വിമാന ട്രാക്കിംഗ് സൈറ്റുകളിൽ കഴിഞ്ഞ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ പേർ നിരീക്ഷിച്ചത്, നാറ്റോയുടെ ഒരു വിദൂരനിയന്ത്രിത നിരീക്ഷണ-വിവരശേഖരണ ആളില്ലാവിമാനമായ നോർത്ത്രപ് ഗ്രമ്മൻ ആർക്യു-4ഡി ഫീനിക്സ് ഇനത്തിൽപ്പെട്ട ഒരു വിമാനമായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇറ്റലിയിലെ സീഗൊനെല്ല സേനാതാവളത്തിൽനിന്ന് ടേക്കോഫു ചെയ്ത് കരിങ്കടലിനു മുകളിലെത്തിയ ഈ വിമാനം ബുധൻ പുലർച്ചെ നാലുമണി ആകുവോളം ബൾഗേറിയ മുതൽ കരിങ്കടൽവരെ അനേകം തവണ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിക്കറങ്ങി വിവരശേഖരണം നടത്തി. അതിനേക്കാൾ ലോകശ്രദ്ധ ആകർഷിച്ചത്, പറന്നുയർന്ന് മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾമുതൽ, ബുധൻ വെളുപ്പിന് മൂന്നേകാലിന് നിലത്തിറങ്ങുന്നതിനു തൊട്ടുമുമ്പുവരെ, അപായ സൂചന നൽകുന്ന 7600 എന്ന സ്ക്വാക്ക് കോഡ് വിമാനം പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്നു എന്നതാണ്.
വിവിധതരം ആപത്ഘട്ടങ്ങളിൽ വിമാനങ്ങൾ സഹായാഭ്യർഥനയായി പ്രക്ഷേപണം ചെയ്യുന്ന മൂന്നു കോഡുകളിൽ ഒരെണ്ണമാണ്, വിമാനം എടിസിയുമായി സംസാരിക്കാനുള്ള സംവിധാനം പ്രവർത്തിക്കുന്നില്ല എന്ന് അറിയിക്കുന്ന 7600. വിമാനത്തിന്റെ തകരാർ പോലെയുള്ള അടിയന്തര ഘട്ടം, ഹൈജാക്ക് എന്നി സന്ദർഭങ്ങളിലേക്കുള്ള 7700, 7500 എന്നിവയാണ് മറ്റു രണ്ടു കോഡുകൾ.
അടിയന്തര ഘട്ടങ്ങളിലെ ഈ മൂന്നു കോഡുകളുടെ ഉപയോഗമാണ് എപ്പോഴും പൊതുജനശ്രദ്ധ നേടുന്നത്. എങ്കിലും നൂറുകണക്കിനു വിമാനങ്ങൾ പല വേഗത്തിൽ, പല ഉയരത്തിൽ വിവിധ ലക്ഷ്യങ്ങളിലേക്ക് നിരന്തരം പാഞ്ഞുകൊണ്ടിരിക്കുന്ന ആകാശത്തിൽ, അവയുടെ ഗതി കുഴപ്പമേതുമില്ലാതെ നിയന്ത്രിക്കാൻ എയർട്രാഫിക് കൺട്രോളർമാർ എപ്പോഴും ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനവുമാണ് സ്ക്വാക്ക് കോഡുകൾ.
എടിസിയുടെ മുന്നിലെ റഡാർ സ്ക്രീനിൽ കാണുന്ന പച്ചപ്പൊട്ടുകൾ ഓരോന്നും ഏതുവിമാനങ്ങളാണെന്ന് ഒറ്റനോട്ടത്തിൽതന്നെ മനസിലാക്കാനാണ് ഒപ്പം തെളിയുന്ന ഈ നാലക്കസംഖ്യകൾ എന്ന് എളുപ്പത്തിൽ പറയാം. വിമാനത്തിലെ ട്രാൻസ്പോണ്ടർ എന്ന ഇലക്ട്രോണിക് ഉപകരണത്തിൽ നാലു ഡയലുകൾ തിരിച്ച് സെറ്റുചെയ്തോ അല്ലെങ്കിൽ കീപാഡിൽ നാലു സംഖ്യകൾ ടൈപ്പു ചെയ്തോ സെറ്റു ചെയ്യുന്ന ഈ നാലക്ക സംഖ്യകൾ ഏതു വേണമെന്ന് സാധാരണഗതിയിൽ തീരുമാനിക്കുന്നതും പൈലറ്റുമാരോട് പറഞ്ഞുകൊടുക്കുന്നതും വ്യോമഗതാഗത നിയന്ത്രകരാണ്.
സ്വന്തം വ്യോമമേഖലയിലുള്ള (സെക്ടർ) വിമാനങ്ങൾക്ക് ഓരോന്നിനും കൊടുക്കുന്ന ഈ നമ്പറാണ് വിമാനത്തെ തിരിച്ചറിയാനുള്ള ആദ്യ മാർഗം. പൂജ്യം മുതൽ ഏഴുവരെയുള്ള സംഖ്യകൾ ഉപയോഗിച്ചാണ് കോഡുണ്ടാക്കുക. ആ എട്ടു സംഖ്യകളുടെ കോമ്പിനേഷനുകളെല്ലാം വരുമ്പോൾ 4096 സ്ക്വാക്ക് കോഡുകൾ ഒരു സെക്ടറിൽ ലഭ്യമാണ്. ഒരു ഫ്ലൈറ്റ് ഇൻഫർമേഷൻ റീജണുള്ളിലെ വിവിധ സെക്ടറുകളിലെ വിമാനങ്ങൾ നിയന്ത്രിക്കുന്നവർ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഓരോ വിമാനത്തിനും ഓരോ തനതു സ്ക്വാക്കുകൾ കൊടുക്കുന്നു. പൈലറ്റുമാർ ആ നാലക്ക സംഖ്യ ട്രാൻസ്പോണ്ടർ കൺട്രോൾ പാനലിൽ ഡയൽ തിരിച്ചോ ടൈപ്പു ചെയ്തോ രേഖപ്പെടുത്തുമ്പോൾ, ആ നമ്പർ ആ സെക്ടറിൽ വിമാനത്തിന്റെ തിരിച്ചറിയൽ രേഖയാവുകയാണ്.
പിന്നീട് വിമാനത്തിന്റെ പറക്കലിൽ ഉടനീളം വിമാനത്തിന്റെ ഉയരം എത്രയാണ് എന്നതിനൊപ്പം ഈ സംഖ്യയും എടിസിയുടെ സ്്ക്രീനിൽ എപ്പോഴും ലഭ്യമായിരിക്കും. എവിടെനിന്ന് എങ്ങോട്ട് പോകുന്ന, ആരുടെ വിമാനം തുടങ്ങി എല്ലാ കാര്യങ്ങളും ഈ സംഖ്യയിൽനിന്ന് കണ്ടെത്താവുന്നതുമാണ്. വിമാന ട്രാക്കിംഗ് സൈറ്റുകൾ നോക്കുന്നവർക്കും സ്ക്വാക്കുകൾ കാണാൻ കഴിയും.
സ്ക്വാക്ക് കോഡുകളുടെ രണ്ടാമത്തെ ഉപയോഗമാണ്, മുകളിൽ പറഞ്ഞതുപോലെ അടിയന്തര ഘട്ടങ്ങളിലേത്. ആ സമയത്ത് എടിസി നൽകിയ സ്ക്വാക്ക് മാറി, അടിയന്തര സംഖ്യയായിരിക്കും വിമാനത്തിന്റെ ഐഡി. അതായിരിക്കും എല്ലാവരും കാണുന്നതും.ഈ മൂന്നിനം പ്രശ്നങ്ങൾ അതാതിന്റെ ഗൗരവം അനുസരിച്ച് കൈകാര്യം ചെയ്യുക എന്നതാണ് പിന്നെ താഴെ വ്യോമഗതാഗതനിയന്ത്രകർക്കും വിമാനത്താവളങ്ങളിലുള്ള മറ്റുള്ളവർക്കും ചെയ്യാനുള്ളത്. വിമാനം ഹൈജാക്കു ചെയ്യപ്പെട്ടാൽ, തട്ടിക്കൊണ്ടുപോകുന്നവർ അറിയാതെ, പൈലറ്റുമാർക്ക് നിശബ്ദമായി ഇക്കാര്യം എടിസിയെ അറിയിക്കാൻ കോഡ് 7500 എന്നു മാറ്റുന്നത് സഹായിക്കും.
ആപ്തഘട്ടത്തിൽ ഏറ്റവും അടുത്ത തുണയായ ഈ സ്ക്വാക്ക് കോഡ് ഉപയോഗം അപൂർവമായെങ്കിലും വൻ അബദ്ധത്തിൽ കലാശിക്കുകയും ചെയ്തിട്ടുണ്ട്. 2001 സെപ്റ്റംബർ 11ന്റെ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നദിവസം, ആക്രമണത്തിന് ഏതാനു മണിക്കൂറുകൾക്കു ശേഷം കാനഡയുടെ ആകാശത്തുണ്ടായ ഇത്തരം ഒരു പിഴവ് രണ്ടു രാജ്യങ്ങളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയിരുന്നു.
തെക്കൻ കൊറിയയിലെ സോളിൽനിന്ന് അമേരിക്കയുടെ അലാസ്കയിലെ ആങ്കറേജ് ടെഡ് സ്റ്റീവൻസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന കൊറിയൻ എയർ ഫ്ലൈറ്റ് 085ന്റെ ക്യാപ്റ്റൻ വിമാനക്കമ്പനി ഓഫീസിലേക്ക് അയച്ച ഒരു ടെക്സ്റ്റ് സന്ദേശത്തിൽ, അമേരിക്കയിലെ അന്നത്തെ ദാരുണ സംഭവങ്ങളെപ്പറ്റിയും പരമാർശിച്ചതിനിടെ, ഹൈജാക്കിനെപ്പറ്റി HJK എന്ന ഇംഗ്ളീഷ് വാക്കും (അക്ഷരങ്ങളും) ഉപയോഗിച്ചതാണ് സംഭവത്തിന്റെ തുടക്കം.
ഈ സന്ദേശം കൈമാറുന്ന ഇടനിലക്കാരായ ഏറോനോട്ടിക്കൽ റേഡിയോ ഇൻകോർപറേറ്റഡ് എന്ന കമ്പനിയിലെ ഉത്സാഹിയായ ഒരു ജീവനക്കാരന്റെ കണ്ണിൽ ഈ HJK പെടുകയും പരിഭ്രാന്തനായ അദ്ദേഹം അറിയിച്ചതനുസരിച്ച് അരിൻക് കമ്പനി ഉടൻതന്നെ നോർത്ത് അമേരിക്കൻ ഏറോസ്പേസ് ഡിഫൻസ് കമാൻഡ് എന്ന സേനാവിഭാത്തെ കാര്യം അറിയിക്കുകയും ചെയ്തു. ആങ്കറേജിലെ എൽമൻഡോർഫ് വ്യോമതാവളത്തിൽനിന്ന് നിമിഷങ്ങൾക്കകം എഫ്-15 വിമാനങ്ങൾ കൊറിയൻ എയറിന്റെ ജംബോജെറ്റ് ലക്ഷ്യമാക്കി പറന്നുയർന്നു.
ഇതിനിടെ അലാസ്കാ എയർട്രാഫിക് കൺട്രോളുകാർ, സംഭവം സ്ഥിരീകരിക്കാൻ പൈലറ്റിനോട് സംസാരിച്ചു. ഹൈജാക്കു ചെയ്യുന്നവർ കോക്പിറ്റിലുണ്ടെങ്കിൽ അവർ അറിയാതെ വേണമല്ലോ ചോദിക്കുന്നതും. അതുകൊണ്ട് ഒരു എടിസി, പൈലറ്റിനോട് സ്ക്വാക്ക് കോഡ് 7500 എന്നു മാറ്റാൻ നിർദേശിച്ചു.
ശരിക്കും വിമാനം ഹൈജാക്കു ചെയ്യപ്പെട്ടിരിക്കുകയാണെങ്കിൽ പൈലറ്റ് 7500 എന്ന് അപ്പോൾത്തന്നെ സ്ക്വാക്ക് ചെയ്യും, ഹൈജാക്കൊന്നുമില്ലെങ്കിൽ അക്കാര്യം പറയുകയും ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ.പക്ഷേ കൊറിയൻ എയർപൈലറ്റിന്, നിർഭാഗ്യവശാൽ 7500 എന്ന കോഡ് ഹൈജാക്ക് അറിയിക്കാനുള്ളതാണ് എന്ന് അറിയില്ലായിരുന്നു. അദ്ദേഹം 7500 എന്നു കൃത്യമായി സ്ക്വാക്ക് ചെയ്തു. അതോടെ, കൂടുതൽ യുദ്ധവിമാനങ്ങൾ ആകാശത്തേക്കുയർന്നു. ആങ്കറേജിലെ സർക്കാർ കെട്ടിടങ്ങളും മാളുകളും സ്കൂളുകളുമെല്ലാം ഒഴിപ്പിക്കാൻ ഗവർണർ ഉത്തരവിട്ടു.
തീരത്ത് കിടന്നിരുന്ന ഓയിൽ ടാങ്കറുകളെല്ലാം ഉൾക്കടലിലേക്ക് ഓടിച്ചുപോകാൻ അമേരിക്കൻ കോസ്റ്റ് ഗാർഡ് നിർദേേശം കൊടുത്തു. കാനഡയുടെ പ്രധാനമന്ത്രി ജാങ് ക്രെറ്റിയാൻ, നിർദേങ്ങൾ അനുസരിക്കുന്നില്ലെന്നു കണ്ടാൽ യാത്രാവിമാനമാണെന്നൊന്നും നോക്കാതെ വെടിവച്ചിടാൻ ഉത്തരവിടുകയും ചെയ്തു.
