മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ ഓഫിസ് ഉദ്ഘാടനം മട്ടന്നൂരിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു.
മട്ടന്നൂർ: മനോവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ ഓഫിസ് മട്ടന്നൂർ റവന്യു ടവറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കുന്നതിനുമാണ് 2017ൽ അർധ ജുഡീഷ്യൽ സംവിധാനമായ മെന്റൽ ഹെൽത്ത് റിവ്യു ബോർഡ് രൂപവത്കരിച്ചത്. സംസ്ഥാനത്തെ അഞ്ചാമത്തെ മേഖലാ ഓഫിസാണ് മട്ടന്നൂരിൽ തുടങ്ങിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഓഫിസിന്റെ പരിധിയിൽ വരും. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫിസ് ഒരുക്കിയത്.
വി.കെ. സനോജ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎച്ച്ആർബി ചെയർപേഴ്സൺ എ. ശങ്കരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കൗൺസിലർ പി. പ്രജില, എംഎച്ച്ആർബി സൂപ്രണ്ട് പി.വി. ഷൈലേഷ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. വിവേക് കുമാർ, സി. അബൂബക്കർ, ഡോ. ശരത് എസ്. നായർ എന്നിവർ പ്രസംഗിച്ചു.