തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുതൽ ഇന്നലെ വരെ കേരളം കണ്ടുകൊണ്ടിരുന്നത് യുഡിഎഫുകാരുടെ ഉത്സവാഘോഷമായിരുന്നു. ഇന്നലെ ആ ആഘോഷ അന്തരീക്ഷം മാറി. പിണറായി വിജയന്റെ വീട്ടിലുൾപ്പെടെ പന്ത്രണ്ടു കേന്ദ്രങ്ങളിൽ രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചതോടെ കേരളത്തിന്റെ ശ്രദ്ധ അതിലേക്കു മാറി.
പിണറായി വിജയന്റെ വസതിയിലുൾപ്പെടെ റെയ്ഡ് നടക്കുന്നു എന്ന വാർത്ത പുറത്തു വന്നതോടെ സിപിഎം സടകുടഞ്ഞെണീറ്റു. കഴിഞ്ഞ മൂന്നാഴ്ചയായി തെരഞ്ഞെടുപ്പു പരാജയം ഏൽപിച്ച ആലസ്യത്തിൽ കഴിയുകയായിരുന്ന സിപിഎം പ്രവർത്തകരെ ഉണർത്താനും സജീവമാക്കാനുമുള്ള അവസരമായാണു പാർട്ടി ഇതിനെ തുടക്കത്തിൽതന്നെ കണ്ടത്.
‘ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണ്’ എന്നെഴുതിയ പിണറായി വിജന്റെ ചിത്രം പതിച്ച വലിയ ബോർഡ് ഇഡി റെയ്ഡ് നടക്കുന്പോൾ തന്നെ തിരുവനന്തപുരത്ത് പാളയത്തു പ്രത്യക്ഷപ്പെട്ടു. റെയ്ഡിനെ രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം ഒരുങ്ങുന്നതിന്റെ പ്രകടമായ സൂചനയായിരുന്നു അത്. പിണറായിയുടെ തിരുവനന്തപുരത്തെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
കോണ്ഗ്രസിനെകൂടി ഈ വിവാദത്തിൽ കക്ഷിയാക്കാനും സിപിഎം ശ്രദ്ധിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി സന്ദർശനവും റെയ്ഡും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനം നടത്തിയത്. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും അവർ ആയുധമാക്കി.
വി.ഡി. സതീശന്റെ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്പോൾ, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. പിണറായിക്കെതിരേയുള്ള റെയ്ഡ് കോണ്ഗ്രസ്-ബിജെപി ഗൂഢതന്ത്രത്തിന്റെ ഭാഗമെന്നു വരുത്താനായിരുന്നു സിപിഎം ശ്രമം.
എന്നാൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇഡി സംഘത്തിനു നേരേ സിപിഎമ്മുകാർ ആക്രമണം അഴിച്ചുവിട്ടതോടെ കഥ മാറി. അറസ്റ്റിലാകുന്ന പാർട്ടിക്കാർക്കെതിരേ ഗുരുതര വകുപ്പുകൾ ചുമത്തും. ഇഡി ഉദ്യോഗസ്ഥർക്കെതിരേയുള്ള ആക്രമണത്തെ കേന്ദ്ര സർക്കാരും ഗൗരവത്തോടെയാകും കാണുക.
റെയ്ഡിനെക്കുറിച്ചു മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പിന്നീട് അക്രമസംഭവങ്ങൾക്കു ശേഷം മാധ്യമങ്ങൾക്കു മുന്പാകെ എത്തി അക്രമികൾക്കെതിരേ കർശനമായ നടപടി ഉണ്ടാകുമെന്നു പറഞ്ഞു. തലസ്ഥാനത്തു നടന്നത് ആസൂത്രിതമായ അക്രമമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കൾ ഇഡി നടപടിക്കെതിരേ അതിശക്തമായ പ്രതികരണവുമായി രംഗത്തു വന്നപ്പോൾ കോണ്ഗ്രസോ യുഡിഎഫോ ഇക്കാര്യത്തിൽ പ്രതികരിക്കാൻതന്നെ തയാറായില്ല. ഇഡിയോടു തങ്ങൾക്കു വലിയ മതിപ്പൊന്നുമില്ലെന്നാണ് കെ. മുരളീധരൻ പറഞ്ഞത്. മുന്പ് ഇഡി അമിതാവേശത്തോടെ കൈകാര്യം ചെയ്ത കേസുകൾ പിന്നീട് എവിടെ പോയെന്ന് ആർക്കുമറിയില്ലല്ലോ.
ഇഡി അന്വേഷണം യുഡിഎഫിന്റെ പരിധിയിൽ വരില്ലെങ്കിലും ഇതിന്റെ ഫലമായുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരിക സർക്കാർ ആയിരിക്കും. അതു സർക്കാരിനു തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം കേരള സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘർഷങ്ങൾ വരാനിരിക്കുന്ന നാളുകളേക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു. ഇന്നലെ അതിന്റെ അടുത്ത പടിയിലേക്കു കടന്നു.
ഇഡി റെയ്ഡിൽ ബിജെപിക്കു രാഷ്ട്രീയ താൽപര്യമുണ്ടാകാമെന്ന അഭിപ്രായവും രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. സിപിഎമ്മിന്റെ അടിത്തറ തകർത്ത് ആ സ്പേസിലേക്കു കയറിപ്പറ്റാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാകാം. അങ്ങനെ ബിജെപിയും സിപിഎമ്മും തമ്മിൽ പോർമുഖം തുറക്കുന്പോഴും രാഹുൽ ഗാന്ധിയെ വിമർശിച്ച പിണറായി വിജയൻ മോദിക്കെതിരേ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നു യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു.
സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു പത്തു ദിവസം തികയുന്നതിനു മുന്പു തന്നെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം സംഘർഷാത്മകമായിരിക്കുന്നു എന്നതാണു കഷ്ടം.