National
ന്യൂഡൽഹി: മോദി സർക്കാർ ചുമതലയേറ്റ് 12 വർഷത്തിനിടയിൽ ലോക്സഭയിൽ ആദ്യതോൽവി ഏറ്റുവാങ്ങിയതുൾപ്പെടെ നിരവധി നാടകീയരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.
ജനുവരി 28ന് ആരംഭിച്ച ബജറ്റ് സമ്മേളനമാണ് മൂന്ന് ഘട്ടമായി ചേർന്നശേഷം ഇന്നലെ പിരിഞ്ഞത്. ഫെബ്രുവരി 13ന് അവസാനിച്ച ആദ്യഘട്ട സമ്മേളനം പ്രതിഷേധത്തിൽ മുങ്ങിയപ്പോൾ മാർച്ച് ഒൻപതിന് പുനരാരംഭിച്ച രണ്ടാംഘട്ടത്തിൽ ഭരണ പ്രതിപക്ഷ സമവായത്തെ തുടർന്ന് കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല.
രണ്ടാംഘട്ടത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആർഎ) സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ താത്കാലികമായി പിൻവാങ്ങിയിരുന്നു.
ഏപ്രിൽ രണ്ടിനു പിരിഞ്ഞ രണ്ടാംഘട്ട സമ്മേളനം ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് വനിത സംവരണം നടപ്പാക്കുന്നതിന് മൂന്ന് ബില്ലുകൾ പാസാക്കുന്നതിനായി ഏപ്രിൽ 16ന് മൂന്നു ദിവസത്തേക്കു വീണ്ടും ചേർന്നു. എന്നാൽ മോദി സർക്കാർ ആദ്യമായി ലോക്സഭയിൽ പരാജയം നേരിടുന്നതാണ് കണ്ടത്. 298 വോട്ടുകൾക്കെതിരെ 230 വോട്ടുകളോടെ ഭരണഘടനാ ഭേദഗതി പരാജയപ്പെട്ടു.
ബജറ്റ് സമ്മേളനത്തിൽ ഇരുസഭകളിലുംകൂടി ആദ്യഘട്ടത്തിൽ 13 സിറ്റിംഗുകളും രണ്ടാംഘട്ടത്തിൽ 15 സിറ്റിംഗുകളുമാണ് നടത്തിയത്. അവസാനഘട്ടത്തിൽ മൂന്ന് സിറ്റിംഗുകളും നടന്നു. ആകെ 31 സിറ്റിംഗുകളാണ് ബജറ്റ് സമ്മേളനത്തിൽ നടന്നത്.
ലോക്സഭാ സ്പീക്കറെ സ്ഥാനത്തുനിന്ന് നീക്കുന്നതടക്കമുള്ള പ്രമേയം ചർച്ചചെയ്യുന്നതുൾപ്പെടെ രണ്ടാംഘട്ട സമ്മേളനത്തിൽ നടന്നു. 12 മണിക്കൂറും 27 മിനിറ്റും എടുത്ത് നടന്ന ചർച്ചയിൽ 53 അംഗങ്ങൾ പങ്കെടുത്തെങ്കിലും പ്രമേയം പരാജയപ്പെട്ടു.12 ബില്ലുകളാണ് ബജറ്റ് സെഷനിൽ പുതിയതായി ലോക്സഭയിൽ അവതരിപ്പിച്ചത്. ഒമ്പത് ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി.
മുൻ സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലുകൾ ഉൾപ്പെടെ പാസാക്കിയതിൽപെടുന്നു. രണ്ട് ബില്ലുകൾ പാർലമെന്റ് കമ്മിറ്റിക്ക് വിട്ടു. ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബിൽ ഉൾപ്പെടെ സമ്മേളനത്തിന്റെ മൂന്നാംഘട്ടത്തിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പരാജയപ്പെട്ടു. കേന്ദ്ര സായുധ പോലീസ് സേന (പൊതുഭരണം ) ബിൽ രാജ്യസഭയിലാണ് അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നതിന് ലോക്സഭയിൽ സീറ്റുകൾ വർധിപ്പിക്കുന്നതിനുള്ള ബിൽ സർക്കാർ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ പാർലമെന്റ് താത്കാലികമായി പിരിഞ്ഞു.
രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 16ന് പാർലമെന്റ് വീണ്ടും സമ്മേളിക്കും. ചോദ്യോത്തര വേളയും ശൂന്യവേളയും അപ്പോൾ ഉണ്ടാകില്ലെന്ന് ലോക്സഭാ സ്പീക്കർ സഭയിൽ ഇന്നലെ വ്യക്തമാക്കി.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാർച്ച് ഒന്പതിനാണ് ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷം, എണ്ണ ഇറക്കുമതി ഉൾപ്പെടെയുള്ള ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങൾ സഭയ്ക്കകത്തും പുറത്തും ദൃശ്യമായെങ്കിലും ഇരുകൂട്ടരും സമവായത്തിൽ എത്തിയതോടെ ആദ്യഘട്ട സമ്മേളനം സാക്ഷ്യം വഹിച്ച പ്രതിഷേധം രണ്ടാംഘട്ടത്തിൽ ഉണ്ടായില്ല. സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമാണെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ആദ്യഘട്ട സമ്മേളനത്തിൽ നൽകിയ നോട്ടീസ് ഈ സമ്മേളനത്തിൽ ചർച്ചയായെങ്കിലും പ്രമേയം പരാജയപ്പെട്ടു.
