കട്ടപ്പന: നഗരസഭാ യുഡിഎഫ് ഭരണസമിതിക്കെതിരേ ഗുരുതര ആരോപണവുമായി എൽഡിഎഫ് രംഗത്ത്. മുന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ട് യുഡിഎഫ് ഭരണസമിതി നഷ്ടപ്പെടുത്തുകയാണെന്നും പദ്ധതികള്‍ അട്ടിമറിക്കുന്ന നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൽഡിഎഫ് വ്യക്തമാക്കി.
വലിയകണ്ടം 90-ാം നമ്പര്‍ അങ്കണവാടി നിര്‍മാണം, ഐടിഐ കുന്ന്-ആശ്രമംപടി റോഡ്, ഇടുക്കിക്കവല സ്നേഹതീരം, ഐടിഐ കുന്ന് കുടിവെള്ള പദ്ധതികള്‍ എന്നിവ അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണ്. അങ്കണവാടി കെട്ടിടത്തിന് മുന്‍ മന്ത്രി റോഷി അഗസ്റ്റിന് പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 21 ലക്ഷവും ഐസിഡിഎസ് 15 ലക്ഷവും അനുവദിച്ചിരുന്നു. നാലുവര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
ഐടിഐ കുന്ന്- ആശ്രമംപടി റോഡിന് റോഷി അഗസ്റ്റിന്റെ ഇടപെടലിലൂടെ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായെങ്കിലും കരാര്‍ നല്കുന്നതില് കാലതാമസമുണ്ടായതോടെ ഫണ്ട് നഷ്ടപ്പെടുന്ന സ്ഥിതിയായി.
2023-24 സാമ്പത്തിക വര്‍ഷം നഗരസഭ പ്ലാന്‍ഫണ്ടില്‍നിന്ന് തുക അനുവദിച്ച് നിര്‍മിച്ച ഇടുക്കിക്കവല സ്നേഹതീരം കുടിവെള്ള പദ്ധതിക്ക് ഇതുവരെ വൈദ്യുതി കണക്ഷന് ലഭ്യമാക്കിയിട്ടില്ല. നാല് ലക്ഷം രൂപ അനുവദിച്ച ഐടിഐ കുന്ന് കുടിവെള്ള പദ്ധതിക്ക് കരാര്‍ നല്‍കിയെങ്കിലും തുടര്‍നടപടി നിലച്ച സ്ഥിതിയാണെന്നും കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍, സിപിഎം ഏരിയ കമ്മിറ്റിയംഗം ലിജോബി ബേബി, നേതാക്കളായ പി.രാജീവ്, കെ.കെ. തങ്കച്ചന് എന്നിവര്‍ ആരോപിച്ചു.