National
ന്യൂഡൽഹി: കാർഷിക രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കര്ഷകര്ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും. ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം പ്രഖ്യാപിച്ചു.
നാളികേര കൃഷിക്ക് വേണ്ടിയും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കോക്കനട്ട് പ്രോമോഷൻ സ്കീം ആണ് വരുന്നത്. ഇതിലൂടെ ഒരു കോടിയോളം കര്ഷകര്ക്ക് ഗുണമുണ്ടാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം നൽകും.
ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം. ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്ക്കും.
District News
കാഞ്ഞിരപ്പള്ളി: കാർഷികമേഖലയുടെ പുരോഗതിക്ക് നബാർഡ് സഹായത്തോടെ കുറഞ്ഞ പലിശയ്ക്കു വായ്പകൾ നൽകുന്ന കാർഷികവികസന ബാങ്കുകൾ കാർഷികമേഖലയ്ക്കു മാതൃകയാണെന്നും കർഷകർ വീണ്ടും കാർഷികമേഖലയിലേക്കു തിരികെവരുന്നതിന് കാർഷികവികസന ബാങ്കുകൾ വഹിക്കുന്ന പ ങ്കു വലുതാണെന്നും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരുന്ന കർഷക അവാർഡുകൾ വിതരണം ചെയ്തു. മികച്ച കർഷകരായി റെജി കുര്യാക്കോസ് ആനത്താനം, ജെസിൻ മാത്യു അട്ടക്കുഴിയിൽ, ബാബു ചെറിയാൻ, വിനീത് കൊച്ചുമുറിയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് സാജൻ കുന്നത്ത്, ഭരണസമിതിയംഗങ്ങളായ സണ്ണിക്കുട്ടി അഴകംപ്രയിൽ, ആന്റണി കുര്യാക്കോസ് കിഴക്കേത്തലക്കൽ, പി.സി. ജേക്കബ് പനയ്ക്കൽ, സുമേഷ് ആൻഡ്രൂസ്, ബിജോയ് ജോസ് മുണ്ടുപാലം, അജി ഏബ്രഹാം വെട്ടുകല്ലാംകുഴി, പി.പി. സുകുമാരൻ, കെ.എൻ. ദാമോദരൻ, സെലിൻ സിജോ, ലിസി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി അജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
Business
കാർഷികമേഖല ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഉത്പന്ന വിപണികളെ തളർത്തും. കുരുമുളക് ലഭ്യത ചുരുങ്ങിയതു വിലക്കയറ്റത്തിനു വഴിതെളിച്ചു. പുതിയ ഏലം വിറ്റുമാറാൻ ഉത്പാദകർ മത്സരിച്ചു. മഞ്ഞുവീഴ്ച രൂക്ഷമായതോടെ തേയില ഉത്പാദനം സ്തംഭിച്ചു. നാളികേരോത്പന്നങ്ങൾ രൂക്ഷമായ വിലത്തകർച്ചയിൽ, വെളിച്ചെണ്ണയുടെ വില തകർച്ചയിൽ തമിഴ്നാട്ടിലെ പല മില്ലുകളും സാമ്പത്തിക പ്രതിസന്ധിയിൽ. ജാപ്പനീസ് നാണയത്തിനു വീണ്ടും കാലിടറുന്നു, അവസരം നേട്ടമാക്കാൻ റബറിനാവുമോ?
കുരുമുളക് ലഭ്യതക്കുറവ്
കാർഷികമേഖല ഉത്സവദിനങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നതിനാൽ മുൻനിര ഉത്പന്ന നീക്കം ചുരുങ്ങും. ഓഫ് സീസൺ കാലയളവായതിനാൽ ഉത്പാദന മേഖലകളിൽ കുരുമുളക് ലഭ്യത ചുരുങ്ങി. വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം, അതുകൊണ്ടുതന്നെ സ്റ്റോക്കിന് ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന നിഗമനത്തിലാണു പല വൻകിട കർഷകരും.
ഇതിനിടയിൽ ആവശ്യാനുസരണം മുളക് ലഭിക്കാത്തതിനാൽ നിരക്ക് ഉയർത്തി വില്പനക്കാരെ വിപണിയിലേക്ക് അടുപ്പിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ശ്രമം നടത്തി. എന്നാൽ, ലഭ്യത അവരുടെ കണക്കുകൂട്ടലിനൊത്ത് ഉയർന്നതുമില്ല. വാരാന്ത്യം അൺഗാർബിൾഡ് കുരുമുളക് 69,400 രൂപയിലും ഗാർബിൾഡ് 71,400ലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
വിയറ്റ്നാം നടപ്പു വർഷം 1.6 ബില്യൺ ഡോളറിന്റെ കുരുമുളക് കയറ്റുമതി പ്രതീക്ഷിക്കുന്നതായി വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ പ്രസിഡന്റ് ഹോങ് തീ ലിയൻ. പ്രതിസന്ധികൾക്കിടയിൽ ഈ വർഷം അവർ ആഗോള വ്യാപാരത്തിൽ ശക്തമായ മുന്നേറ്റമാണു കാഴ്ചവച്ചത്. ഉയർന്ന വില ഉറപ്പ് വരുത്താനായത് വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ ഉത്പാദകരെ പ്രേരിപ്പിക്കും. വിയറ്റ്നാമിൽ കുരുമുളക് വില കിലോഗ്രാമിന് ഒന്നര ലക്ഷം ഡോങ് വരെ കയറി.
ഏലക്കയിൽ ആശ്വാസം
ഏലക്ക ലേലകേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് വില്പനയ്ക്ക് എത്തുന്നു. പല ദിവസങ്ങളിലും രണ്ട് ലേലം വീതം നടന്നു. ഈ അവസരത്തിലും വില്പനയ്ക്ക് ഇറങ്ങിയ ചരക്കിൽ ഏറിയ പങ്കും പൂർണമായി വിറ്റഴിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക വാങ്ങാൻ മത്സരിച്ചത് ശരാശരി ഇനങ്ങളെ കിലോയ്ക്ക് 2400 രൂപയ്ക്ക് മുകളിൽ നിലനിർത്തി. ക്രിസ്മസ് വേളയായതിനാൽ കൂടുതൽ ആകർഷകമായ വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല.
തേയിലയ്ക്കു ഭീഷണിയായി അതിശൈത്യം
ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത് നുള്ള് സ്തംഭിച്ചു. ഇടുക്കി ജില്ലയിൽ ഏറ്റവും താഴ്ന്ന താപനിലയിലാണ്. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിലേക്ക് താഴ്ന്നത് തേയില ഉത്പാദന മേഖലയ്ക്കു കനത്ത സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും. ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം മൂന്നു മാസമായി കുറവാണ്. ഒക്ടോബറിലും നവംബറിലും ഉത്പാദനം ചുരുങ്ങി, തണുപ്പ് കനത്ത സാഹചര്യത്തിൽ ഡിസംബറിലും ഉത്പാദനം ചുരുങ്ങുമെന്നാണ് തോട്ടം മേഖലയിൽനിന്നുള്ള സൂചന. വിദേശത്തുനിന്നും തേയിലയ്ക്ക് ശക്തമായ ഡിമാൻഡ് തുടരുന്നത് ഉയർന്ന വിലയ്ക്ക് വഴിയൊരുക്കി. ഇലത്തേയിലകൾ കിലോ രണ്ട് മുതൽ അഞ്ച് രൂപ വരെ കയറിയപ്പോൾ പൊടിത്തേയിലകൾക്ക് എട്ട് രൂപ വരെ വർധിച്ചു.
വിലയിടിഞ്ഞ് നാളികേരോത്പന്നങ്ങൾ
നാളികേരോത്പന്നങ്ങൾക്ക് കനത്ത വിലത്തകർച്ച. തമിഴ്നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണത്തിൽനിന്നു പിൻവലിഞ്ഞ് സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ കാണിച്ച തിടുക്കം വിപണിയെ പിടിച്ചുലച്ചു. ക്രിസ്മസ് വേളയിൽ എണ്ണയ്ക്ക് ഉയർന്ന വില ഉറപ്പുവരുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു വാരാരംഭം മുതൽ മില്ലുകാർ. എന്നാൽ, കേരളത്തിൽനിന്നും പ്രതീക്ഷയ്ക്കൊത്ത് ഡിമാൻഡ് ഉയരുന്നില്ലെന്നു വ്യക്തമായതോടെ വിലയിടിച്ചു ചരക്കു വിറ്റുമാറാനുള്ള അവസാന തന്ത്രം അവർ പ്രയോഗിച്ചു. കാങ്കയത്ത് വെളിച്ചെണ്ണ 25,350 രൂപയിൽ നിന്നും 23,000ലേക്ക് ഇടിഞ്ഞു. കൊപ്രയ്ക്ക് 2100 രൂപ കുറഞ്ഞ് 16,200 യായി.
അയൽ സംസ്ഥാനത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ കൊച്ചി വിപണിയെയും പിടിച്ചുലച്ചു. വാരാന്ത്യം വെളിച്ചെണ്ണ 31,900 രൂപയായും കൊപ്ര 19,100 രൂപയായും ഇടിഞ്ഞു. പുതുവർഷം പിറക്കുന്നതോടെ വിപണി കൂടുതൽ സമ്മർദത്തിൽ അകപ്പെടുമോയെന്ന ആശങ്കയിലാണു നാളികേര കർഷകർ.
റബറിനു തിരിച്ചടിതന്നെ
ഏഷ്യൻ ടയർ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും അകന്നത് റബറിനു തിരിച്ചടിയായി. ജപ്പാൻ പലിശ നിരക്ക് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലേക്ക് എത്തിച്ചത് ഒസാക്ക എക്സ്ചേഞ്ചിൽ നിന്നും വിദേശ നിക്ഷേപകരെ അകറ്റി. യെൻ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തൽ റബറിന്റെ ആകർഷണം കുറച്ചു. ഇതോടെ ഷീറ്റ് വില 333 യെന്നിൽനിന്നും 328ലേക്ക് ഇടിഞ്ഞു.
പലിശനിരക്കിൽ അവർ മാറ്റം വരുത്തിയെങ്കിലും നാണയത്തെ ബാധിച്ച തളർച്ച വിട്ടുമാറിയില്ല. യെന്നിന്റെ മൂല്യം 154ൽനിന്നും 157ലേക്ക് ഇടിഞ്ഞതു വിദേശ നിക്ഷേപകരെ ആകർഷിക്കും. എന്നാൽ, ഉത്സവ ദിനങ്ങളായതിനാൽ അവർ വിപണിയിൽ താത്പര്യം കാണിക്കുമെന്ന കാര്യത്തിൽ ഉറപ്പുവരുത്താനാവില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 18,300 രൂപയിലും അഞ്ചാം ഗ്രേഡ് 18,000 രൂപയിലുമാണ്.
District News
വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.
പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.
ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.