സ്പീക്കറുടെ ഏകപക്ഷീയ നിലപാട് ചോദ്യം ചെയ്ത പ്രതിപക്ഷം ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത കേന്ദ്രസർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു. പ്രതിഷേധത്തെത്തുടർന്നു നടപടി നേരിട്ട എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറായതോടെയാണ് സഭയ്ക്കുള്ളിലെ പ്രതിഷേധത്തിൽ ഇരുകൂട്ടരും സമവായത്തിലെത്തിയത്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതോടെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം മൂർച്ഛിച്ചത്. ലോക്സഭയിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ ഖേദിക്കുന്നതായി പ്രതിപക്ഷം സർക്കാരിനെ അറിയിച്ചതോടെ എംപിമാരുടെ സസ്പെഷൻ പിൻവലിച്ചതായി സ്പീക്കർ അറിയിച്ചു.
കേരളമുൾപ്പെടെ അഞ്ചിടത്തു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എംപിമാരിൽ പലരും തെരഞ്ഞെടുപ്പു തിരക്കിലേക്ക് കടന്നതോടെ സഭയിൽ എത്തുന്ന അംഗങ്ങളുടെ എണ്ണത്തിലും കുറവ് നേരിട്ടിരുന്നു. വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ഉൾപ്പെടെ എട്ടു ബില്ലുകൾ ഈ സമ്മേളനത്തിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.
ഇതിൽ അഞ്ച് ബില്ലുകൾ ഇരുസഭകളും ചർച്ച ചെയ്തു പാസാക്കി. എഫ്സിആർഎ ഭേദഗതിയിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ ചർച്ചയ്ക്കും പാസാക്കലിനുമായി ഈ സമ്മേളനത്തിൽ പരിഗണിക്കുന്നതിൽനിന്നും കേന്ദ്രസർക്കാർ താത്കാലികമായി പിന്മാറി. കോർപറേറ്റ് നിയമഭേദഗതി ജെപിസിക്കു വിടാനും സർക്കാർ തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തിനു പിന്നാലെ നിയമസഭ ഗില്ലറ്റിൻ ചെയ്തു പിരിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയും സഭയ്ക്കു മറ്റു ബിസിനസുകൾ ഇല്ലാത്ത സാഹചര്യത്തിലും നിയമസഭ അനിശ്ചിതകാലത്തേക്കു പിരിയുകയാണെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചതിനു പിന്നാലെയാണു സഭാ നടപടികൾ അവസാനിപ്പിച്ചത്. ഈ മാസം 26 വരെ നിയമസഭാ നടപടികൾ തുടരാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
15-ാം കേരള നിയമസഭയുടെ അവസാന ദിനമായിരുന്ന ഇന്നലെ കേരള നേറ്റിവിറ്റി കാർഡ് ബിൽ അടക്കമുള്ള ബില്ലുകൾ പാസാക്കി.
കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ, അബ്കാരി ഭേദഗതി ബിൽ, കേരള അഡ്വക്കറ്റ്സ് ക്ലർക്ക്സ് ക്ഷേമനിധി ഭേദഗതി ബിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ, കേരള ധനകാര്യ ബിൽ, കേരള ധനകാര്യ (രണ്ടാം നന്പർ) ബിൽ, കേരള ധനവിനിയോഗ ബിൽ തുടങ്ങിയവയാണ് ഇന്നലെ പാസാക്കിയത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
Kerala
തിരുവനന്തപുരം: ബജറ്റ് അവതരണഘട്ടം പൂർത്തിയാക്കി നിയമസഭ ഇടവേളയ്ക്കായി പിരിഞ്ഞു. സമ്മേളനം 23നു പുനരാരംഭിക്കും. ബജറ്റിന്റെ പൊതുചർച്ച പൂർത്തിയാക്കിയ ശേഷം ഈ സാന്പത്തിക വർഷത്തെ ഉപധനാഭ്യർഥനകളും അവതരിപ്പിച്ചു പാസാക്കിയാണ് ഇന്നലെ സഭ പിരിഞ്ഞത്.
ഇനി വകുപ്പു തിരിച്ചുള്ള ചർച്ചയാണു നടക്കാനുള്ളത്. 23നു സഭ പുനരാരംഭിക്കുന്ന ദിവസം സർക്കാർ ബിസിനസിനായി നീക്കിവച്ചിരിക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച ഉപധനാഭ്യർഥനയുടെ ധനവിനിയോഗബില്ലും പാസാക്കും. 24 മുതലാണ് വകുപ്പുതിരിച്ചുള്ള ചർച്ച ആരംഭിക്കുന്നത്.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനു മുന്പു തന്നെ വരുമെന്നാണു കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇന്ന് കാസർഗോഡു നിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതുയുഗയാത്ര ആരംഭിക്കുകയാണ്. മാർച്ച് ആറിനു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
എൽഡിഎഫിലാകട്ടെ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം തലത്തിൽ വികസന യാത്രകൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എംഎൽഎമാർക്കും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനാണു താത്പര്യം. ഈ സാഹചര്യത്തിൽ 23നു പുനരാരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിയാനാണു സാധ്യത.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യാതെ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു.
പ്രതിപക്ഷ ബഹളത്തെത്തുടർന്നു മൂന്നു തവണ നിർത്തിവച്ച ശേഷം ഇന്നു ചേരാനായി ലോക്സഭ പിരിഞ്ഞു. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തെ വകവയ്ക്കാതെ എക്സൈസ് ഭേദഗതി ബിൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. തിങ്കളാഴ്ചത്തേതുപോലെ പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ ഭരണപക്ഷം മാത്രമായിരുന്നു സഭയിലുണ്ടായിരുന്നത്.
വന്ദേ മാതരം ചർച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പു ചർച്ചയ്ക്കു തീയതി നിശ്ചയിക്കാമെന്ന സർക്കാരിന്റെ വാദം പ്രതിപക്ഷം തള്ളി. ലോക്സഭയുടെ ഇന്നലെ നടന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഒത്തുതീർപ്പും സമവായവും ഉണ്ടായതെന്ന് കോണ്ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എസ്ഐആറും വോട്ടർപട്ടിക ക്രമക്കേടും ചർച്ച ചെയ്യാതെ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ച് വന്ദേമാതരം ചർച്ചയും സർക്കാരിന്റെ ബില്ലുകൾ പാസാക്കുന്നതുമായി മുന്നോട്ടു പോകണമെന്നു ചില ബിജെപി നേതാക്കൾ നിർദേശിച്ചെങ്കിലും ഏറ്റുമുട്ടൽ ഒഴിവാക്കി സമവായം ആകാമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം ലഭിച്ചത്.
പ്രതിപക്ഷ സമ്മർദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു ചർച്ചയാകാമെന്നു പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളും വ്യക്തമാക്കിയിരുന്നു. തീയതിയും സമയവും പക്ഷേ പ്രതിപക്ഷം തീരുമാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള ചർച്ച ആദ്യം നടത്തണമെന്നു കേന്ദ്രം ശഠിച്ചു. അതു തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു വിശദമായ ചർച്ച വേണമെന്നു പ്രതിപക്ഷവും വാശിപിടിച്ചു. ഒടുവിൽ രണ്ടു ചർച്ചകൾക്കും 10 മണിക്കൂർ വീതം അനുവദിക്കുമെന്നു സ്പീക്കർ ഓം ബിർല അറിയിച്ചു.
ഇതിനിടെ, കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസമായ ഒന്പതിനു നടക്കുന്ന തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളുടെ ചർച്ചയിൽ ഭൂരിപക്ഷം മലയാളി എംപിമാർക്കും പങ്കെടുക്കാനാകില്ല. രാഹുൽ ഗാന്ധിക്കു പുറമെ ശശി തരൂരിനെയും ഉത്തരേന്ത്യൻ നേതാക്കളെയും ചർച്ചയ്ക്കായി കോണ്ഗ്രസ് നിയോഗിച്ചേക്കുമെന്നാണു സൂചന.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ കേരളത്തിലേക്കു മടങ്ങി. ജോസ് കെ. മാണി ഉൾപ്പെടെ നിരവധി എംപിമാർ തിങ്കളാഴ്ചതന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. തെക്കുനിന്നുള്ള ചില എംപിമാർ പത്താം തീയതി ഡൽഹിക്കു മടങ്ങുമെങ്കിലും ഭൂരിപക്ഷം എംപിമാരും വോട്ടെണ്ണൽ കഴിയുന്നതുവരെ കേരളത്തിൽ തുടർന്നേക്കും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ സമ്മേളനം അവസാനിപ്പിച്ചു. കഴിഞ്ഞ മാസം 15ന് ആരംഭിച്ച സമ്മേളനം വെള്ളിയാഴ്ചവരെ ചേരാനാണു നിശ്ചയിച്ചിരുന്നത്.
എന്നാൽ ശബരിമലയിലെ ദ്വാരപാലകശില്പ്പം കാണാതായ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച പ്രമേയം മന്ത്രി എം.ബി.രാജേഷ് അവതരിപ്പിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തു പോയതിനു ശേഷമായിരുന്നു പ്രമേയം കൊണ്ടു വന്നത്. വെള്ളിയാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ബില്ലുകൾ കൂടി ഇന്ന് പാസാക്കിയാണ് സഭ പിരിഞ്ഞത്.
ഇന്ന് നടന്ന പ്രതിഷേധത്തിൽ വാച്ച് ആൻഡ് വാര്ഡ് ചീഫ് മാർഷലിന് മർദനമേറ്റ സംഭവത്തില് മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തിരുന്നു. റോജി എം. ജോൺ, എം.വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതിപക്ഷം സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.