ഷെയ്ഖ് ഹസീന
ന്യൂയോർക്ക്: ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ സർക്കാരിന് കർശന മുന്നറിയിപ്പുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. ഷെയ്ഖ് ഹസീനയ്ക്കോ ഒപ്പമുള്ളവർക്കോ എന്തെങ്കിലും തരത്തിലുള്ള പോറലേറ്റാൽ താരിഖ് റഹ്മാനും അദ്ദേഹത്തിന്റെ സർക്കാരും മാത്രമായിരിക്കും പൂർണ ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ നടന്ന 'ബംഗ്ലാദേശിന്റെ ഭാവി' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു 2002-2004 കാലയളവിൽ പെന്റഗണിൽ സേവനമനുഷ്ഠിച്ച മൈക്കൽ റൂബിൻ. 2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഹസീന, ഈ സെമിനാറിൽ മുഖ്യാതിഥിയായി ഓൺലൈൻ വഴി പങ്കെടുത്തിരുന്നു. ഇതേ സന്ദേശം ധാക്കയ്ക്ക് കൈമാറാൻ യുഎസ് അംബാസഡറോടും മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോടും റൂബിൻ അഭ്യർഥിച്ചു.
ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടവുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഇന്ത്യ ഉറച്ചുനിൽക്കണമെന്നും ഹസീനയ്ക്കുള്ള പിന്തുണ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലെ ഷാ ഭരണകൂടത്തെ കൈകാര്യം ചെയ്തതിൽ അമേരിക്കയ്ക്ക് സംഭവിച്ച പിഴവുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹസീനയുടെ ഭരണം പുനഃസ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.
Tags : SheikhHasina Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews