തദ്ദേശസ്വയംഭരണ വകുപ്പും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി ഇരിട്ടി ടൗണിൽ നടത്തിയ മിന്നൽ പരിശോധന.
ഇരിട്ടി: ഇരിട്ടിയിൽ കച്ചവട സ്ഥാപനങ്ങളിൽനിന്നു മലിനജലം പഴശിയിലേക്ക് ഒഴുക്കിവിടുന്നു എന്ന "ദീപിക' വാർത്ത വാർത്തയെ തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി ടൗണിൽ നടത്തിയ മിന്നൽപരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. പൊതുസ്ഥലത്തേക്ക് മലിനജലം ഒഴുക്കിയതിനും മാലിന്യം തരംതിരിക്കാതെ കൂട്ടിയിട്ടതിനും നിരോധിത ഉത്പന്നങ്ങൾ സൂക്ഷിച്ചതിനും അഞ്ചു സ്ഥാപനങ്ങൾക്ക് പിഴചുമത്തി.
പഴശി ജലസംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വിധത്തിൽ മലിനജലം പുറത്തേക്കൊഴുക്കിയതിന് ഇരിട്ടി ബസ്സ്റ്റാൻഡ് പരിസരത്തെ തൗഫീഖ് ഹോട്ടലിനും പയഞ്ചേരിമുക്കിലെ എംടുഎച്ച് ഹോട്ടലിനും 25,000 രൂപ വീതം പിഴചുമത്തി. അംഗീകാരമില്ലാത്ത ഇൻസിനറേറ്റർ സ്ഥാപിച്ച് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കത്തിച്ചതിന് എംടുഎച്ച് ഹോട്ടലിന് 5000 രൂപ അധികമായും പിഴയിട്ടു.
ആറ് കിലോ വ്യാജ ബയോ കാരിബാഗുകളും 300 നിരോധിത പേപ്പർ കപ്പുകളും കണ്ടെത്തിയ അറഫ ഫ്രൂട്ട് സ്റ്റാളിന് 10,000 രൂപ പിഴചുമത്തി. മാലിന്യം തരംതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിന് കെകെ ടൂറിസ്റ്റ് ഹോം, സിറ്റി ബസാർ എന്നിവയ്ക്ക് 5000 രൂപ വീതവും പിഴയിട്ടു. സ്ഥാപനങ്ങൾക്കെതിരേ തുടർനടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി.
സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, സി.കെ. ദിബിൽ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിൻസ്, മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags : Banned items also discovered nattuvishesham localnews