ന്യൂഡൽഹി: റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ അഞ്ച് അധിക സ്ക്വാഡ്രണുകൾ കൂടെ വാങ്ങാൻ ഇന്ത്യയുടെ നീക്കം. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ ആക്രമണത്തിൽനിന്ന് ഇന്ത്യൻ വ്യോമാതിർത്തികളെ സംരക്ഷിച്ച് കരുത്ത് തെളിയിച്ച വ്യോമപ്രതിരോധ സംവിധാനമാണ് എസ് 400.
നിലവിൽ ഇതിന്റെ അഞ്ച് യൂണിറ്റുകൾ കൈമാറാനാണ് 2018ൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറിൽ ധാരണയായത്. അതിൽ മൂന്ന് എണ്ണം ഇന്ത്യക്ക് കൈമാറിയപ്പോൾ ബാക്കി രണ്ടെണ്ണം ഈ വർഷംതന്നെ സേനയുടെ ഭാഗമാകും. ഇതിന് പുറമെയാണ് പുതിയ അഞ്ച് സ്ക്വാഡ്രണുകൾ കൂടെ വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നത്.
വ്യോമസേനയുടെ നിർദേശം പ്രതിരോധ മന്ത്രാലയം ഉടൻ ഏറ്റെടുത്തേക്കും. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലുമായിരിക്കും ഇവ വിന്യസിക്കുക.
ലോകത്തെ ഏറ്റവും നൂതന ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണിത്. ഏകദേശം 600 കിലോമീറ്റർ ദൂരത്തിലുള്ള വ്യോമാക്രമണത്തെ നിർവീര്യവുമാക്കാൻ ഇതിന് സാധിക്കും.