വാഷിംഗ്ടൺ: പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തി ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കു നേരേയാണ് അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടായത്. ഇതിനു തൊട്ടുപിന്നാലെ ഇറാനോട് ചേർന്നുകിടക്കുന്ന കുവൈറ്റിനു നേരേ വ്യാപകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ഇതോടെ മേഖലയിലെ സുരക്ഷാസാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്.
പ്രാദേശികസംഘർഷങ്ങൾ വൻതോതിൽ വർധിച്ച പശ്ചാത്തലത്തിലാണ് ഇറാനിൽ യുഎസ് നേരിട്ട് വ്യോമാക്രമണം നടത്തിയത്. ഇറാന്റെ സൈനികതാവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമായിരുന്നു ലക്ഷ്യം. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങൾക്ക് മറുപടിയെന്നോണമായിരുന്നു ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി.
അതേസമയം കുവൈറ്റിലുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ വ്യാപകനാശനഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ചർച്ച നിർത്തിവച്ച് ഇറാൻ
അതേസമയം, അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവച്ചതായി ഇറാനിയൻ സർക്കാരുമായി ബന്ധമുള്ള മാധ്യമമായ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ നടപടിയെന്നാണു വിവരം.
ലബനനിൽ ഇസ്രയേൽ ഭരണകൂടത്തിന്റെ ആക്രമണങ്ങൾ തുടരുന്നു. വെടിനിർത്തൽ വ്യവസ്ഥകളിൽ ഉൾപ്പെട്ടതായിരുന്നു ലബനൻ. ഇതുൾപ്പെടെയുള്ള വ്യവസ്ഥകൾ ലംഘിച്ചതു കണക്കിലെടുത്ത് മധ്യസ്ഥർ വഴിയുള്ള ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും നിർത്തിവയ്ക്കുകയാണ്-തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചർച്ച നിർത്തിവയ്ക്കുന്നതു സംബന്ധിച്ച് ഇറാൻ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി.
വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു.