അഹമ്മദാബാദ്: ഗുജറാത്തിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് മാഫിയ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.
സൂറത്ത് ജില്ലയിലെ ധോരൻ പർദി ഗ്രാമത്തിലെ ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിന്റെ മറവിലാണ് കള്ളനോട്ട് മാഫിയ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
500 രൂപയുടെ 40,000 നോട്ടുകളാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. അമരാവദിയിൽ നടത്തിയ പരിശോധനയിലാണ് ഫോർച്യുണർ കാറിൽ കള്ളനോട്ടുമായെത്തിയ സംഘത്തെ പിടികൂടിയത്. ഇതേ തുടർന്ന് ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിലും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന പ്രിന്റിംഗ് യൂണിറ്റ് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. ഇവിടെ കള്ളനോട്ട് അച്ചടിക്കുന്നതിനായി തയാറാക്കിയിരുന്ന പ്രിന്റിംഗ് മെഷീൻ, കമ്പ്യൂട്ടറുകൾ, പ്രത്യേകതരം കടലാസ്, മഷി എന്നിവയും പിടിച്ചെടുത്തു.
500 രൂപയുടെ യഥാർഥ നോട്ടിന് പകരം 1500 രൂപയുടെ കള്ളനോട്ടുകളാണ് സംഘം വിതരണം ചെയ്തിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു.