കിളിയന്തറ അഞ്ചേക്കറിൽ കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ പായം പഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാറും ഭരണസമിതി അംഗങ്ങളും സന്ദർശിക്കുന്നു.
ഇരിട്ടി: പായം പഞ്ചായത്തിലെ കിളിയന്തറ അഞ്ചേക്കർ മേഖലയിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞദിവസം രാത്രിയിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പൈമറ്റത്തിൽ സാജു, വിൽസൺ ചാരുവിള, ജോയ് മാളിയേക്കൽ, മോനിച്ചൻ മഞ്ഞളിൽ, ഡേവിഡ് പാറമ്മൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശംവിതച്ചത്.
വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കർണാടക വനത്തിൽനിന്ന് ബാരാപോൾ പുഴ കടന്നെത്തിയ കാട്ടാനയാണ് പായം പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ തുടർച്ചയായി നാശം വിതയ്ക്കുന്നത്. രണ്ടുദിവസം മുന്പ് നടയ്ക്കൽ ജോജിയുടെ വാഴത്തോട്ടത്തിലെത്തി ആന കൃഷി നശിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇത്തവണ ജോജിയുടെ വീടിന് സമീപത്തെ പറമ്പുകളിലാണ് ആനയെത്തിയത്.
തുടർച്ചയായി കാട്ടാനയിറങ്ങുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വീടുകൾക്ക് സമീപം വരെ ആനയെത്തിയതോടെ റബർ ടാപ്പിംഗ് ഉൾപ്പടെ പുലർച്ചെ ചെയ്യുന്ന ജോലികൾ പ്രദേശവാസികൾ നിർത്തിവച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാൻ അടിയന്തരമായി സോളാർ വേലി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിനോദ്കുമാർ, പി.എൻ. ജെസി, പവിത്രൻ പായം, സ്മിത രജിത്, ടോം മാത്യു, ഡെന്നിസ് മാണി എന്നിവർ സ്ഥലത്തെത്തി നാശം വിലയിരുത്തി.
Tags : Wild elephant nattuvishesham localnews A wild elephant in Kiliyanthara again