ന്യൂഡൽഹി: നാലു വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയശേഷം സർവീസിൽ നിലനിർത്താവുന്ന അഗ്നിവീറുകളുടെ ശതമാനം വർധിപ്പിച്ചേക്കുമെന്ന് സൂചന. കര, നാവിക, വ്യോമ സേനകളിൽ ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മാത്രം നിലനിർത്താനാണു നിലവിലെ വ്യവസ്ഥ.
എന്നാൽ, നാവികസേനയിൽ ഇത് 75 ശതമാനമാണ്. കരസേനയും വ്യോമസേനയും നിലനിർത്തേണ്ട അഗ്നിവീറുകളുടെ എണ്ണം 50 ശതമാനമായി ഉയർത്താൻ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.
അഗ്നിപഥ് പദ്ധതിപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ട അഗ്നിവീറുമാർ 2023ന്റെ തുടക്കത്തിലാണ് പരിശീലനം ആരംഭിച്ചത്. ഇവരുടെ ആദ്യബാച്ചുകൾ ഈ വർഷം അവസാനം നാലു വർഷത്തെ കാലാവധി പൂർത്തിയാക്കും.
നിയമപ്രകാരം ആദ്യഘട്ടത്തിൽ എല്ലാവരെയും സർവീസിൽനിന്ന് വിട്ടയയ്ക്കുമെങ്കിലും താത്പര്യമുള്ളവരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ സേനയിൽ നിയമിച്ചേക്കും.
കഴിഞ്ഞ നാലു വർഷമായി വിവിധ സൈനികനീക്കങ്ങളിൽ പങ്കെടുത്തവരും പുതിയ സാങ്കേതികവിദ്യകളും ആയുധങ്ങളും കൈകാര്യം ചെയ്യാൻ പരിചയസമ്പന്നരുമായ സൈനികരെ രാജ്യത്തിന് ആവശ്യമാണെന്ന ചിന്തയുമാണ് അഗ്നിവീറുകളുടെ എണ്ണം വർധിപ്പിക്കാൻ അധികാരികളെ പ്രേരിപ്പിച്ചത്.