വിമാനത്തില്‍ യാത്രചെയ്യാൻ ഭയമുള്ളതുകൊണ്ട് പല വിദേശ സന്ദര്‍ശനങ്ങളും വേണ്ടെന്നുവച്ചിട്ടുണ്ട് ബ്രിട്ടീഷ് രാജ്ഞി കമില.
വടക്കന്‍ കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്, സോവിയറ്റ് യൂണിയന്റെ ശക്തനായ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്, അമേരിക്കയുടെ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്, ബ്രിട്ടീഷ് രാജ്ഞിയും ചാള്‍സ് രാജാവിന്റെ ഭാര്യയുമായ കമില, ഹോളിവുഡ് താരങ്ങളായ സാന്ദ്ര ബുളക്ക്, ജെന്നിഫര്‍ അനിസ്റ്റണ്‍, ജെന്നിഫര്‍ ലോറന്‍സ്, കീര്സ്റ്റന് ഡണ്‍സ്റ്റ്, മെഗന് ഫാക്സ്, ഐറിഷ് നടന് കോളന്‍ ഫാറല്‍, അമേരിക്കന്‍ ഗായകനും സംഗീതജ്ഞനും നടനുമായ നിക്കോളാസ് ജോനാസ്, നടനും ഗായകനുമായ ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്, ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേര്‍, ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂര്‍, പരിണിതി ചോപ്ര, ഹിന്ദി സിനിമ- ടിവി താരം രാധിക മദന്‍, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി നേതാവ് ഉമാ ഭാരതി, മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, അമേരിക്കന്‍ എഴുത്തുകാരനും ശാസ്ത്രലേഖനുമായിരുന്ന ഐസക് അസിമോവ്, അമേരിക്കന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന റേ ബ്രാഡ്ബ്രീ, സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പെറുവിലെ എഴുത്തുകാരന് മരിയോ വര്‍ഗാസ് ലോസ, അമേരിക്കന്‍ നോവലിസ്റ്റ് എറിക്ക ജോങ്, ഇന്തോ-കനേഡിയന്‍ എഴുത്തുകാരി സാച്ചി കൗള്‍, അമേരിക്കന്‍-ഇന്ത്യന്‍ എഴുത്തുകാരന് സുവിര്‍ ശരണ്‍....
ഇനിയും നീട്ടാവുന്ന ഈ പട്ടികയിലുള്ള എല്ലാവര്ക്കും എന്താണ് പൊതുവായി ഉള്ളത് എന്ന് ഊഹിക്കാമോ? ഫിയര്‍ ഓഫ് ഫ്ളൈയിംഗ് എന്ന ഇംഗ്ലീഷിലെ പതിവു പ്രയോഗമായ പറക്കൽപ്പേടി. വിമാനയാത്രകളില്നിന്ന് രക്ഷപ്പെടാനുള്ള നിരന്തരവും മിക്കപ്പോഴും വിഫലവുമായ പോരാട്ടത്തിലൂടെ കടന്നുപോയ അതല്ലെങ്കില്‍ കടന്നുപോകുന്ന അതിപ്രശസ്തരുടെ പറക്കല്ഭീതി അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല എന്നതാണ് വസ്തുത. ഏവിഫോബിയ അഥവാ എയ്റോഫോബിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പറക്കല്പ്പേടിക്ക് പല കാരണങ്ങളാണുള്ളത്.
1. ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ
നിലത്തുകൂടി ഓടുന്ന വാഹനങ്ങള്‍, സന്നിഗ്ധഘട്ടങ്ങളില്‍ പൂര്‍ണമായി നിയന്ത്രിക്കാം എന്നുള്ള ഉറപ്പ് വിമാനങ്ങളുടെ കാര്യത്തില്‍ ഇല്ലെന്നതാണ് ഈ ആശങ്ക. കാറാണെങ്കില്‍ കേടു വന്നാല്‍ റോഡ് സൈഡില്‍ ഒതുക്കിയിടാം. ആകാശത്തു പറക്കുന്നതിനിടെ വിമാനം എന്തു ചെയ്യും? പറക്കല്പ്പേടിയുള്ളവരുടെ സാധാരണ ആശങ്കയാണിത്.
2. ടര്‍ബുലന്‍സിനെ ഭയം
വിമാനം നേരേ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നാല്‍ ‘കൂളായി’ ഇരിക്കുന്നവര്‍, കുലുക്കമോ ചാഞ്ചാട്ടമോ ഉണ്ടായാല്‍ നിയന്ത്രണം വിടുന്നത് ഈ ഭയം മൂലമാണ്. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോവുന്ന അവസ്ഥ അനുഭവിക്കുയാണവര്.
