ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ കേടുവന്ന ട്രോളി ബാഗിന് യാത്രക്കാരൻ വിമാനക്കന്പനിയിൽനിന്ന് നഷ്ടപരിഹാരമായി നേടിയെടുത്തത് 17000 രൂപ. സംഭവിച്ച നാശത്തിന് വിമാനക്കന്പനി ആദ്യം യാത്രക്കാരന് നഷ്ടപരിഹാരം നീട്ടിയത് 1000 രൂപയായിരുന്നു. 18 മാസത്തെ നിയമയുദ്ധത്തിലൂടെ ഉപഭോക്തൃ കമ്മീഷനിലൂടെയാണ് യാത്രക്കാരൻ പോരാടിയത്.
2024 സെപ്റ്റംബർ 8ന് ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത 28കാരനാണ് തന്റെ ട്രോളി ബാഗിനു വലിയ ഒരു ചതവ് വന്നതായി വിമാനയാത്രയ്ക്കുശേഷം ബാഗേജ് കൈപ്പറ്റുന്ന വേളയിൽ ശ്രദ്ധിച്ചത്. ഉടൻ തന്നെ പ്രശ്നം റിപ്പോർട്ട് ചെയ്യാനായി എയർലൈനിന്റെ ബാഗേജ് സർവീസ് കൗണ്ടറിൽ പോയെങ്കിലും എയർലൈൻ ജീവനക്കാർ തന്റെ പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് യാത്രക്കാരൻ പറയുന്നു. ഇ-മെയിലിലൂടെ പ്രശ്നം അവതരിപ്പിക്കാനായിരുന്നു ആവശ്യം.
ഇതിനു പിന്നാലെ യാത്രക്കാരൻ വിഷയം എക്സിൽ പോസ്റ്റ് ചെയ്യുകയും പോസ്റ്റിനു പ്രതികരണവുമായി എയർ ഇന്ത്യ അയാളുടെ ടിക്കറ്റ് വിവരങ്ങളും ബാഗേജ് ടാഗ് നന്പറുകളും ബാഗേജ് കംപ്ലെയിന്റ് നന്പറും ആവശ്യപ്പെടുകയും ചെയ്തു. തന്റെ വിവരങ്ങളെല്ലാം കൈമാറിയ യാത്രക്കാരൻ എയർലൈൻ ജീവനക്കാർ തന്റെ പരാതി സ്വീകരിക്കാത്തതിനാൽ കംപ്ലെയിന്റ് നന്പർ ഇല്ലെന്നും വ്യക്തമാക്കി.
യാത്ര നടത്തിയതിന്റെ പിറ്റേദിവസംതന്നെ യാത്രക്കാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർ ഇന്ത്യക്ക് മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിനു ശേഷം എയർ ഇന്ത്യ 500 രൂപ നഷ്ടപരിഹാരം നീട്ടി. ഈ തുക മതിയാകില്ലെന്ന് യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് വാഗ്ദാനം 1000 രൂപയായി ഉയർത്തിയെങ്കിലും ഒന്നുകിൽ നാശം വന്ന ട്രോളിക്ക് പകരം മറ്റൊന്ന് നൽകണമെന്നോ അല്ലെങ്കിൽ ബാഗിന്റെ തത്തുല്യ തുകയായ 13,425 രൂപ നൽകണമെന്നോ യാത്രക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ, ബാഗേജ് ഏരിയയിൽവച്ചു ബാഗിനു നാശമൊന്നും റിപ്പോർട്ട് ചെയ്യാതെ പുറത്തുപോകുന്ന യാത്രക്കാർക്ക് അവരുടെ ബാഗേജ് ശരിയായ അവസ്ഥയിൽ ലഭിച്ചുവെന്ന് കണക്കാക്കുമെന്നായിരുന്നു എയർ ഇന്ത്യയുടെ വാദം. കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടയുടൻ റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും എയർലൈൻ തന്റെ പരാതി സ്വീകരിച്ചില്ലെന്നായിരുന്നു യാത്രക്കാരന്റെ വാദം.
പിന്നീട് യാത്രക്കാരൻ മതിയായ നഷ്ടപരിഹാരം വേണമെന്ന തന്റെ പരാതിയുമായി 2024 ഡിസംബർ പത്തിന് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. ഇരുകക്ഷികളുടെയും വാദങ്ങൾ കേട്ടശേഷം ബാഗേജിനു തങ്ങളുടെ കസ്റ്റഡിയിലിരിക്കേ നാശനഷ്ടമുണ്ടായെന്ന് എയർലൈൻ നഷ്ടപരിപാരം വാഗ്ദാനം ചെയ്തതിലൂടെതന്നെ വ്യക്തമായെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി. പിന്നീട് ബാഗിന് സംഭവിച്ച നഷ്ടത്തിന് 7000 രൂപയും ഇതുവരെയുള്ള നിയമവ്യവഹാരത്തിനു ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകാൻ എയർ ഇന്ത്യയോട് കമ്മീഷൻ നിർദേശിക്കുകയായിരുന്നു.
Tags : damaged bag passenger wins lawsuit Airline charged bag