ന്യൂഡൽഹി: കേന്ദ്രസർക്കാർ 12 വർഷമായി വാർധക്യ പെൻഷൻ വർധിപ്പിച്ചിട്ടില്ലെന്നും എന്നാൽ പത്ത് വർഷത്തിനിടയിൽ 6,000 കോടി രൂപയ്ക്കടുത്ത് അവർ സ്വയം പ്രചാരണം കൊടുക്കുന്നതിനുള്ള പരസ്യങ്ങൾക്കു ചെലവാക്കിയെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
2014-15നും 2024-25നും ഇടയിൽ ബിജെപി സർക്കാർ പരസ്യങ്ങളുടെ രൂപത്തിൽ സ്വയം പ്രമോഷനായി ആകെ 5,987.46 കോടി രൂപ ചെലവഴിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എക്സിലൂടെയുള്ള ഖാർഗെയുടെ കുറ്റപ്പെടുത്തൽ.
കോടിക്കണക്കിന് വൃദ്ധ പൗരന്മാർ അടിസ്ഥാന മരുന്നും ഭക്ഷണവുംപോലും ലഭിക്കാനാവാതെ കുറഞ്ഞ പെൻഷനുകൾകൊണ്ട് ജീവിക്കാൻ നിർബന്ധിതരാകുന്പോൾ മോദി സർക്കാരും ബിജെപിയും ആഡംബരപൂർണമായ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ, വലിയ വാഹനവ്യൂഹങ്ങൾ, വന്പിച്ച പരിപാടികൾ, നിർത്താതെയുള്ള പ്രചാരണം എന്നിവയിൽ അമിതമായി പണം ചെലവഴിക്കുന്നത് തുടരുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.