മണിക്കൂറുകളുടെ അങ്കലാപ്പുകൾക്കും പരിഭ്രാന്തിക്കുമൊടുവിൽ, താഴെ ഭൂമിയിൽ സംഭവിച്ച ഇക്കാര്യമൊന്നും അറിയാതെ കൊറിയൻ എയർ 085, താഴെനിന്നുകിട്ടിയ നിർദേശം അനുസരിച്ച് (എന്തിനാണെന്നു മനസിലായില്ലെങ്കിലും) കാനഡയിലെ യൂക്കോൺ വൈറ്റ്ഹോഴ്സ് വിമാനത്താവളത്തിൽ ഇറക്കി. പട്ടാളവും പോലീസും കമാൻഡോകളുമെല്ലാം ഇരച്ചുകയറി, വിമാനത്തിൽ ഒന്നുംസംഭവിച്ചിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു.
ഇത്രത്തോളം പോയില്ലെങ്കിലും, കഴിഞ്ഞ കൊല്ലം നമ്മുടെ എയർ ഇന്ത്യയ്ക്കും ചെറിയൊരു 7500 പിഴവ് സംഭവിച്ചിരുന്നു. ജനുവരി 25ന് ഡൽഹിയിൽനിന്ന് മുംബൈയിലേക്ക് പോകാൻ 126 യാത്രക്കാരുമായി ടേക്കോഫു ചെയ്ത എയർ ഇന്ത്യ വിമാനത്തിന്റെ ട്രാൻസ്പോണ്ടർ കോഡ് 7500 എന്നു മാറിയിരിക്കുന്നതായി മുംബൈ എടിസിയുടെ ശ്രദ്ധയിൽപ്പെട്ടു. അബദ്ധം പറ്റി, തെറ്റായ കോഡ് ടൈപ്പു ചെയ്തതാണ് എന്ന് പൈലറ്റ് അറിയിച്ചെങ്കിലും വിമാനം ഉടൻ താഴെയിറക്കുകയും ഹൈജാക്ക്, ബോംബ് ഭീഷണി സന്ദർഭങ്ങളിൽ ചെയ്യുന്നതു പോലെ ഐസോലേഷൻ ബേയിലേക്ക് മാറ്റുകയുംചെയ്തു. ഹൈജാക്കു ചെയ്തവർ കോക്പിറ്റിലുണ്ടെങ്കിൽ അവർ നിർദേശിച്ചതനുസരിച്ചാണ്, അബദ്ധം പറ്റിയതാണ് എന്ന് പൈലറ്റ് പറയുന്നതെന്നും ആവാമല്ലോ. എന്തായാലും വിമാനം പരിശോധിച്ച,് പൈലറ്റിനെ ചോദ്യംചെയ്ത് മണിക്കൂറുകൾക്കുശേഷം വീണ്ടും പറക്കാൻ അനുവദിക്കുകയും ചെയ്തു.
ഇനി കഴിഞ്ഞ ചൊവ്വാഴ്ച സീഗൊനെല്ലയിൽ നിന്ന് പറന്നുർന്ന നിരീക്ഷണ വിമാനം 7600 എന്ന് സ്ക്വാക്ക് ചെയ്തതിനപ്പറ്റി ഉണ്ടാകാവുന്ന ഒരു സംശയത്തെപ്പറ്റി- വിമാനവുമായി സംസാരിക്കാനുള്ള സംവിധാനം കേടാകുന്നത് ആളില്ലാ വിമാനത്തെ എങ്ങിനെയാണ് ബാധിക്കുക എന്നുതോന്നാം. ഫീനിക്സ് വിമാനം നിയന്ത്രിക്കുന്ന ഒരു പൈലറ്റ് താഴെ സേനാതാവളത്തിൽ ഇരിക്കുന്നുണ്ട് എന്നതാണ് കാരണം. എടിസിയിലുള്ളവർ സംസാരിക്കുന്നത് ഈ പൈലറ്റുമായാണ്. അതും, മറ്റു വിമാന പൈലറ്റുമാരോട് സംസാരിക്കുന്ന വിഎച്ച്എഫ് റേഡിയോ സംവിധാനത്തിലൂടെതന്നെ. ആ സംവിധാനം കേടാകുമ്പോഴും പൈലറ്റും ആളില്ലാ വിമാനവുമായുള്ള ഇലക്ട്രോണിക് ബന്ധം കുഴപ്പമില്ലാതെതുടരും എന്നതിനാലാണ്, 7600 പ്രക്ഷേപണം ചെയ്തുകഴിഞ്ഞ് മണിക്കൂറുകളോളം ഫീനിക്സ് വിമാനം പിന്നെയും നിരീക്ഷണ ദൗത്യം തുടർന്നത്.