ഇ.പി. ജയരാജൻ
കണ്ണൂർ: ബിജെപി ഭരണത്തിൽ രാജ്യത്തെ കാർഷിക മേഖല പൂർണമായും തകർന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഓൾ ഇന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റുമായ ഇ.പി. ജയരാജൻ. കോൺഗ്രസ് തുടങ്ങിവച്ച നയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹി കർഷകസമര ഓർമദിനത്തിൽ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ കാൾടെക്സ് പരിസരത്ത് സംഘടിപ്പിച്ച കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഇ.പി. ജയരാജൻ. കോർപറേറ്റുകൾക്ക് യഥേഷ്ടം ഭൂമി ലഭ്യമാക്കാൻ വേണ്ടി സർക്കാർ പ്രയത്നിക്കുന്നതിന്റെ ഫലമായി കർഷകർക്ക് ഭൂമി നഷ്ടപ്പെടുകയാണ്. ഇത്തരം ജനദ്രോഹ നയങ്ങൾ തിരുത്താൻ ജനവിരുദ്ധ ഭരണകൂടത്തിനെതിരേ ഒറ്റക്കെട്ടായുള്ള ശക്തമായ പോരാട്ടത്തിലൂടെയെ സാധിക്കൂവെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സംയുക്ത കർഷക സമിതി ചെയർമാൻ എ. പ്രദീപൻ അധ്യക്ഷത വഹിച്ചു.
കർഷക സംഘം സംസ്ഥാന ജോയിന്് സെക്രട്ടറി എം. പ്രകാശൻ, ജില്ലാ കൺവീനർ എം.സി. പവിത്രൻ, കൊക്കോടൻ ലക്ഷ്മണൻ, കെ. ഭാസ്കരൻ, സി.പി. ഷൈജൻ, പി. ശശി, പി. രാജേഷ് പ്രേം, പി. ഗോവിന്ദൻ, രമേശൻ, പുല്ലായിക്കൊടി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags : collapsed under BJP rule nattuvishesham localnews agricultural sector completely collapsed