Movies
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Movies
അഖില്‍ സത്യന് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം സര്‍വ്വം മായയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പഴയ നിവിനെ കാണാൻ സാധിച്ചെന്നാണ് വീഡിയോ കണ്ട് ആരാധകർ കുറിക്കുന്നത്.
പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച രൂപത്തിലാണ് നിവിൻ പോളിയെ ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്ന സൂചന വീഡിയോ നല്കുന്നു. ഗൗരവമുള്ള ഭാവത്തിൽ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ വേഷപ്പകർച്ചകൾ സിനിമയിൽ കാണാനാകും.