മുണ്ടക്കയം: കണ്ണിമല ഇറക്കത്തിലെ പൊലിസ് എയ്പോസ്റ്റിന്റെ സ്ഥാനം മാറ്റിയത് അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുമെന്ന് ആശങ്ക. മുന്പ് പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്ന സ്ഥലത്തിന് 200 മീറ്ററോളം പുറകിലേക്ക് മാറ്റി കൊടുംവളവിലാണ് ഇത്തവണ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. കൊടുംവളവും ഇറക്കവും നിറഞ്ഞ ഈ ഭാഗത്ത് വാഹനങ്ങൾ വേഗത്തിൽ എത്തുമ്പോൾ എയ്ഡ് പോസ്റ്റിൽ നിർദേശം നൽകുന്നതിന് വാഹനങ്ങൾ തടഞ്ഞുനിർത്തിയാൽ ഇത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ, ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ വീതി കുറഞ്ഞ റോഡിന്റെ ഈ ഭാഗത്ത് പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്കിടയാക്കും.
ഓരോ തീർഥാടനകാലത്തും നിരവധി അപകടങ്ങൾ സംഭവിക്കാറുള്ള സ്ഥലമാണ് മുണ്ടക്കയം-എരുമേലി റോഡിലെ കണ്ണിമല വളവ്. വഴി പരിചയമില്ലാത്ത, അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുത്തിറക്കമിറങ്ങിവരുന്ന വാഹനം കൊടുംവളവിൽ തിരിയാതെവരുമ്പോൾ സമീപത്തെ കുഴിയിലേക്ക് മറിയുകയാണു പതിവ്. കഴിഞ്ഞ തീർഥാടനകാലത്തും ഇവിടെ ശബരിമല തീർഥാടകർ അപകടത്തിൽപ്പെട്ടിരുന്നു. അപകടങ്ങൾ പതിവായതോടെ കണ്ണിമല ഇറക്കം തുടങ്ങുന്ന സിഗ്നൽ ലൈറ്റ് ഭാഗത്ത് പൊലിസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് തീർഥാടന വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് നിർദേശം നൽകിയാണ് യാത്ര തുടരാൻ അനുവദിക്കുന്നത്. ഇതുവഴി മേഖലയിലെ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനും സാധിച്ചിരുന്നു. അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനായി ആംബുലൻസ് സൗകര്യം അടക്കം ഇവിടെ ക്രമീകരിച്ചിരുന്നു.