ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരം അഭിഷേക് ശർമ്മയും ഒരു ആരാധികയും തമ്മിൽ വിമാനത്താവളത്തിൽ വെച്ചുണ്ടായ രസകരമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
എയർപോർട്ടിന് പുറത്തേക്ക് പോവുകയായിരുന്ന താരത്തെ കണ്ട മാത്രയിൽ കൈയിൽ മാർക്കറുമായി പിന്നാലെ എത്തിയ യുവതി ഓട്ടോഗ്രാഫും ചിത്രവും ആവശ്യപ്പെടുകയായിരുന്നു. ആരാധികയുടെ വിളി കേട്ട് അടുത്തേക്ക് എത്തിയ അഭിഷേക് അവരുടെ കൈയിൽ ഒപ്പിട്ടു നൽകാൻ തുടങ്ങി.
എന്നാൽ ഈ സമയത്ത് തനിക്ക് മുന്നിൽ നിൽക്കുന്ന പ്രിയതാരത്തെ കണ്ട ഞെട്ടലിൽ യുവതി, 'ഞാനൊന്ന് തൊട്ടുനോക്കിക്കോട്ടെ' എന്ന് ചോദിച്ചുകൊണ്ട് വിരൽ കൊണ്ട് താരത്തെ തട്ടിനോക്കുകയായിരുന്നു.
ഈ നിമിഷം സത്യമാണോ അതോ സ്വപ്നമാണോ എന്ന് ഉറപ്പുവരുത്താനെന്നോണമുള്ള ആരാധികയുടെ കുട്ടിത്തം നിറഞ്ഞ ഈ പ്രവർത്തി കണ്ടുനിന്നവരിലും കൗതുകമുണർത്തി. ആരാധികയുടെ ആവേശവും അമ്പരപ്പും കണ്ടിട്ടും തികച്ചും ശാന്തനായി അഭിഷേക് ഓട്ടോഗ്രാഫ് നൽകി മടങ്ങി.
താരം മടങ്ങിയ ശേഷവും സന്തോഷവും നാണവും അടക്കാനാവാതെ സ്വന്തം കൈയിലെ ഒപ്പിലേക്ക് നോക്കിനിൽക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് നെറ്റിസൺസ് ഏറ്റെടുത്തത്.
വെറുമൊരു ഓട്ടോഗ്രാഫ് വാങ്ങലിനപ്പുറം, ഒരു ആരാധികയുടെ സ്വപ്ന സാക്ഷാത്കാര നിമിഷത്തിനാണ് ഈ അപൂർവ നിമിഷം സാക്ഷ്യം വഹിച്ചത്.