3. യന്ത്രത്തകരാര്‍
കടന്നു ചിന്തിക്കുന്നവര്‍ക്കാണ് ഈ പേടി. പറക്കലിന്റെ സാങ്കേതികതയും എന്‍ജിനുകളുടെ പ്രവര്‍ത്തനവും ലിഫ്റ്റും ഡ്രാഗും ത്രസ്റ്റും എല്ലാം അറിയാവുന്ന ഇവര്‍, വിമാനത്തിന്റെ ഓരോ അസ്വാഭാവിക ചലനത്തിലും കാണുന്നത് വന്‍ വിപത്തിന്റെ സൂചനയാണ്.
4. അടഞ്ഞ സ്ഥലങ്ങളോടുള്ള പേടി
ഇടുങ്ങിയ, അടച്ചിട്ട മുറികളില്‍ പെട്ടുപോയാല്‍ ശ്വാസംമുട്ടലും വെപ്രാളവും തോന്നുന്ന ക്ലസ്ട്രോഫോബിയ ഉള്ളവര്‍ക്ക് വിമാനയാത്രയും അടഞ്ഞ മുറി എന്ന ശിക്ഷതന്നെ ആയേക്കാം.
5. ഉയരപ്പേടി
ഫിയര്‍ ഓഫ് ഹൈറ്റ്സ് എന്ന വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന അവസ്ഥ ഉള്ളവര്‍ക്ക്, വിമാനവും പറക്കലും ഒന്നുമല്ല. വിമാനം എത്തിപ്പെടുന്ന, സഞ്ചരിക്കുന്ന ഉയരമാണ് ഭീതിയുണ്ടാക്കുന്നത്.
6. അറിയപ്പെടാത്തതിനോടുള്ള ഭീതി
നിത്യജീവിതത്തില്‍ ഏറെയൊന്നും കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യാത്ത കാര്യങ്ങളാണല്ലോ വിമാനയാത്രയില്‍ ഏറെയും. പരിചയമല്ലാത്ത കാര്യങ്ങള്‍ക്കു പിന്നില്‍ ആപത്ത് ഒളിഞ്ഞിരിക്കുന്നുവെന്ന ഭീതിയുള്ളവര്‍ ഏറെയാണ്.
7. അനുഭവങ്ങള്‍, പാളിച്ചകള്‍
വര്‍ഷങ്ങളോളം ഭയമൊന്നുമില്ലാതെ പറന്ന ചിലര്‍, ഒരൊറ്റ അപകടത്തെത്തുടര്‍ന്ന് കടുത്ത വിമാനപ്പേടിയുള്ളവര് ആകാറുണ്ട്. സഞ്ചരിച്ച വിമാനം കടുത്ത ടര്ബുലന്സില്പ്പെടുകയോ ഇടിച്ചിറങ്ങുകയോ ചെറിയ തീപിടിത്തം ഉണ്ടാവുകയോ അങ്ങനെ എന്തും ഇവരുടെ വിമാന വിശ്വാസത്തെ തകര്‍ത്തുകളയും.
അമേരിക്കന്‍ റോക്ക് ബാന്‍ഡായ ബ്ലിങ്കിന്റെ ഡ്രമ്മറും പാട്ടെഴുത്തുകാരനും സംഗീത സംവിധായകനുമായ ട്രാവിസ് ബാര്‍ക്കര്‍ 2008ല്‍ ഒരു വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ടതില്പിന്നെ പറക്കല്പ്പേടി ഒരിക്കലും മാറിയിരുന്നില്ല. ഹോളിവുഡ് താരം ജന്നിഫര്‍ അരിസ്റ്റണും വിമാനങ്ങളെ ഭയന്നുതുടങ്ങിയത് തകരാറുണ്ടായ ഒരു വിമാനത്തില്‍ പറന്നതിനെത്തുടര്ന്നാണ്. ഹോളിവുഡിലെ സാന്ദ്ര ബുള്ളക്ക്, ഗായകനും നടനുമായ മിലി സൈറസ് എന്നിവരുടെ പറക്കല്പ്പേടി തുടങ്ങുന്നതും അവര്‍ പറന്ന വിമാനങ്ങള്‍ക്കുണ്ടായ ചെറിയ അപകടങ്ങളില്നിന്നായിരുന്നു.
