്‍ നടത്തിയ കൃഷി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് മറ്റൊരു വരുമാനമാര്‍ഗമായി മാറുകയാണ്. വന്യമൃഗശല്യവും മറ്റു പ്രതീകൂല സാഹചര്യങ്ങളും അതിജീവിച്ചാണ് കൂട്ടായ്മയുടെ പച്ചക്കറി കൃഷി. ശാസ്ത്രീയമായും ചിട്ടയോടെയുമാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്.
തീനൂര്‍ ഉന്നതിയിലെ കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് വനിതാ കൂട്ടായ്മയുടെ പച്ചക്കറി കൃഷി. കുടിവെള്ള പദ്ധതിയും പ്രദേശത്ത് സൊസൈറ്റി നടപ്പാക്കിയിട്ടുണ്ട്. ഉപജീവനമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുകയും കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷയും വരുമാന സാധ്യതകളും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാണ് സൊസൈറ്റി ഇത്തരം ഇടപെടലുകള്‍ നടത്തുന്നതെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ് എന്നിവര്‍ പറഞ്ഞു.