കോല്‍ക്കത്ത: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ട്രീമിംഗില് സര്‍വകാല റിക്കാര്‍ഡിട്ട് ഇന്ത്യ x വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ട് പോരാട്ടം.
വിന്‍ഡീസ് മുന്നോട്ടുവച്ച 196 റണ്‍സ് എന്ന ലക്ഷ്യം 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണിന്റെ കരുത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ജയിക്കുന്ന ടീം സെമിയിലെത്തുമെന്നതായിരുന്നു ഇന്ത്യ x വിന്‍ഡീസ് പോരാട്ടത്തിന്റെ ഹൈലൈറ്റ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയ 2024 ട്വന്റി-20 ലോകകപ്പ് ഫൈനലായിരുന്നു ഡിജിറ്റല്‍ പ്ലാറ്റ്ഫോം വ്യൂവര്‍ഷിപ്പില്‍ ഇതുവരെ ഒന്നാമത്. 2026 ലോകകപ്പിന് ഇതിനോടകം 2024 എഡിഷനേക്കാള്‍ 56 ശതമാനത്തിന്റെ കാഴ്ച സമയ വര്‍ധന ഉണ്ടായതായി ഐസിസി ഔദ്യോഗികമായി അറിയിച്ചു. 28 ശതമാനം കാണികളുടെ വര്‍ധന ഉണ്ടായതായും ഐസിസി വ്യക്തമാക്കി.
സൂപ്പര്‍ എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ത്തന്നെ 10 ബില്യണ്‍ വ്യൂവര്‍ഷിപ്പാണ് ഐസിസി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്ക്കുണ്ടായത്. 2026 എഡിഷന്റെ സെമി പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കംകുറിക്കുന്നതോടെ, 2024ലെ 16 ബില്യണ്‍ എന്ന റിക്കാര്‍ഡ് തകരുമെന്നുറപ്പ്.