മുൻപ് പറഞ്ഞപോലെ, ഭയമുണ്ടെങ്കില്‍ സാധാരണക്കാര്‍ക്ക് അനായാസം ഒഴിവാക്കാവുന്ന വിമാനയാത്ര, ഭരണാധികാരികളും അതിപ്രശസ്തരും എങ്ങനെ വേണ്ടെന്നു വയ്ക്കും എന്നത് അവരെ സംബന്ധിച്ച് അതീവ ഗൗരവമുള്ള പ്രശ്നംതന്നെയാണ്. ഒരു ഹെലിക്കോപ്ടറിന് അപകടമുണ്ടായതിനെത്തുടര്‍ന്ന് പറക്കല്പ്പേടി തുടങ്ങിയ വടക്കന്‍ കൊറിയയുടെ പഴയ നേതാവ് കിം ജോങ് ഇല്, കഴിയുന്നിടത്തെല്ലാം ട്രെയിനില്‍ മാത്രമേ പോകുമായിരുന്നുള്ളൂ. ചൈന, റഷ്യ സന്ദര്‍ശനങ്ങൾക്കും അദ്ദേഹം ട്രെയിനിലാണ് പോയത്.
വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റും പങ്കെടുത്ത ഉച്ചകോടിക്ക് 1943ല്‍ ടെഹ്റാനിലേക്ക് പോയപ്പോള്‍ മാത്രമാണ് സോവിയറ്റ് യൂണിയന്റെ ജോസഫ് സ്റ്റാലിന് വിമാനത്തിൽ പറന്നത്. കവചിത വാഹനങ്ങളിലോ ട്രെയിനിലോ ആയിരുന്നു ഒദ്യോഗികവും അല്ലാത്തതുമായ എല്ലാ യാത്രകളും. കഴിയുന്നിടത്തോളം വിമാനയാത്ര ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്ന മറ്റൊരു രാഷ്ട്രനേതാവായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്.
വിമാനത്തില്‍ യാത്ര ചെയ്യാൻ പേടിയുള്ളതുകൊണ്ടു മാത്രം പല വിദേശ സന്ദര്‍ശനങ്ങളും വേണ്ടെന്നുവച്ചിട്ടുണ്ട്, ബ്രിട്ടീഷ് രാജ്ഞി കമില. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പറക്കലിനോട് താത്പര്യമില്ലാതായതിന് കൃത്യമായ കാരണമുണ്ടായിരുന്നു. 2005ല്‍ നായിഡു സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ബിഹാറില്‍വച്ച് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്ന് നായിഡുവും അമിത് ഷായും സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കേണ്ടി വന്നത് 2017ല്‍ ആയിരുന്നു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഉമാ ഭാരതിയുടെ പറക്കല്പ്പേടിക്കു പിന്നില്‍ അത്തരം അപകടചരിത്രമൊന്നും ഇല്ല. കാറിലും ട്രെയിനിലും മാത്രം സഞ്ചരിക്കാന്‍ താത്പര്യമുള്ള ഉമ, 2017ല്‍ ഇസ്രയേൽ സന്ദര്‍ശനം വേണ്ടെന്നുവച്ചത് വിമാനത്തില്‍ പോകണം എന്നതിനാലായിരുന്നു. മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് വിമാനങ്ങളോട് വലിയ അനിഷ്ടമൊന്നുമില്ല. ഹെലിക്കോപ്ടറാണ് പ്രശ്നം. അതിന്റെ പറക്കല്‍ ശരിയല്ലെന്നാണ് പരീക്കര്‍ എപ്പോഴും അഭിപ്രായപ്പെടാറുള്ളത്.
കേരളത്തില്‍, പറക്കല്പ്പേടി പരസ്യമായി പറഞ്ഞ പ്രശസ്തരിലൊരാള് കവിയും നോവലിസ്റ്റുമായ റഫീക്ക് അഹമ്മദാണ്. വിമാനത്തില്‍ കയറണമെന്നതിനാല് അമേരിക്ക, യുഎഇ സന്ദര്‍ശനങ്ങള്‍ വേണ്ടെന്നുവച്ച അദ്ദേഹം അമ്പത്തിയേഴാം വയസിലാണ് ആദ്യമായി പറക്കുന്നത്. സുഹൃത്തുകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അബുദബിയിലേക്കു വിമാനത്തില്‍ പോയത് 2019ല്‍.