ന്യൂ ഡൽഹി: വാക്വം ക്ലീനറുകൾക്കും ഹെയർ ഡ്രയറുകൾക്കും പേരുകേട്ട ഡൈസൺ, ഇപ്പോൾ ഓറൽ കെയർ രംഗത്തേക്ക് ചുവടുവെച്ചുകൊണ്ട് വൻ സാങ്കേതികവിദ്യകളോടെ ഒരു ടൂത്ത് ബ്രഷ് അവതരിപ്പിച്ചു. പല്ലുകൾ തേക്കുമ്പോൾ തന്നെ വായിലെ അവസ്ഥകൾ കാമറയിലൂടെ തത്സമയം കാണാനും, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പല്ലുകൾക്കിടയിലെ വിടവുകൾ കണ്ടെത്തി വൃത്തിയാക്കാനും ഇതിന് സാധിക്കും
ബ്രഷിന്റെ തല ഭാഗത്തായി 1,00,000 പിക്സൽ മാക്രോ ലെൻസ് കാമറ നൽകിയിരിക്കുന്നു. സെക്കൻഡിൽ 28 ചിത്രങ്ങൾ വരെ സ്കാൻ ചെയ്യാൻ ഇതിന് കഴിയും. പല്ലുകൾക്കിടയിലുള്ള വിടവുകൾ കൃത്യമായി കണ്ടെത്താൻ 4,70,000ത്തിലധികം ദന്ത ചിത്രങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച എഐ സിസ്റ്റം ഇതിലുണ്ട്.
വിടവുകൾ കണ്ടാൽ 100 മില്ലിസെക്കൻഡിനുള്ളിൽ മാൗത്ത്വാഷ് ദ്രാവകം പല്ലുകൾക്കിടയിലേക്ക് സ്പ്രേ ചെയ്ത് ഫ്ലോസിംഗ് നടത്തി തരും.സ്മാർട്ട്ഫോണിലെ മൈ ഡൈസൺ ആപ്പ് വഴി വായിലെ ദൃശ്യങ്ങൾ തത്സമയം കാണാനും, പല്ല് തേയ്ക്കുന്ന രീതി മനസ്സിലാക്കാനും സാധിക്കും. ഏത് കോണിൽ പിടിച്ച് പല്ല് തേച്ചാലും ലിക്വിഡ് സ്പ്രേ കൃത്യമായി പ്രവർത്തിക്കാൻ 12.5ml ആന്റി- ഗ്രാവിറ്റി ടാങ്കാണ് ഇതിൽ നൽകിയിരിക്കുന്നത്.
കാമറ സജീവമായിരിക്കുമ്പോൾ ലൈറ്റ് തെളിയും. കാമറ ദൃശ്യങ്ങൾ ഫോണിലേക്ക് മാത്രമാണ് സ്ട്രീം ചെയ്യുക, ഇവ ക്ലൗഡിലോ ബ്രഷിലോ സേവ് ചെയ്യില്ലെന്നും ഡൈസൺ വ്യക്തമാക്കുന്നു. പല്ല് തേക്കുന്നതിനൊപ്പം ഫ്ലോസിംഗും മാൗത്ത് വാഷും ഒരുമിച്ച് സാധ്യമാക്കുന്ന ഈ ഗാഡ്ജെറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.