National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ച സാഹചര്യത്തിൽ മുൻകരുതലായി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇന്ധന സ്റ്റോക്ക് പരിശോധിക്കുന്നു.
നിലവിലുള്ള സ്റ്റോക്ക്, ശരാശരി ദൈനംദിന ഇന്ധന ഉപഭോഗം, അടുത്ത ഏഴ് ദിവസത്തേയ്ക്കുള്ള ഇന്ധന ആവശ്യകത, ഇന്ധനം നിറക്കുന്ന അടുത്ത തീയതി തുടങ്ങിയ വിശദംശങ്ങൾ സമർപ്പിക്കാനാണ് നിർദേശം.
74 ദിവസംവരെ പിടിച്ചുനിൽക്കാൻ കഴിയും വിധം എണ്ണ സംഭരണ ശേഷി ഇന്ത്യക്ക് ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 25 ദിവസംവരെ പിടിച്ചു നിൽക്കാനേ ഇന്ത്യക്ക് സാധിക്കു എന്നാണ് റിപ്പോർട്ടുകൾ.
ആഗോള വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും എണ്ണവില ഉയർന്നെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായാൽ അസംസ്കൃത എണ്ണ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ബദൽ മാർഗങ്ങൾ സർക്കാർ തേടുന്നുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് തടസവും നേരിട്ടു. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാനമന്ത്രി രാംമോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്.
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. എസ്. നിരഞ്ജൻ റെഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു.
ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിംഗ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
International
ദുബായ്: യുഎഇയില് നിന്നുമുള്ളവര്ക്ക് മൂന്ന് വിമാനത്താവളങ്ങളില്കൂടി വിസാ ഓണ് അറൈവല് സംവിധാനം പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം. ഇതോടെ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളില് കൂടി യുഎഇ പൗരന്മാര്ക്ക് വിസയില്ലാതെ എത്താം
ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്ക്കും പാകിസ്താനില് വേരുള്ളവര്ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡല്ഹി, മുംബൈ, കൊല്ക്കത്ത, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു എന്നിങ്ങനെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിലാണ് നിലവില് യുഎഇ പൗരന്മാര്ക്ക് വിസാ ഓണ് അറൈവല് അനുവദിച്ചിരുന്നത്.
വിമാനത്താവളത്തില്നിന്നു വിസ എടുത്തശേഷം രാജ്യത്തെവിടെയും യാത്ര ചെയ്യാം. 2000 രൂപയാണ് ഓണ് അറൈവല് വിസയ്ക്കുള്ള ഫീസ്. പാസ്പോര്ട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്, ചികിത്സ തുടങ്ങിയവക്കായി വരുന്നവര്ക്കാണ് വിസാ ഓണ് അറൈവല് പ്രധാനമായും ലഭിക്കുക. ഒരു വര്ഷത്തില് എത്ര തവണവേണമെങ്കിലും വിസാ ഓണ് അറൈവല് ലഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.